മഥുരയിലെ ജനങ്ങൾ വർഷങ്ങളായുള്ള ഭീതിയ്ക്കും, ഭയത്തിനും പീഡനത്തിനും ഒടുവിൽ ഒരു ആശ്വാസം ലഭിച്ച ദിവസമായിരുന്നു അന്ന്. കംസന്റെ അധർമ്മ ഭരണത്തിന് ശ്രീകൃഷ്ണൻ വിരാമമിട്ടിരിയ്ക്കുന്നു. എന്നാൽ ആ വിജയം ഒരു പുതിയ ശത്രുവിന്റെ ഉദയത്തിനും കാരണമായി. കംസന്റെ ഭാര്യമാരായ ‘അസ്തിയും പ്രാപ്തിയും’ മഗധരാജാവായ ജരാസന്ധന്റെ പുത്രിമാരായിരുന്നു. ഭർത്താവിന്റെ മരണവാർത്ത കേട്ട് അവർ കണ്ണീരോടെ പിതാവ് ജരാസന്ധന്റെ സന്നിധിയിലെത്തി.
വൃഷ്ണി വംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീ കൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും, മാതാവ് പത്മാവതിയെയും തുറുങ്കലിൽ അടച്ചു രാജ്യാവകാശം പിടിച്ചടക്കിയ ഗാന്ധർവനൽ ജനിച്ച പുത്രൻ.
“അച്ഛാ… കൃഷ്ണൻ നമ്മുടെ ഭർത്താവിനെ വധിച്ചു.” അവർ വിലപിച്ചു…
ആ വിലാപം ഒരു കാട്ടുതീ പോലെയാണ് ആളിപടർന്നത്, ആ വാക്കുകൾ കേട്ട നിമിഷം ജരാസന്ധന്റെ കണ്ണുകൾ അഗ്നിപർവ്വതം പോലെ ജ്വലിച്ചു. പ്രതികാരത്തിന്റെ തീ അവന്റെ ഹൃദയത്തിൽ ആളിക്കത്തി.
“യാദവരുടെ ആ ഇടയബാലൻ എന്റെ കുടുംബത്തെ അപമാനിച്ചോ? കൃഷ്ണൻ ജീവിച്ചിരിക്കുന്നിടത്തോളം ജരാസന്ധന് വിശ്രമമില്ല.” കംസനെ വധിച്ച ശ്രീകൃഷ്ണന് നേരെ പാട നയിയ്ക്കാൻ ജരാസന്ധൻ ചാടി പുറപ്പെട്ടു.
ശ്രീകൃഷ്ണ വധത്തിനായി പ്രതിജ്ഞയെടുത്ത കംസൻ ഇരുപത്തിമൂന്ന് അക്ഷൗഹിണി സൈന്യത്തെ അണിനിരത്തി മഥുരയിലേക്ക് കുതിച്ചു. ആനകളുടെ ചവിട്ടേറ്റു ഭൂമി കുലുങ്ങി വിറച്ചു. രഥങ്ങളുടെ ചക്രങ്ങൾ പൊടിക്കാറ്റുയർത്തി. യുദ്ധഭേരികൾ ആകാശം നടുക്കി. ഇടി മിന്നൽ പിണറുകൾ പ്രകൃതിയെ ഭയചകിതരാക്കി.
കംസന്റെ ആക്രമണത്തെ നേരിടുവാൻ തയ്യാറായി മഥുരയുടെ കവാടത്തിൽ ശ്രീകൃഷ്ണനും ബലരാമനും നിന്നു. ബലരാമന്റെ കൈയിൽ ഹലം (കലപ്പ). കൃഷ്ണന്റെ കൈയിൽ ശാർങ്ഗവും സുദർശനത്തിന്റെ ദീപ്തിയും. യുദ്ധം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ജരാസന്ധന്റെ മഹാസൈന്യം തകർന്നുവീണു. ജീവനോടെ അവശേഷിച്ചവർ ഓടി രക്ഷപ്പെട്ടു. ജരാസന്ധനും പരാജിതനായി കൃഷ്ണന്റെ മുന്നിൽ അടിയറവ് പറഞ്ഞു.
