ബിരുദം വിജയിക്കാത്ത വിദ്യാർഥിനിക്ക് എം.എ പ്രവേശനവും സർട്ടിഫിക്കറ്റും നൽകി; കാലടി സംസ്കൃത സർവകലാശാലയിൽ ഗുരുതര ക്രമക്കേട്

കൊച്ചി: ബിരുദ പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർഥിനിക്ക് ബിരുദാനന്തര ബിരുദ കോഴ്‌സിന് പ്രവേശനം നൽകുകയും പഠനം പൂർത്തിയാക്കിയതിനെ തുടർന്ന് എം.എ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും അനുവദിക്കുകയും ചെയ്ത സംഭവത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവാദത്തിൽ.  https://www.malayalamdailynews.com/784612/ സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ പ്രവേശന നടപടികളിലും അക്കാദമിക രേഖകളുടെ പരിശോധനയിലും ഗുരുതര വീഴ്ച സംഭവിച്ചതായാണ് സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2014-17 കാലയളവിൽ സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർഥിനി ബിരുദ പരീക്ഷയിൽ വിജയിച്ചിരുന്നില്ല. എന്നാൽ, ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കാതെ തന്നെ 2017ൽ ഇതേ കേന്ദ്രത്തിൽ എം.എ കോഴ്‌സിന് പ്രവേശനം നേടുകയായിരുന്നു. തുടർന്ന് രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനി 2019ൽ എം.എ പരീക്ഷയിൽ വിജയിക്കുകയും സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റുകയും ചെയ്തു.

എം.എ പ്രവേശനത്തിന് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത വിദ്യാർഥിനി നേടിയിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട അധികൃതർ പരിശോധിച്ചിരുന്നോ എന്നതാണ് സംഭവത്തിൽ ഉയരുന്ന പ്രധാന ചോദ്യം. പ്രവേശന സമയത്തും തുടർന്നുള്ള പരീക്ഷാ രജിസ്‌ട്രേഷൻ ഘട്ടങ്ങളിലും സർട്ടിഫിക്കറ്റ് അനുവദിക്കുന്ന സമയത്തും ഈ അപാകത കണ്ടെത്താനാകാതെ പോയത് സർവകലാശാലയുടെ ഭരണപരവും അക്കാദമികവുമായ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും സംശയങ്ങൾ ഉയർത്തുന്നു.

ബി.എ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാർഥിനി പിന്നീട് സർവകലാശാലയെ സമീപിച്ചപ്പോഴാണ് ബിരുദ പരീക്ഷയിൽ വിജയിച്ചിട്ടില്ലെന്ന വിവരം പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെയാണ് നേരത്തേ അനുവദിച്ച എം.എ പ്രവേശനത്തിന്റെയും ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിന്റെയും സാധുത സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്.

ഇതിനിടെ, 2026 സെപ്റ്റംബറിൽ ബി.എ അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളുടെ പുനർമൂല്യനിർണയത്തിനായി വിദ്യാർഥിനി അപേക്ഷ സമർപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് നേടിയതിന് വർഷങ്ങൾക്കുശേഷമാണ് ബിരുദ പരീക്ഷയിലെ വിഷയങ്ങളുടെ പുനർമൂല്യനിർണയത്തിനായി അപേക്ഷ നൽകിയതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ക്രമക്കേടിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ബിരുദ യോഗ്യത നേടാത്ത വിദ്യാർഥിനിക്ക് ഏത് ചട്ടത്തിന്റെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണ് എം.എ പ്രവേശനം അനുവദിച്ചതെന്ന് വ്യക്തമാക്കാൻ സർവകലാശാലയോട് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവേശന സമയത്ത് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ കൃത്യമായി പരിശോധിച്ചിരുന്നോ, പരീക്ഷാ വിഭാഗവും പ്രാദേശിക കേന്ദ്രവും തമ്മിലുള്ള വിവര കൈമാറ്റത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, ആവശ്യമായ യോഗ്യതയില്ലാതെ നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിന്റെ നിയമസാധുത എന്താണ് തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തുമോ, സമാനമായ ക്രമക്കേടുകൾ മറ്റേതെങ്കിലും പ്രവേശന നടപടികളിൽ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയങ്ങളാണ്.

Leave a Comment

More News