ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യ സംസ്ഥാനത്തിനാകെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. അന്വേഷണത്തിനിടയിൽ, സംഭവത്തിന് മുമ്പുതന്നെ റോയ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായി സംശയങ്ങൾ ഉയരുന്നു.
റോയ് എഴുതിയ ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചതായി സൂചനയുണ്ട്. ആദായനികുതി വകുപ്പിന്റെ റെയ്ഡ് അദ്ദേഹത്തിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനുശേഷം ജനുവരി 31 ന് അദ്ദേഹം തന്റെ സഹോദരനെ ഫോണിൽ വിളിച്ചതായി കർണാടകയിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അദ്ദേഹം എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇത് വിശദമായി പരിശോധിച്ചുവരികയാണ്. കുറിപ്പിൽ ചില വൈകാരിക കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളിൽ നിന്നും കമ്പനി ജീവനക്കാരിൽ നിന്നും വിശദമായ മൊഴികൾ രേഖപ്പെടുത്തുന്നതോടെ, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന് എസ്ഐടി പ്രതീക്ഷിക്കുന്നു. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.
ആദായനികുതി വകുപ്പിന്റെ സമ്മർദ്ദം മൂലമാണ് റോയ് ഈ കടുത്ത നടപടി സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അതേസമയം, മരണത്തിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയ ആദായനികുതി ഉദ്യോഗസ്ഥരും റോയിയും തമ്മിൽ ഒരു തർക്കമോ വാഗ്വാദമോ ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ജോയിന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്. റോയിയെ ആരും സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന നിലപാടിൽ ഐടി ഉദ്യോഗസ്ഥർ ഉറച്ചുനിൽക്കുന്നു. മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലം വിട്ടുപോകരുതെന്ന് എസ്ഐടി നിർദ്ദേശിച്ചിട്ടുണ്ട്. റോയിയുടെ മൊബൈൽ ഫോണുകളും പരിശോധിക്കും. മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
