ആരോഗ്യമേഖലയിൽ വിദേശ കമ്പനികളുടെ കടന്നുകയറ്റം ഗുരുതര ഭവിഷ്യത്ത് സൃഷ്ടിക്കും: കെ. ആനന്ദകുമാർ

തിരുവനന്തപുരം: കേരളത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വിദേശ നിക്ഷേപ കമ്പനികൾ ഏറ്റെടുക്കുന്നത്, ആരോഗ്യ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ മുന്നറിയിപ്പ് നൽകി.

ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത നിക്ഷേപ കമ്പനികൾ, ലാഭം മാത്രം ലക്ഷ്യമാക്കി കേരളത്തിലെ നിരവധി വൻകിട സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആശുപത്രികൾ ഏറ്റെടുക്കലിന്റെ പാതയിലാണ്. ചികിത്സാ ചെലവ് വലിയ തോതിൽ വർധിക്കാൻ ഇത് കാരണമാവും. വലിയ പ്രീമിയത്തോടെയുള്ള ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് മാത്രം ചികിത്സാ സൗകര്യം ലഭ്യമാവുന്ന ഗുരുതരമായ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.

രോഗികൾക്ക് ഏത് തരം ചികിത്സ നൽകണം, എന്ത് മരുന്ന് നൽകണം എന്നതൊക്കെ ഇൻഷുറൻസ് കമ്പനികൾ തീരുമാനിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്താൻ പോകുന്നത്.

കേരളത്തിലെ രോഗികളുടെ മെഡിക്കൽ റെക്കോർഡുകളും മറ്റ് ഡാറ്റകളും സ്വകാര്യ ആശുപത്രികൾ വഴി വിദേശ കമ്പനികൾക്ക് യഥേഷ്ടം ലഭ്യമാകുന്നത് അതീവ ഗൗരവത്തോടെ കാണണം.

ഇത്തരം ഏറ്റെടുക്കലുകൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ, ചികിത്സാ ചെലവ് വലിയ തോതിൽ വർധിക്കുന്നതിനും ചികിത്സകൾക്ക് കാലതാമസം വരുന്നതിനും ഇടായാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ഒഴികെ, സാധാരണക്കാരന് ചികിത്സാ സൗകര്യം അപ്രാപ്യമാകുന്ന സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്.

സർക്കാർ ആശുപത്രികളോടൊപ്പം, സ്വകാര്യ ആശുപത്രികളുടെയും സേവനം കൊണ്ടുകൂടിയാണ് കേരളത്തിലെ ആരോഗ്യരംഗം ഭാരതത്തിൽ ഒന്നാമതായി നിൽക്കുന്നത്.

മറ്റ് രാജ്യങ്ങൾ അനുവദിക്കാത്ത ഇത്തരം ഏറ്റെടുക്കലുകൾക്കെതിരെ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കാരുണ്യ ചികിത്സാ പദ്ധതിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ ആനന്ദകുമാർ ആവശ്യപ്പെട്ടു.

Leave a Comment

More News