ബലരാമൻ കരുതി… ഇന്ന് എല്ലാം അവസാനിക്കും. ശ്രീകൃഷ്ണൻ ജരാസന്ധനെ ഇന്ന് കാലപുരിയ്ക്കു അയയ്ക്കും.
എന്നാൽ കൃഷ്ണൻ ജരാസന്ധനെ നോക്കി ശാന്തമായി പറഞ്ഞു:
“പോ… ഇന്നത്തേക്ക് നീ പോ,.. ഇനി എങ്കിലും നീ നന്നായി ജീവിക്കൂ’….
ജരാസന്ധൻ അപമാനിതനായി പടക്കളത്തിൽ നിന്നും മടങ്ങി.
കുറച്ചു നാളുകൾക്കകം അവൻ വീണ്ടും വന്നു. വീണ്ടും തോറ്റു. വീണ്ടും ജീവനോടെ മടങ്ങി.
അങ്ങനെ ഒരു തവണയല്ല…രണ്ടു തവണയല്ല… പതിനേഴു പ്രാവശ്യം ജരാസന്ധൻ മഥുരയിലേക്ക് പടനയിച്ചു.
ഓരോ യുദ്ധത്തിലും ആയിരക്കണക്കിന് സൈനികർ വീണു. അനവധി രഥങ്ങളും ആനകളും കുതിരകളും നശിച്ചു. എന്നാൽ അഹങ്കാരിയും,എടുത്തുചാട്ടക്കാരനുമായ ജരാസന്ധന്റെ ജീവന് മാത്രം കൃഷ്ണൻ സ്പർശിച്ചില്ല.
പതിനേഴാമത്തെ യുദ്ധം കഴിഞ്ഞ സന്ധ്യയിൽ യുദ്ധഭൂമിയിൽ നിശ്ശബ്ദത പരന്നിരുന്നു. പൊട്ടിത്തെറിച്ച രഥങ്ങൾ, ചിതറിക്കിടക്കുന്ന ആയുധങ്ങൾ, പരിക്കേറ്റ സേനാനായകന്മാരും,കാലാൾപ്പടയും,ആനകൾ, രക്തം പുരണ്ട മണ്ണ് എങ്ങും യുദ്ധത്തിന്റെ ഭീകരത തളം കെട്ടി നിന്നു.
ബലരാമൻ മൗനമായി, സങ്കടത്തോടെ ശ്രീകൃഷ്ണന്റെ അരികിലെത്തി.
“കൃഷ്ണാ, എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല.അതിനു ഉത്തരം നൽകിയാലും ”
കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“എന്താണ്, ജേഷ്ഠാ …. അങ്ങ് അരുളിച്യ്താലും ?”
“ഈ ജരാസന്ധനെ കൊല്ലാൻ നിനക്ക് ഒരു നിമിഷം മതിയല്ലോ. പിന്നെ എന്തിനാണ് ഓരോ തവണയും അവനെ വിട്ടയക്കുന്നത്? അവൻ വീണ്ടും സൈന്യം ശേഖരിച്ച് വരുന്നു. വീണ്ടും നമ്മോടു യുദ്ധം ചെയ്യുന്നു. വീണ്ടും നാശം വിതയ്ച്ചു പരാജയപ്പെടുന്നു. അവനെ ജീവനോടെ മടക്കി അയയ്ക്കുന്നു. എന്തിനാണ് ഇതെല്ലാം?”
കൃഷ്ണൻ ദൂരേക്ക് നോക്കി. അസ്തമയ സൂര്യന്റെ ചുവപ്പ് യുദ്ധഭൂമിയിൽ വീണുകിടക്കുകയായിരുന്നു. എങ്ങും നിശബ്ദത.
