ശബരിമല സ്വര്‍ണ്ണ മോഷണകേസ്: തന്ത്രിയുടെ പേരില്‍ കോടികളുടെ നിക്ഷേപം; ഭാര്യയുടെ പേരിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപം

കൊല്ലം: ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രി കണ്ഠരര്‍ രാജീവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 18 ന് കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയും. ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

തന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള തെളിവുകളും, തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും റിപ്പോർട്ടിനൊപ്പം കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. കുന്നത്ത്കളത്തിൽ ജ്വല്ലറി ആൻഡ് ഫിനാൻസസ് എന്ന സ്ഥാപനത്തിൽ ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും നിക്ഷേപം ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, മറ്റ് സ്ഥാപനങ്ങളിലും സമാനമായ നിക്ഷേപങ്ങൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ആദായനികുതി വകുപ്പിനെ അറിയിക്കാതെയാണ് നടത്തിയതെന്നും, ഇത്രയും വലിയ സാമ്പത്തിക സ്രോതസ്സുകൾ എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കഴിഞ്ഞ വർഷം ദേവസ്വം ബോർഡിൽ നിന്ന് തന്ത്രിക്ക് 7 ലക്ഷം രൂപ ലഭിച്ചതായും എസ്‌ഐടി വ്യക്തമാക്കി.

ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികളും കട്ടിളപ്പാളികളും നീക്കം ചെയ്തപ്പോൾ തന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദ്യം ഉന്നയിച്ചു. സ്വർണ്ണ മോഷണക്കേസുമായി തന്ത്രി കണ്ഠരര്‍ രാജീവർക്ക് ശക്തമായ ബന്ധമുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തിൽ വെച്ചാണ് തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടതെന്നും തന്ത്രി തന്റെ താന്ത്രിക കടമകൾക്കപ്പുറം ശബരിമലയിൽ ഇടപെട്ടുവെന്നും എസ്‌ഐടി വാദിച്ചു. സ്വർണ്ണമോഷണം തടയാൻ തന്ത്രിക്ക് കഴിയുമായിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമലയിൽ താന്ത്രിക വിധികൾ പ്രകാരം ആചാരപരമായ ഇടപെടലുകൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും മറ്റെല്ലാ കാര്യങ്ങളും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണെന്നും തന്ത്രി ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണമോഷണ കേസിൽ തനിക്ക് പങ്കില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് തന്ത്രി കോടതിയിൽ ആവശ്യപ്പെട്ടു.

Leave a Comment

More News