ഗൂഢാലോചനയിൽ ശക്തമായ സംശയമുണ്ടെങ്കിൽ നേരിട്ടുള്ള തെളിവില്ലെന്ന കാരണത്താൽ കുറ്റവിമുക്തനാക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ഗൂഢാലോചനയിൽ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ച് ശക്തമായ സംശയം ഉയർത്തുന്ന സാഹചര്യത്തെളിവുകളുണ്ടെങ്കിൽ, നേരിട്ടുള്ള തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി  വിചാരണയ്ക്കുമുമ്പ് പ്രതിയെ കുറ്റവിമുക്തനാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. അതേസമയം, കേവലമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതിക്കെതിരെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിയുടെ ഭാഗമായി ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചുള്ള അഴിമതിക്കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ കുറ്റവിടുതൽ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ തള്ളിയ പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ രണ്ടാം പ്രതി നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി.

പദ്ധതിയുടെ ഭാഗമായി എട്ട് ഗുണഭോക്താക്കൾക്കായി 200 സെന്റ് ഭൂമി വാങ്ങുന്നതിന് രണ്ടാം പ്രതിക്ക് 77 ലക്ഷം രൂപ നൽകിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ, രേഖകളിൽ സൂചിപ്പിച്ചിരുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഭൂമിയാണ് ലഭ്യമായിരുന്നതെന്നും വഴിക്കായി മാറ്റിവെച്ച സ്ഥലത്തിനും വില നൽകിയതിലൂടെ സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നുമാണ് ആരോപണം.

ഭൂമിയുടെ യഥാർഥ വിസ്തീർണം, വഴിക്കായി മാറ്റിവെച്ച സ്ഥലം എന്നിവ സംബന്ധിച്ച സാക്ഷിമൊഴികളും കേസിലെ മറ്റു സാഹചര്യങ്ങളും പരിശോധിച്ച കോടതി, ആരോപിക്കപ്പെടുന്ന ഗൂഢാലോചനയിൽ രണ്ടാം പ്രതിയുടെ പങ്കാളിത്തത്തെക്കുറിച്ച് ശക്തമായ സംശയം ഉയർത്തുന്ന ഘടകങ്ങളുണ്ടെന്ന് വിലയിരുത്തി.

ഗൂഢാലോചന രഹസ്യമായി നടക്കുന്നതിനാൽ പലപ്പോഴും നേരിട്ടുള്ള തെളിവുകൾ ലഭ്യമാകണമെന്നില്ല. ഇത്തരം കേസുകളിൽ സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൂഢാലോചനയിൽ പ്രതികളുടെ പങ്കാളിത്തം പരിശോധിക്കപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റവിടുതൽ അപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പ്രതിയുടെ കുറ്റം സംശയാതീതമായി തെളിയിക്കേണ്ടതില്ല. വിചാരണയുമായി മുന്നോട്ടുപോകുന്നതിന് മതിയായ അടിസ്ഥാനമുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. പ്രതിയുടെ നിരപരാധിത്വവാദവും പ്രോസിക്യൂഷൻ ഹാജരാക്കുന്ന തെളിവുകളുടെ വിശ്വാസ്യതയും വിശദമായ വിചാരണയിലൂടെ പരിശോധിക്കേണ്ട വിഷയങ്ങളാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിൽ പ്രതി കുറ്റക്കാരനാണെന്ന അന്തിമ കണ്ടെത്തലല്ല ഈ ഉത്തരവ്. വിചാരണ തുടരുന്നതിനുള്ള മതിയായ സാഹചര്യമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതി ഉത്തരവിനെതിരായ റിവിഷൻ ഹർജി ഹൈക്കോടതി തള്ളിയത്.

Leave a Comment

More News