മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലൈന്‍മെന്റ് മാറ്റി’യെന്ന് തിരുവഞ്ചൂര്‍; സ്ഥലം സൗജന്യമായി നല്‍കാമെന്ന് സജി ചെറിയാന്‍

കോട്ടയം: കെ റെയില്‍ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രംഗത്ത്. മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട് സംരക്ഷിക്കാന്‍ കെ റെയിലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ ആരോപിക്കുന്നത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ വീട് സംരക്ഷിക്കുന്നതിനായി കെ റെയിലിന്റെ അലൈന്‍മെന്റില്‍ അധികൃതര്‍ മാറ്റം വരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ മാപ്പും രണ്ടാമത്തേതും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുളക്കുഴ പഞ്ചായത്തിലെ അലൈന്‍മെന്റിലാണ് തിരുത്തല്‍ വരുത്തിയത്. മന്ത്രി ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പലയിടത്തും സമാന രീതിയില്‍ അലൈന്‍മെന്റ് മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെ റെയില്‍ എംഡി മറുപടി പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തിരുവഞ്ചൂരിന്റേത് രാഷ്ട്രീയമായി വിലകുറഞ്ഞ അഭിപ്രായമാണ്. കെ റെയിലിനായി തന്റെ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാന്‍ തയാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News