ബഹ്‌റൈൻ: പുകയില ഉൽപ്പന്നമായ ഖൈനി കൈവശം വെച്ചതിന് ബഹ്‌റൈനിൽ അറസ്റ്റിലായ ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ ഡ്രൈവർ 7,200 ബഹ്‌റൈൻ ദിനാർ (ഏകദേശം18 ലക്ഷം രൂപ) പിഴയടച്ച് ജയിൽമോചിതനായി ശനിയാഴ്ച നാട്ടിൽ തിരിച്ചെത്തി.
2026 ഒക്ടോബർ 29-നാണ് ഡ്രൈവറായി ജോലി ചെയ്യുന്നതിനായി സൗരഭ് റായ് മുംബൈയിൽ നിന്ന് ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈൻ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ലഗേജ് പരിശോധനയിൽ പുകയിലയും ചുണ്ണാമ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ബാഗും പിടിച്ചെടുത്ത ഉദ്യോഗസ്ഥർ സൗരഭിനെ ബഹ്‌റൈൻ പോലീസിനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനും (സിഐഡി) കൈമാറി.
18 ദിവസം തന്നെ കസ്റ്റഡിയിൽ പാർപ്പിച്ചതായി സൗരഭ് പറഞ്ഞു. ഏകദേശം 16 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ശീതീകരിച്ച മുറിയിൽ 24 മണിക്കൂർ പാർപ്പിച്ചെന്നും തണുപ്പിൽ നിന്ന് രക്ഷനേടാൻ നേർത്ത ഒരു പുതപ്പ് മാത്രമാണ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ പൗരനായതിനാൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പിഴയടച്ചില്ലെങ്കിൽ 10 മുതൽ 15 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അറിയിച്ചതായും സൗരഭ് പറഞ്ഞു.
സൗരഭിന്റെ മോചനത്തിനായി സഹോദരൻ ഋഷഭ് റായ് ബഹ്‌റൈനിൽ അഭിഭാഷകനെ നിയോഗിക്കുകയും വിദേശകാര്യ മന്ത്രാലയം, പോലീസ്, ആഭ്യന്തര വകുപ്പ് എന്നിവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ കുടുംബത്തിന് 7,200 ബഹ്‌റൈൻ ദിനാർ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 18 ലക്ഷം രൂപ) പിഴയായി അടയ്ക്കേണ്ടി വന്നു. നവംബർ 18-ന് കോടതി സൗരഭിനെ വിട്ടയച്ചു. തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്. നിലവിൽ ടൈഫോയിഡിനും മലേറിയയ്ക്കും ചികിത്സയിലാണ് സൗരഭ്.
സൗരഭ് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയതായി ബുഢൻപൂർ പോലീസ് ഉദ്യോഗസ്ഥൻ വിജയ് സിംഗ് ഗൗർ സ്ഥിരീകരിച്ചു. പ്രാദേശിക പോലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നതിന് സൗരഭിന് ബഹ്‌റൈൻ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