“ചേട്ടാ,” അദ്ദേഹം പതുക്കെ പറഞ്ഞു, “ഒരു രാജാവിനെ കൊല്ലുക വളരെ എളുപ്പമാണ്. പക്ഷേ ഒരു യുഗത്തിന്റെ അധർമ്മത്തെ അവസാനിപ്പിക്കാൻ ചിലപ്പോൾ അവനെ ജീവനോടെ വിടേണ്ടിവരും.”
ബലരാമൻ അത്ഭുതത്തോടെ കൃഷ്ണനെ നോക്കി.
കൃഷ്ണൻ തുടർന്നു….
“ജരാസന്ധൻ ഒറ്റയ്ക്കല്ല വരുന്നത്. ഭൂമിക്ക് ഭാരമായ അനേകം അധർമ്മരാജാക്കന്മാരെ അവൻ തന്റെ പതാകയ്ക്കു കീഴിൽ ഒന്നിപ്പിച്ചാണ് നമ്മോടു പൊരുതുവാൻ വരുന്നത്. ഓരോ തവണയും അവൻ പുതിയ സൈന്യവുമായി എത്തുന്നു. അവർ എല്ലാവരും ഒരുമിച്ചു ഒരു പോർക്കളത്തിൽ എത്തുമ്പോൾ, അവരുടെ ശക്തി ഇവിടെത്തന്നെ നശിക്കുന്നു. ദുഷ്ടന്മാരെയും,അധാർമ്മികരെയും കൊണ്ടുള്ള ഭൂമിയുടെ കുറയുന്നു.”
അൽപനേരം മൗനമായിരുന്ന ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു.
“ഞാൻ ഇന്നവനെ ഒറ്റയടിയ്ക്കു കൊല്ലുകയാണെങ്കിൽ എന്തു സംഭവിക്കും എന്നറിയാമോ? അവന്റെ കീഴിലുള്ള അധാർമ്മികരായ രാജാക്കന്മാർ ഓരോരുത്തരും ഓരോ രാജ്യങ്ങളിലേക്ക് ചിതറിപ്പോകും. പിന്നെ അധർമ്മം നൂറു ദിക്കുകളിലായി വളരും. എന്നാൽ അവൻ ജീവിച്ചിരിക്കുമ്പോൾ അവർ എല്ലാവരും വീണ്ടും അവന്റെ അടുക്കൽ വരും. അവൻ അവരെ കൂട്ടി നമ്മോടു യുദ്ധം ചെയ്യുവാൻ വരും. അപ്പോൾ അവരെ ഒരുമിച്ച് നമുക്ക് നേരിടാൻനും, തോല്പിയ്ക്കുവാനും കഴിയും.
ബലരാമൻ പതുക്കെ തലകുലുക്കി.
“പക്ഷേ അതുമാത്രമാണോ കാരണം?”
ഭഗവാൻ ശ്രീ കൃഷ്ണൻ മന്ദഹസിച്ചു.
“അല്ല. ജേഷ്ഠാ ”
“പിന്നെ?”
“ജരാസന്ധന്റെ മരണം എന്റെ കൈകളാൽ എഴുതപ്പെട്ടിട്ടില്ല.”
ബലരാമന്റെ മുഖത്ത് അത്ഭുതം നിറഞ്ഞു.
“അപ്പോൾ ആരുടെ കൈകളിലാണ് അവന്റെ മരണം ?”
“ഭീമന്റെ.”
“ഭീമന്റെയോ?”
“അതെ. ഓരോ മനുഷ്യനും ഈ ലോകത്ത് ഒരു നിയോഗമുണ്ട്. ജരാസന്ധനെ വധിക്കാനുള്ള നിയോഗം ഭീമനാണ്. ആ ഒരു സംഭവം നടക്കാതെ യുധിഷ്ഠിരന്റെ രാജസൂയ യാഗം പൂർത്തിയാകില്ല. തടവിലാക്കപ്പെട്ട രാജാക്കന്മാർ മോചിതരാകില്ല. ധർമ്മത്തിന്റെ അടുത്ത അധ്യായം ആരംഭിക്കുകയുമില്ല. അതുകൊണ്ട് അവന്റെ വിധിയ്ക്കപ്പെട്ട സമയം തികയുന്നതുവരെ ജരാസന്ധൻ ജീവിച്ചിരിക്കണം. അതാണ് നിയോഗം ”
ബലരാമൻ ആ വാക്കുകൾ കേട്ട് മൗനമായി ശ്രീകൃഷ്ണന്റെ മുഖത്തേയ്ക്കു നോക്കി.
