സർവലോക പാസ്റ്റർ പരാഹ്ന ഭുക്കുകൾക്കും, സംഘടിത മത-ശാസ്ത്ര-സാമൂഹ്യ ചൂഷകർക്കും ഒരു തുറന്ന കത്ത്

അല്ലയോ മഹാനു ഭാവന്മാരേ,

പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാന ഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ !

അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന് ഉറങ്ങാൻ കിടന്നതും, അവസാനിക്കാതെ നിന്ന ലോകത്ത് പിറ്റേദിവസം രാവിലെ ചായ കുടിക്കാൻ കാശില്ലാതെ വട്ടം ചുറ്റിയതുമൊക്കെ പഴയ കാല ലോകാവസാന പ്രവചനങ്ങളുടെ പരിണിത ഫലം.

അമ്മച്ചിയാണേ രണ്ടായിരാമാണ്ടിൽ ലോകം അവസാനിക്കുമെന്നായിരുന്നു പള്ളിക്കാരും പാസ്റ്റർമാരും തലയറഞ്ഞു കരഞ്ഞു കൊണ്ടിരുന്നത്. നിങ്ങളുടെ തള്ളുകൾക്കു താങ്ങലുകളുമായി എന്ത് വന്നാലും ഞങ്ങളുംകൂടെയുണ്ട് എന്ന് ‘ വൈ.ടു.കെ ‘ ഭീഷണികളുമായി നമ്മുടെ ശാസ്ത്ര ഖലാസികൾ. മില്ലേനിയപ്പിറപ്പോടെ ഗ്യാസ്പൈപ്പിലൂടെ വെള്ളം ചീറ്റുമെന്നും, വാട്ടർ പൈപ്പിലൂടെ തീ പടരുമെന്നും ഒക്കെ കേട്ട് നമ്മൾ ഭയന്ന് പോയെങ്കിലുംഒന്നും സംഭവിച്ചില്ല. മില്ലേനിയപ്പുലരിയുടെ ശുഭ്ര നീലാകാശം പുലരിപ്പൂം പൈതലിന്റെ പിച്ചക്കാലടികളിൽകോരിത്തരിച്ചു നിൽക്കുമ്പോൾ പ്രപഞ്ച ബോധാവസ്ഥ എന്ന ദൈവീക സംവിധാനത്തിന്റെ ആഴമറിയാൻസാധിക്കാതെ, ഏതോ കാലത്ത് ആരോ എഴുതിയ പുസ്തകങ്ങളുടെ പേരിൽ എന്തൊക്കെയോ പുലമ്പുകയാണ്നമ്മുടെ കപട തീയോളജിയുടെ ഗുണ്ടാപ്പിരിവുകാർ.

ഇപ്പോൾ യുക്രയിനിലെ റഷ്യൻ അധിനിവേശത്തോടെ പാസ്റ്റർമാരുടെ ചാകരക്കാലം വീണ്ടും വന്നു. ആർക്കും കേറി നിരങ്ങാവുന്ന ചാനൽ മുഖവുമായി യു ട്യൂബും രംഗത്തെത്തിയതോടെ കുശാലെ, കുശാൽ. പഴയ ഗണകന്മാരുടെ പണിയാണ് ഇപ്പോൾ പാസ്റ്റർമാരുടെയും, ചില കത്തോലിക്കാ സ്ത്രൈണ വദനകത്തനാരന്മാരുടെയും തള്ളൽ പ്രവചനങ്ങൾ. ഗണകൻ കവടി നിരത്തും പോലെയാണ് ഇക്കൂട്ടരുടെ വാക്യ കവടിനിരത്തുകൾ. എന്നിട്ട് കണ്ണടച്ച് ഒറ്റ പ്രഖ്യാപനമാണ് : മുപ്പത്തൊന്നാം തീയതി രാത്രി മൂന്ന് മണി കഴിഞ്ഞ് മുക്കാൽ നാഴിക മൂന്ന് വിനാഴികക്ക് കർത്താവ് വരും. പോകാൻ റെഡിയായി ഇരുന്നു കൊള്ളണം. (കഷ്ടം, ഇതറിഞ്ഞിരുന്നെങ്കിൽ സ്കയർ ഫീറ്റിന് ഇരുന്നൂറ് ഡോളർ വില വരുന്നതും നൂറ്റാണ്ടുകൾ കേടു കൂടാതെ പഴക്കം നിൽക്കുന്നതുമായ ബ്രസീലിയൻ ഗ്രാനൈറ്റ് കൊണ്ട് ഈയിടെ ശൗചാലയം പുതുക്കി പണിയേണ്ടിയിരുന്നില്ല എന്ന് റാഹേലമ്മ സഹോദരിയുടെ ആത്മഗതം ഹാലേലുയ്യകളിൽ മുങ്ങിപ്പോകുന്നു. )

