സ്പെയിൻ: ലോകത്തിലെ അതി മനോഹരമായ സ്പെയിനിലെ മനോഹരമായ കടൽത്തീരങ്ങൾ, സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ, ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കാരണം കടലിൽ കണ്ടുവരുന്ന ഒരപൂർവ ജീവിയാണ് – ‘ബ്ലൂ ഡ്രാഗൺ’ (Glaucus atlanticus) എന്നറിയപ്പെടുന്ന സീ സ്ലഗ്ഗുകൾ ഒരിനം കടലൊച്ച്. കാഴ്ചയിൽ അതിമനോഹരമായ ഈ ജീവികൾ, സ്പർശിച്ചാൽ മാരകമായ വിഷം പുറത്തുവിടുമെന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സാധാരണയായി ആഴക്കടലിൽ കാണുന്ന ഇവയെ, സമീപകാലത്തായി സ്പെയിനിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കണ്ടെത്തിയതോടെയാണ് ഈ അസാധാരണ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.
നീല ഡ്രാഗൺ കടൽ സ്ലഗ്ഗുകൾക്ക് സ്വന്തമായി വിഷം ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. എന്നാൽ ഇവയുടെ പ്രധാന ആഹാരം ‘പോർച്ചുഗീസ് മാൻ ഓഫ് വാർ’ (Portuguese man o’ war) എന്നറിയപ്പെടുന്ന അതിമാരകമായ വിഷമുള്ള ജെല്ലിഫിഷാണ്.
ബ്ലൂ ഡ്രാഗണുകൾ ഈ ജെല്ലിഫിഷിനെ ഭക്ഷിക്കുമ്പോൾ, അതിന്റെ വിഷ കോശങ്ങളെ നശിപ്പിക്കാതെ സ്വന്തം ശരീരത്തിലേക്ക് ശേഖരിക്കുന്നു. ഈ വിഷം അവയുടെ ചിറകുകളുടെ അറ്റത്ത് സൂക്ഷിക്കപ്പെടുന്നു. ഒരു ഇരയെ ആക്രമിക്കാനോ സ്വയം പ്രതിരോധിക്കാനോ വേണ്ടി ഈ വിഷം പുറത്തുവിടാൻ ഇവയ്ക്ക് കഴിവുണ്ട്. പോർച്ചുഗീസ് മാൻ ഓഫ് വാറിന്റെ വിഷം മനുഷ്യർക്ക് വളരെ അപകടകരമാണ്. അത് സ്പർശിച്ചാൽ കഠിനമായ വേദന, ചുവപ്പ് നിറം, വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ചിലപ്പോൾ ഹൃദയാഘാതം പോലും സംഭവിക്കാം.
സ്പെയിനിലെ കടൽത്തീരങ്ങളിൽ ‘ബ്ലൂ ഡ്രാഗൺ’ സ്ലഗ്ഗുകളുടെ എണ്ണം വർധിച്ചതോടെയാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. തീരത്തടിയുന്ന ഈ ജീവികളെ അറിയാതെ സ്പർശിച്ചാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
വിനോദ ഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമുള്ള സ്ഥലങ്ങളിൽ തീരങ്ങൾ അടച്ചിടുകയും ചെയ്തിരിക്കുകയാണ്. കടൽത്തീരത്ത് വരുന്നവർ ഈ ജീവികളെ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സ്പർശിക്കരുതെന്നും അധികൃതരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