അനേകം വർഷങ്ങൾക്കുശേഷം യുധിഷ്ഠിരൻ രാജസൂയ യാഗം നടത്താൻ തീരുമാനിച്ചപ്പോൾ ഏറ്റവും വലിയ തടസ്സമായി നിന്നത് ജരാസന്ധനായിരുന്നു. അനേകം രാജാക്കന്മാരെ പിടികൂടി തടവിലാക്കി നരബലിക്കായി അവൻ സൂക്ഷിച്ചിരുന്നു. അപ്പോൾ ശ്രീകൃഷ്ണൻ ഭീമനെയും അർജുനനെയും കൂട്ടി ബ്രാഹ്മണരുടെ വേഷത്തിൽ മഗധയിലെത്തി. ജരാസന്ധൻ അവരെ ആദരവോടെ സ്വീകരിച്ചു. അവരുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലായപ്പോൾ അദ്ദേഹം മല്ലയുദ്ധത്തിന് സമ്മതിച്ചു.
ഭീമനും ജരാസന്ധനും തമ്മിലുള്ള പോരാട്ടം തുടങ്ങി.
27 ദിവസം നീണ്ടുനിന്ന ഗദ യുദ്ധത്തിലും, മല്ല യുദ്ധത്തിലും അവൻ പരാജയപ്പെട്ടു. രണ്ടു മഹാ പർവ്വതങ്ങൾ കൂട്ടിയിടിക്കുന്നതു പോലെയായിരുന്നു ആ മല്ലയുദ്ധം. ആർക്കും വിജയം നേടാനായില്ല. ജരാസന്ധന്റെ ജന്മരഹസ്യം ശ്രീകൃഷ്ണനു അറിയാമായിരുന്നു. ജനിച്ചപ്പോൾ ശരീരത്തിന്റെ രണ്ട് ഭാഗങ്ങളായി ജനിച്ച കുഞ്ഞിനെ ‘ജര’ എന്ന സ്ത്രീ ചേർത്തുവെച്ചാണ് അവൻ ജീവൻ നേടിയത്. അതിനാൽ സാധാരണ രീതിയിൽ അവനെ കൊല്ലാൻ കഴിയില്ലായിരുന്നു.
യുദ്ധം തുടരുന്നതിനിടെ കൃഷ്ണൻ സമീപത്തുണ്ടായിരുന്ന ഒരു ചെറിയ ചില്ല രണ്ടായി പിളർത്തി, ആ രണ്ട് ഭാഗങ്ങളും പരസ്പരം വിരുദ്ധദിശകളിലേക്ക് എറിഞ്ഞു.
കൃഷ്ണന്റെ സൂചന ഭീമന് മനസ്സിലായി.
അദ്ദേഹം ജരാസന്ധനെ പിടിച്ചുയർത്തി, ശരീരം രണ്ടായി പിളർത്തി, ആ രണ്ട് ഭാഗങ്ങളും വിരുദ്ധദിശകളിലേക്ക് ശക്തിയായി എറിഞ്ഞു.
ഇത്തവണ അവ ഒന്നിച്ചില്ല.
മഗധരാജാവായ ജരാസന്ധന്റെ കഥ അവിടെ അവസാനിച്ചു.
തടവിലാക്കപ്പെട്ടിരുന്ന രാജാക്കന്മാർ മോചിതരായി. യുധിഷ്ഠിരന്റെ രാജസൂയ യാഗത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. അപ്പോൾ ബലരാമന് വർഷങ്ങൾക്കുമുമ്പ് യുദ്ധഭൂമിയിൽ കൃഷ്ണൻ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.