ഇവന്മാരുടെ പറച്ചിൽ കേട്ടാൽ മനുഷ്യനെ ദ്രോഹിക്കാനായി കൊട്ടേഷൻ ഏറ്റെടുത്ത ഗുണ്ടാത്തലവൻ ആണ്ദൈവം എന്ന് തോന്നും. പ്രപഞ്ച മഹാ സാഗരത്തിലെ, അളവില്ലാത്ത അതിന്റെ ജല ശേഖരത്തിലെ ഒരു തുള്ളിപോലുമില്ലാ ഇവന്റെ ഭൂമി. അതിൽ എവിടെ എന്ത് എന്ന് പോലുമറിയാത്ത ഒരവസ്ഥയിൽ ഇരുന്നു കൊണ്ടാണ് ഈകവടി നിർത്തൽ. കേട്ട് കൂവാൻ കുറെ കഴുതകളും.

അതിനിടയിലാണ് അമേരിക്കൻ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പുട്ടടിക്കുന്ന നാസയുടെ ചില തട്ടിവിടലുകൾ. കുറേ ചിന്ന ഗ്രഹങ്ങൾ ഭൂമിക്കു വെളിയിൽ കറങ്ങുന്നുണ്ടത്രേ! ഇവന്മാർ വഴിതെറ്റി വന്ന് ഭൂമിയെ ഇടിക്കും, ഇടിച്ചു തകർക്കും, ഇന്നിടിക്കും, നാളെയിടിക്കും, മറ്റന്നാൾ ഇടിക്കും എന്നിങ്ങനെയാണ് ഭീഷണികൾ. ഇവകൾക്കെല്ലാമൊപ്പം കഴിഞ്ഞ അഞ്ഞൂറ് കോടി കൊല്ലങ്ങളായി നമ്മുടെ സൗര സംവിധാനം നിലനിൽക്കുകയായിരുന്നുവെന്നും, ഇനിയൊരു നാനൂറ്റി അൻപത് കോടി കൊല്ലങ്ങൾ കൂടി ഷൈൻ ചെയ്തുനിൽക്കാനുള്ള ഇന്ധനം കൈവശമുണ്ടെന്ന് ആണയിടുകയും ചെയ്യുന്ന ശാസ്ത്ര സമൂഹമാണ് നാളെ ഉൽക്കവന്നിടിച്ച് ഭൂമി തകരും എന്ന് കരയുന്നത്.

(കഴിഞ്ഞ അഞ്ഞൂറോ, അതിലധികമോ കോടി കൊല്ലങ്ങളായി ഈ പറയുന്ന കുള്ളൻ ഗ്രഹങ്ങൾ ഭൂമിക്ക് പുറത്ത് ഉണ്ടായിരുന്നില്ലേ എന്നും, അവയൊന്നും ഇടിക്കാൻ വന്നില്ലല്ലോ ചേട്ടന്മാരെ എന്നും നമ്മൾ ചോദിച്ചു പോയാൽ തെറ്റി. പിന്നെ ഭത്സനമാണ്. അപരിഷ്കൃതൻ, അന്ധവിശ്വാസി, അജ്ഞൻ, കഴുത എന്നിങ്ങനെ. മെക്സിക്കോയിലെ യത്തിക്കാൻ താഴ്‌വരയിൽ പണ്ട് വന്നിടിക്കുകയും, ദിനോസറുകൾ ഉൾപ്പടെയുള്ള ജീവി വർഗ്ഗങ്ങളിൽ തൊണ്ണൂറു ശതമാശനവും ചത്തു മലച്ചതുമായ ഒരു കഥ വിശദമായി പറഞ്ഞു തരികയും ചെയ്യും നമ്മുടെ ചേട്ടന്മാർ.)

