അർകാൻസയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ബെന്റൺവിൽ, അർകാൻസ: നവംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബെന്റൺവില്ലിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ അശോക് സോമസുന്ദരവും ഇ-ബൈക്ക് യാത്രികനായ ജേക്കബ് സ്റ്റാലിയും മരിച്ചു.  അശോകിനൊപ്പം കാറിലുണ്ടായിരുന്ന ഒൻപതുകാരിയായ മകൾക്കും നാലുവയസ്സുകാരനായ മകനും പരിക്കേറ്റു. മകൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് കുടുംബത്തിനായി ധനസമാഹരണം നടത്തുന്ന സംഘാടകർ അറിയിച്ചു.

എസ്‌ഡബ്ല്യു 14-ാം സ്ട്രീറ്റും ടൺബ്രിഡ്ജ് ഡ്രൈവും ചേരുന്ന കവലയിലാണ് അപകടം. ഹാവിയർ എഡ്ഗാർഡോ റെയസ് ഒറെയാന (22) ഓടിച്ച വാഹനം അമിതവേഗത്തിൽ ചുവപ്പ് സിഗ്നൽ മറികടന്ന് അശോകിന്റെ കാറിൽ നേരിട്ട് ഇടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പോലീസിന് നൽകിയ മൊഴി. ഇടിയുടെ ആഘാതത്തിൽ അശോകിന്റെ കാർ സ്റ്റാലി സഞ്ചരിച്ചിരുന്ന ഇ-ബൈക്കിൽ ഇടിച്ചു. സ്റ്റാലി സംഭവസ്ഥലത്തും അശോക് റോജേഴ്സിലെ മേഴ്സി ആശുപത്രിയിൽ ശനിയാഴ്ച രാത്രിയും മരിച്ചു.

അശോകിന്റെ ഭാര്യ സത്യ ഗോപാലിനെയും മക്കളെയും സഹായിക്കാൻ നോർത്ത്‌വെസ്റ്റ് ആർക്കൻസോ ഇന്ത്യൻ സമൂഹം ഗോഫണ്ട്‌മി വഴി ധനസമാഹരണം ആരംഭിച്ചു. മകളുടെ ചികിത്സയ്ക്കും അന്ത്യകർമങ്ങൾക്കും കുടുംബത്തിന്റെ ജീവിതച്ചെലവുകൾക്കുമായി നാല് ലക്ഷം ഡോളറാണ് ലക്ഷ്യം. നവംബർ 24-ലെ റിപ്പോർട്ട് പ്രകാരം ഏകദേശം 4,000 സംഭാവനകളിലൂടെ 2.95 ലക്ഷം ഡോളറിലധികം സമാഹരിച്ചു. അശോകിന് അന്തിമോപചാരം അർപ്പിക്കാൻ നവംബർ 24 വൈകിട്ട് നാലുമുതൽ ആറുവരെ ഫയറ്റ്വില്ലിലെ നെൽസൺ-ബേർണ ഫ്യൂണറൽ ഹോമിൽ പൊതുദർശനം നിശ്ചയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

https://gofund.me/a98439b54

Leave a Comment

More News