“ഒരു രാജാവിനെ കൊല്ലുക എളുപ്പമാണ്; എന്നാൽ ധർമ്മത്തെ സ്ഥാപിക്കുകയാണ് യഥാർത്ഥ വിജയം.”
അന്ന് അദ്ദേഹത്തിന് പൂർണ്ണമായി മനസ്സിലായി ശ്രീകൃഷ്ണൻ ജരാസന്ധനെ ജീവനോടെ വിട്ടത് കരുണ കൊണ്ടോ ദൗർബല്യം കൊണ്ടോ അല്ല. ധർമ്മത്തിന്റെ സമ്പൂർണ്ണ വിജയത്തിനും കാലത്തിന്റെ ദൈവിക പദ്ധതിക്കും വേണ്ടിയായിരുന്നു. ശ്രീകൃഷ്ണന് ഓരോ യുദ്ധവും ഒരു വിജയം മാത്രമായിരുന്നില്ല; വരാനിരിക്കുന്ന യുഗത്തിന്റെ അടിത്തറ പാകുന്ന ഒരു ദൈവിക കർമ്മവും,ധർമ്മ സംസ്ഥാപനവുമായിരുന്നു.
ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം തേടുന്നതാണ് ബുദ്ധിയെന്ന് നാം പലപ്പോഴും കരുതുന്നു. എന്നാൽ ശ്രീകൃഷ്ണൻ–ജരാസന്ധൻ കഥ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. എല്ലാ ശത്രുക്കളെയും ഉടൻ ഇല്ലാതാക്കുന്നതല്ല യഥാർത്ഥ നേതൃത്വം ചെയ്യുന്നത്. ചില പ്രശ്നങ്ങളെ ശരിയായ സമയത്തും ശരിയായ രീതിയിലും പരിഹരിക്കുന്നതാണ് ദീർഘദർശനം. ക്ഷണികമായ വിജയത്തേക്കാൾ ശാശ്വതമായ നന്മയാണ് യഥാർത്ഥ വിജയം.
ഇന്നത്തെ കുടുംബജീവിതത്തിലും, സാമൂഹിക രംഗത്തും, ഭരണരംഗത്തും, രാഷ്ട്രീയത്തിലും, തൊഴിൽമേഖലയിലും ഇതേ തത്വം പ്രസക്തമാണ്. വികാരത്തിന്റെ ആവേശത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പുതിയ,പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ ക്ഷമയോടെയും വിവേകത്തോടെയും ദീർഘകാല ഫലങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമേ സ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയൂ.
അതുകൊണ്ട് ഈ കഥ നമ്മോട് പറയുന്ന ഏറ്റവും വലിയ സന്ദേശം ഇതാണ്….
“ബുദ്ധിമാനായ നേതാവ് ഓരോ യുദ്ധവും ജയിക്കാൻ ശ്രമിക്കുക മാത്രമല്ല ചെയ്യുന്നത്, ഓരോ തീരുമാനവും ഭാവിയെ സുസ്ഥിരമാക്കുന്നതാകണം എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ക്ഷണികമായ പ്രതികാരത്തേക്കാലും,വിജയത്തേക്കാളും ദീർഘകാല ധർമ്മവിജയത്തിനാണ് കൂടുതൽ മൂല്യം, അതാണ് പരമമായ ലക്ഷ്യവും .”
അതുതന്നെയാണ് ശ്രീകൃഷ്ണന്റെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത്….
ശക്തി എന്നത് എതിരാളിയെ തോൽപ്പിക്കാനുള്ള കഴിവ് മാത്രമല്ല, എപ്പോൾ പ്രവർത്തിക്കണം, ഏതുവരെ കാത്തിരിക്കണം, എപ്പോൾ മറ്റൊരാളെ നിയോഗത്തിന്റെ ഉപകരണമായി മാറ്റണം എന്നറിയുന്ന ദീർഘദർശനമാണ് യഥാർത്ഥ ശക്തി, അതാണ് ധർമ്മ സംസ്ഥാപനവും..