പറയുമ്പോൾ എല്ലാവരും ഭയങ്കര ദൈവ വിശ്വാസികൾ. കർത്താവിന്റെ സ്വന്തം അളിയന്മാർ. അടുത്ത ആഴ്ചയിൽ കർത്താവ് വരുമ്പോൾ പോകാൻ റെഡിയായി ഇരിക്കുമ്പോളും പിള്ളാരെ ഉന്നത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പത്ത് വർഷം വരെ നീളാവുന്ന പ്രൊഫഷണൽ കോഴ്സുകൾക്ക് ഫീസടച്ചു് കാത്തിരിക്കുന്നവർ. വീട്ടിലെ ശൗചാലയം നൂറ്റാണ്ടുകൾ പിന്നിടുന്ന മെറ്റിരിയലുകളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നവർ. ആരോ എഴുതി വച്ച അക്ഷരങ്ങളിൽ കടിച്ചുതൂങ്ങി, അതിന് സ്വന്തം താൽപ്പര്യങ്ങൾക്ക് ചേരുന്ന വ്യാഖ്യാനങ്ങൾ ചാർത്തി അതും പൊക്കിപ്പിടിച്ച് പ്രസംഗമാണ്, തമ്പേർ അടിച്ചു പൊട്ടിക്കുകയാണ്, സ്വർഗ്ഗത്തിന്റെ ലക്ഷ്വറി ഡബിൾ റൂം മുൻ‌കൂർ റിസർവ് ചെയ്ത് കൊടുത്ത് കമ്മീഷൻ കൈപ്പറ്റുകയാണ്.

പൊന്നു ചേട്ടന്മാരെ ഒന്ന് നിർത്താമോ? ‘തിത്തിത്തേയ് എന്നൊരു കൊച്ചരിവാൾ ’ എന്ന പോലെ യാതൊരു ചിന്തയുമില്ലാതെ ഉണ്ടായതല്ല ഈ പ്രപഞ്ചം. ഇതിനു പിന്നിൽ സമൂർത്തമായ ഒരു ചിന്താ പദ്ധതി ഉണ്ടായിരിക്കണം, ഉണ്ട്. അത് മനസിലാക്കാൻ പാവം മനുഷ്യന്റെ തലച്ചോറിലെ ചിന്താ ശേഷിയുള്ള ഇരുന്നൂറ്ഗ്രാം പോരാ എന്ന് ഇനിയെങ്കിലും നാം മനസിലാക്കണം. ബിഗ് ബാംഗ് ആണ് പ്രപഞ്ച കാരണം എന്ന് തലയറഞ്ഞ്പറയുന്ന ശാസ്ത്രം പോലും അതിനും മുൻപുള്ള ചില സംവിധാനങ്ങളെപ്പറ്റി ഇന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരുപ്ലാങ്ക് എപ്പോക്ക്, ചിന്താതീതമായ ഒരു ചൂട് എന്നിങ്ങനെ, എന്നിങ്ങനെ ചിലതൊക്കെ.

ആകർഷണങ്ങളുടെ മാത്രമല്ലാ, വികർഷണങ്ങളുടെയും അജ്ഞേയമായ ഒരു ബലാ ബലത്തിലാണ് ഈ പ്രപഞ്ചവസ്‌തുക്കൾ ചലിച്ചു കൊണ്ടിരിക്കുന്നത്. ഡ്വാർഫ് പ്ലാനറ്റുകൾക്കും മറ്റുള്ളവയെപ്പോലെ അതിന്റേതായ സഞ്ചാരപാതയുണ്ട്. ആരുടെയെങ്കിലും തലയിൽ ഇടിച്ചിറങ്ങാൻ പാകത്തിനല്ല അതിന്റെ സംവിധാനം. അതിനെ അതിന്റെ വഴിക്ക് വിടാവുന്നതേയുള്ളു. പക്ഷെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും തട്ടിവിടലുകൾ നടത്തിയില്ലെങ്കിൽ പിന്നെന്ത്ശാസ്ത്രം ? പുട്ടടിക്കുന്നതിനും വേണമല്ലോ ഒരു ന്യായീകരണം ?

