പത്തനംതിട്ട: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യമാണ് താന്‍ ചെയ്തതെന്നും, ദുഷ്ട മാർഗങ്ങളിലൂടെ അക്രമം നടത്തി കോൺഗ്രസ് മുന്നോട്ട് പോകാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് കോൺഗ്രസ് ഇങ്ങനെ പെരുമാറുന്നതെന്ന് വീണ ജോർജ് പ്രതികരിച്ചു. ആരോഗ്യമന്ത്രിയല്ല ശസ്ത്രക്രിയ നടത്തുന്നതെന്ന കാര്യം സതീശന് അറിയാഞ്ഞിട്ടാണോ എന്നും മന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന കോൺഗ്രസിന്റെ ഭയമാണ് ഇതിനെല്ലാം പിന്നിലെന്ന് മന്ത്രി പറഞ്ഞു. “ഒരു തരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും. സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.
എല്ലാ സർക്കാർ ആശുപത്രികളെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആശുപത്രി മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശനും സഹപ്രവർത്തകരും സ്വീകരിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ജനങ്ങൾ റീത്ത് വെയ്ക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
