ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും!

ഇന്ത്യക്കാരായ നമ്മൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും എന്താണ് എന്ന് ഇന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഈ രണ്ട് ദിവസങ്ങളും ദേശീയ ദിനങ്ങളായി കണക്കാക്കുകയും ഒരേപോലെ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഈ ദിവസങ്ങൾ രാജ്യത്തിൻ്റെ ഭൂതകാലത്തിൽ നടന്ന രണ്ട് വലിയ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. അതായത് ഓഗസ്റ്റ് 15 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ സ്വാതന്ത്ര്യ ദിനമായും, അഥവാ വിദേശ ഭരണത്തിൽ നിന്ന് സ്വതന്ത്രമായി അംഗീകരിക്കപ്പെട്ട ദിവസമായി ഇത് ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭരണഘടന അംഗീകരിച്ച് പ്രാബല്യത്തിൽ വന്ന സന്ദർഭം അടയാളപ്പെടുത്തുന്നതിനാണ് ജനുവരി 26 ലെ റിപ്പബ്ലിക് ദിനം ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്.

ഈ വർഷം ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എന്താണ് സ്വാതന്ത്ര്യദിനം ?. ഒരു രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച തീയതി ആഘോഷിക്കുന്ന ദിനമാണ്. ഒരു രാജ്യം സ്വതന്ത്രമായി പ്രഖ്യാപിക്കപ്പെടണമെങ്കിൽ അത് ഏതെങ്കിലും തരത്തിലുള്ള വിദേശ ഭരണത്തിൻ കീഴിലോ, അടിച്ചമർത്തലിനോ കീഴിലായിരിക്കണം. ഉദാഹരണത്തിന്: ഗ്രേറ്റ് ബ്രിട്ടനിൽനിന്നും 1776 ജൂലൈ 4-ന് യു.എസ്.എയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഈ സ്വാതന്ത്ര്യദിനം ഒരു രാജ്യത്തെ സ്വതന്ത്രമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നീണ്ട പോരാട്ടത്തെ ആദരിക്കാനും, നഷ്ടപ്പെട്ട ജീവിതങ്ങളെ എല്ലാം അനുസ്മരിക്കാനുമുള്ള ദിവസംകൂടിയാണ്. എന്നാൽ വിദേശ ഭരണത്തിൻ കീഴിലായിരുന്നിട്ടില്ലാത്ത മറ്റ് രാജ്യങ്ങൾ ഇത്തരം പോരാട്ടങ്ങൾകൊണ്ട് സ്വാതന്ത്ര്യത്തിന് സമാനമായി ദേശീയ ദിനം ആഘോഷിക്കുന്നു.

ഏതാണ്ട് 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ, അഥവാ ദീർഘകാലം ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിൻ്റെ നേട്ടമായാണ് ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഇന്ത്യ ഔദ്യോഗികമായി സ്വാതന്ത്ര്യം നേടിയത് 1947 ഓഗസ്റ്റ് 15നായിരുന്നു. തുടർന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ സ്മരണാർത്ഥം, ഈ ദിവസം ഇന്ത്യൻ ഭരണഘടനാ അസംബ്ലിക്ക് പരമോന്നത നിയമനിർമ്മാണ അധികാരങ്ങൾ കൈമാറി. അങ്ങനെ 1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം നടപ്പിലാക്കി. തുടർന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലെ ചെങ്കോട്ടയുടെ ലാഹോരി ഗേറ്റിന് മുകളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. വൈസ്രോയി, മൗണ്ട് ബാറ്റൺ പ്രഭു, ആദ്യത്തെ ഗവർണർ ജനറലായി തുടർന്നു.

എന്താണ് റിപ്പബ്ലിക് ദിനം? റിപ്പബ്ലിക് എന്ന പദത്തിൻ്റെ അർത്ഥം തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റ്, അല്ലെങ്കിൽ പൊതു കാര്യങ്ങൾക്കുവേണ്ടി, തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിൻ്റെ ഒരു രൂപമാണ്. അതായത് എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ സുരക്ഷിതമാക്കുന്ന ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്. ഇന്ന് പല രാജ്യങ്ങളിലും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ഒരു ഭരണഘടന അംഗീകരിച്ച് പ്രാബല്യത്തിൽ വന്നതിൻ്റെ അടയാളമായിട്ടാണ്. അതുപോലെ ഈ ദിവസം രാജ്യങ്ങൾ ദേശീയ അവധിയായി കണക്കാക്കുന്നു.

ഇന്ത്യയിൽ ഇത് 1950 ജനുവരി 26-ന് ആണ്. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് പകരമായി നമ്മുടെ ഭരണഘടനയുടെ രൂപീകരണം 1949 നവംബർ 26-ന് പൂർത്തിയായി, എങ്കിലും ഒരു ജനാധിപത്യ സർക്കാർ സംവിധാനത്തോടെ പ്രാബല്യത്തിൽ വരികയും, ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്നതിനുള്ള രാജ്യത്തിൻ്റെ പരിവർത്തനം പൂർത്തിയാക്കുകയും, ഇന്ത്യയുടെ ഭരണഘടന എന്ന നിലയിൽ അതിൻ്റെ ഭരണ രേഖ ലഭിച്ചതും 1950 ജനുവരി 26-ന് ആയിരുന്നു. അതിനു കാരണം 1929 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം (പൂർണ്ണ സ്വരാജ്) അവകാശപ്പെട്ടത് ഈ ദിവസമായിരുന്നു. അങ്ങനെ ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി സ്വയം മാറിയ ദിവസമാണിത്. അതുപോലെ ഈ ദിവസം മുതൽ, കോമൺ‌വെൽത്ത് രാഷ്ട്രത്തിലെ സമ്പൂർണ പരമാധികാര റിപ്പബ്ലിക്കായി ഒരു പുതിയ യുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചു. അവിടെ രാഷ്ട്രപതി നാമമാത്ര തലവനായിരിക്കും.

സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം എന്താണ്?. സ്വാതന്ത്ര്യദിനം ഒരു പുതിയ രാഷ്ട്രത്തിൻ്റെ ജനനം ആഘോഷിക്കുമ്പോൾ, റിപ്പബ്ലിക് ദിനം രാജ്യം ഭരണഘടന അംഗീകരിച്ച ദിവസമായി ആഘോഷിക്കുന്നു. ഈ ദിവസങ്ങൾ ഇന്ത്യയിൽ ആചരിക്കുന്ന രണ്ട് ചരിത്രപരമായി പ്രാധാന്യമുള്ള ദേശീയ അവധി ദിനങ്ങളാണ്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഡൽഹിയിലെ ചെങ്കോട്ടയിലും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് രാഷ്ട്രപതി ഭവനിലുമാണ്. രണ്ട് ദിവസങ്ങളിലെയും ആഘോഷങ്ങൾ വളരെ സാമ്യമുള്ളതാണ്, എങ്കിലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു വ്യത്യാസം, സ്വാതന്ത്ര്യ ദിനത്തിൽ ഉണ്ട് എന്നുള്ളതാണ്. അതായത് എല്ലാ വർഷവും സ്വാതന്ത്ര്യ സമര സേനാനികളുടെയും, നേതാക്കളുടെയും അനുസ്മരണാർത്ഥം ഇരുപത്തിയൊന്ന് വെടി ഉതിർക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെയും, സൈനികരുടെയും, നേതാക്കളുടെയും, സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നതെങ്കിലും ഈ ദിനത്തിൽ നിരവധി പരേഡുകൾ, നൃത്തങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ രാജ്യത്തെ വിവിധ സർക്കാർ, സർക്കാരിതര, സ്കൂളുകളും സ്ഥാപനങ്ങളും, എല്ലാം സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നു. ചെങ്കോട്ടയിൽ എല്ലാ വർഷവും ഇന്ത്യൻ പ്രധാനമന്ത്രി പതാക ഉയർത്തുകയും, മുഖ്യാതിഥിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. അതുപോലെ സ്വാതന്ത്ര്യദിനത്തിൻ്റെ തലേന്ന്, ഇന്ത്യൻ രാഷ്ട്രപതി ടെലിവിഷൻ പ്രസംഗത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

റിപ്പബ്ലിക് ദിനാഘോഷത്തിൽ തലസ്ഥാനമായ ന്യൂഡൽഹിയിലെ രാജ്പഥിലെ റെയ്‌സിന ഹിൽസിൽ നിന്ന് ആരംഭിക്കുന്ന ഈ പരിപാടി പ്രതിരോധ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. പരേഡുകളിലൂടെയും, പ്രദർശനങ്ങളിലൂടെയും, ഇന്ത്യയുടെ പ്രതിരോധശേഷിയും, സാംസ്കാരിക സാമൂഹിക പൈതൃകവും, പ്രദർശിപ്പിക്കുന്നു. ഇതിൽ നാവികസേനയ്‌ക്ക് പുറമേ ഇന്ത്യൻ കരസേനയുടെ ഒമ്പത് മുതൽ പന്ത്രണ്ട് വരെ വ്യത്യസ്ത റെജിമെന്റുകൾ, എയർഫോഴ്‌സ് എന്നിവ അവരുടെ ബാൻഡുകളോടെ എല്ലാ ഭംഗിയിലും ഔദ്യോഗിക അലങ്കാരങ്ങളിലും മാർച്ച് ചെയ്യുന്നു. ഇതിൽ ഇന്ത്യൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയ ഇന്ത്യൻ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു.

ഇന്ത്യയിലെ വിവിധ പാരാ മിലിട്ടറിയുടെയും, പോലീസ് സേനകളുടെയും, പന്ത്രണ്ട് സംഘങ്ങളും ഈ പരേഡിൽ പങ്കെടുക്കുന്നു. അതുപോലെ പ്രസിഡന്റിൻ്റെ അംഗരക്ഷകനും, ഇരുന്നൂറ് കുതിരപ്പട യൂണിറ്റും, ദേശീയ ഗാനം ആലപിക്കുന്ന വേദിയിലേക്ക് മാർച്ച് ചെയ്യുന്നു. തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി മുഖ്യാതിഥിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. അതുപോലെ റിപ്പബ്ലിക് ദിനത്തിൻ്റെ തലേ ദിവസം ഇന്ത്യൻ രാഷ്ട്രപതി എല്ലാ വർഷവും മികച്ച തുറകളിൽ പ്രഗത്ഭരായ വ്യക്തികൾക്ക് അവാർഡുകൾ വിതരണം ചെയ്യുന്നു. ഭാരത്‌രക്ത്ന കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരങ്ങളായ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയാണ് ഈ അവാർഡുകൾ.

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ!!
ഫിലിപ്പ് മാരേട്ട്

Print Friendly, PDF & Email

Leave a Comment

More News