അഥവാ നമ്മൾ എത്ര ശ്രമിച്ചാലും ആ വഴിയിൽ ഒരു മാറ്റം അസാധ്യമാണ് എന്ന് ചിന്തിക്കാൻ വെറും സാമാന്യ ബുദ്ധി മാത്രം മതി എന്നിരിക്കെ പിന്നെന്തിനാണ് ഈ കോപ്രായങ്ങൾ ? മനുഷ്യനെ ഭയപ്പെടുത്തി രക്ഷകൻ ചമഞ്ഞ് അവന്റെ പോക്കറ്റിൽ കയ്യിടുവാനോ ? പിന്നെ മേലനങ്ങി ജോലി ചെയ്യാതെ ഉന്നത പ്രതിഫലവും, വമ്പിച്ച സാമൂഹ്യ റെസ്പെക്റ്റും കൈപ്പറ്റുന്നവർക്ക് സ്വന്തം നിലനിൽപ്പ് ഉറപ്പ് വരുത്തുന്നതിനുള്ള വ്യഗ്രത – അത്ഞങ്ങൾക്കും മനസ്സിലാവും !

മറുവശത്ത് ഇതേ നിലനിൽപ്പിന്റെ വെല്ലുവിളിയാണ് കത്തനാർമാരും, പാസ്റ്റർമാരും നേരിടുന്നത്. നിഷ്‌ക്കളങ്കനായ അനുയായിയെ കുറ്റം അഥവാ പാപം ചെയ്യുന്നവനായി ചിത്രീകരിച്ച് അവനിൽ കുറ്റബോധം വളർത്തുക, ഈ കുറ്റബോധം നിമിത്തമായി അവനിൽ ഭയം സൃഷ്ടിക്കിക്കുക, ഈ ഭയത്തിന് പരിഹാരം തേടി അവനെ പള്ളിയിലെത്തിക്കുക, അവന്റെ പോക്കറ്റിൽ സൗമ്യമായി കയ്യിട്ട് സ്വന്തം അപ്പം കണ്ടെത്തുക.

എല്ലാ കപട വേഷക്കാരുടെയും എന്നത്തേയും തുറുപ്പ് ചീട്ടാണ് ലോകാവസാനം. അത് വച്ച് വെട്ടി വീഴ്ത്തുകയാണ്. കള്ളക്കഥകൾ മെനഞ്ഞ്‌ കാശുണ്ടാക്കുകയാണ്. പുസ്തകം അരിച്ചു പെറുക്കി കവടി നിരത്തുകയാണ്‌. വാക്യങ്ങളെ വ്യാഖ്യാനങ്ങൾ കൊണ്ട് കൊന്നു തള്ളുകയാണ്.

ചങ്ങാതിമാരേ, നിങ്ങൾ ഉണ്ടാക്കിയതല്ലാ ഈ ഭൂമിയും അതുൾക്കൊള്ളുന്ന പ്രപഞ്ചവും. അത് കൊണ്ട് തന്നെ ഇതിന്റെ അവസാനത്തെക്കുറിച്ച്‌ പറയാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഇവിടെ വിളയുന്നതും ഞണ്ണിനൂറ് വർഷക്കാലം താമസിച്ചിട്ട് വിട്ടു പോ. അതേയുള്ളു നിങ്ങൾക്ക് ചെയ്യാൻ.

ഇതിനിടയിൽ നിങ്ങൾക്ക് ചെയ്യാവുന്നതായി ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നു. പത്തു പുത്തൻ ഉണ്ടാക്കാനുള്ള തിരക്കിൽ നിങ്ങൾ മറന്നു പോയ കാര്യങ്ങൾ. ഇത്ര സുന്ദരമായി ഈ ഭൂമി സൃഷ്‌ടിച്ച ദൈവം ഒരു നാളും ഇത് നശിപ്പിക്കില്ലാ എന്നതാണ് നിങ്ങൾ അറിയേണ്ടുന്ന ആദ്യ സത്യം. അങ്ങിനെ അവസാനിപ്പിക്കാൻ വേണ്ടിയല്ല ഇതിന്റെ ശില്പി ഇത് ഉണ്ടാക്കിയിട്ടുള്ളത് എന്ന നിത്യ സത്യം.

പരമമായ ദൈവ സ്നേഹം തന്റെ അരുമയായ മനുഷ്യ പൈതലിന് വേണ്ടി അതിശ്രദ്ധയോടെ ഞാത്തിയിട്ട പിള്ളത്തൊട്ടിൽ – അതാണ് ഈ ഭൂമി. അത്യതിശയകരമായി ജീവന്റെ തുടിപ്പുകൾ അനവരതം സ്പന്ദിക്കുന്ന ഈ വർണ്ണപ്പക്ഷി യുഗ യുഗാന്തരങ്ങളോളം നമ്മുടെ തലമുറകൾക്ക് ചൂടും, ചൂരും പകർന്നു കൊണ്ട് ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും.

നിങ്ങൾ തൊണ്ട കീറി മുദ്രാവാക്യം വിളിച്ച് അധികാരത്തിലേറ്റിയ നിങ്ങളുടെ ബിഗ്‌ബോസുകൾക്ക് ഒരുപക്ഷെ ഭാഗികമായി ഇതിനെ ചുട്ടുകൊല്ലാൻ സാധിച്ചേക്കാം. ഹിരോഷിമയിലും, നാഗസാക്കിയിലുമൊക്കെ അവരത് തെളിയിച്ചു കഴിഞ്ഞതുമാണല്ലോ? അതിനുള്ള ആയുധങ്ങൾ അവർ സംഭരിച്ചു വച്ചിട്ടുണ്ട്. അവരെ തടയുകയാണ്‌ നിങ്ങളുടെ പ്രാഥമിക ചുമതല. അതിനായി ഏതറ്റം വരെയും പോകുവാൻ നിങ്ങൾക്ക് കഴിയണം. നിങ്ങളുടെ നെഞ്ചിൻ കൂടിനു നേരേ അവരുടെ പീഠനങ്ങൾ നീണ്ടു വന്നേക്കാം. നിങ്ങളെ പകരം നൽകിക്കൊണ്ട് നിങ്ങളുടെ ലോകത്തെ നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയുമ്പോൾ ക്രിസ്തുവിന്റെ കുരിശ് നിങ്ങളും ഏറ്റു വാങ്ങി എന്ന ആശ്വാസത്തോടെ നിങ്ങൾക്ക് മരിക്കാം.

പ്രിയ സുഹൃത്തുക്കളെ, ഇവിടെ അവസാനിക്കാൻ പോകുന്നത് തിന്മയാണ്. തിന്മയുടെ ലോകമാണ്. തിന്മയുടെ ലോകം അവസാനിക്കുന്നതോടെ നന്മ എന്ന സ്വർഗ്ഗീയ അനുഭവം ഭൂമിയിൽ വരും. നിന്റെ രാജ്യം വരേണമേ എന്ന യേശുവിന്റെ സ്വപ്നം യാഥാർഥ്യമാകും. മണ്ണ് വിണ്ണായി മാറും.

ലോകാവസാനത്തിന്റെ ഓലപ്പാമ്പ് കാട്ടി ഇനിയും ഞങ്ങളെ ഭയപ്പെടുത്തരുത്. നിങ്ങൾക്ക് ജീവിക്കണമെങ്കിൽവേറെ പണി അന്വേഷിക്കണം. വിയർപ്പൊഴുക്കി അപ്പം സമ്പാദിക്കണം. ഓ സോറി ഒരു പ്രധാന കാര്യം മറന്നു. വിയർപ്പൊഴുക്കാതെ അപ്പം സമ്പാദിക്കാനാണല്ലോ നിങ്ങൾ ഈ വേഷം എടുത്തണിഞ്ഞത് എന്ന പ്രധാന കാര്യം. ഓക്കേ! തുടർന്നോളൂ, തുടർന്നോളൂ !

Print Friendly, PDF & Email

Leave a Comment

More News