മണൽ മഴക്കാടുകൾ പെയ്തൊഴിയുന്നൊരാ
മധ്യാഹ്ന രേഖയിലൊരു പുണ്യ ഭൂമി
അതിൻ മരതക ചെപ്പിലൊരു മന്ദാര പുഷ്പമായി
മനസ്സിന്റെ മണിയറ, മറ നീക്കി എത്തുമ്പോൾ
മണൽക്കാടുകൾ പൂത്തു സുവർണ്ണരേഖയാൽ കൊലുസിട്ടു
സ്വപ്‌ന വീഥികൾ തരളിതമാകുമ്പോൾ ഏകനായ്
വെയിൽ ചൂട് തീർത്തൊരാ എണ്ണക്കിണറുകളിൽ
ദാഹ ജലത്തിനായ് കേഴുമ്പോൾ മുന്നിലായ്
കാരാഗൃഹത്തിലെ കൈപ്പുനീർ പാത്രത്തിൽ
ദാഹം ശമിപ്പിയ്ക്കാൻ വ്യഗ്രത പൂണ്ടവൾ
തേടി അലയുന്നു ഈ സ്വർണ്ണ രാജിയിൽ
കയ്‌പ്പുനീർ മോന്തും കറുപ്പിന്റെ മക്കളെ
മണൽ ആഴിയായ് കാറ്റുയർന്നു മറ തീർത്തു
കറുപ്പിന്റെ ആവരണം വീണുടയുമ്പോൾ
ഈന്തപ്പന കാടുകളിൽ കാറ്റിന്റെ മർമ്മരം
കനലായ് എരിയുന്ന നാളം തീർത്ത ചൂടിൽ
കത്തി അമർന്നു കുതറി ഓടുന്ന യുവത്വം
പകലിന്റെ ഇരുളിൽ ലയിച്ചലിയുന്നു.
നാസാഗ്ര നാളികളിളെ തുളയ്ക്കുന്ന ഊദും
പിന്നെ ഈന്തപ്പനക്കാട്ടിൽ,താററ്റു പോയൊരാ മേനിയും
തരളിതമായൊരാ തന്മാത്ര വേളയിൽ
കരിമ്പട കൂട്ടിലെ സ്വർണ്ണ മൽസ്യങ്ങളുടെ
തോരാത്ത രോദനം എന്തിന്നു വേണ്ടി?
എന്തിന്നു വേണ്ടിയെന്നു ഒരുമാത്ര …
ഒരു മാത്ര മാത്രം ഓർക്കുക
പച്ച വിരിച്ചൊരാ മലയാള മണ്ണിന്റെ
പൈതൃകം വിട്ടു പാറി പറക്കുന്ന യൗവനം
പലതവണ പരകായ, പരദേശ വാസ പ്രവേശത്തിൽ
കുതറിയും, പതറിയും ഓടി ഒളിയ്ക്കുമ്പോൾ
നീ സ്വയം അറിയണം ഈ കറുപ്പിന്റെ ദാഹവും
കുംങ്കുമം ചാർത്തിയ പെണ്ണിന്റെ മൗനവും
കാത്തിരിപ്പിൽ കരിഞ്ഞില്ലാതാവുന്ന കിനാക്കളും.
………………….
(ഗൾഫ് നാടുകളിൽ കുടുംബ ബന്ധങ്ങളെ മാറ്റിവച്ചു, തൊഴിൽ തേടി പോയ ഒട്ടനവധി ആളുകൾ പിന്നീട് ചില താത്കാലിക സുഖങ്ങളിൽ അകപ്പെട്ടു നാടും,കുടുംബവും മറന്നു, ചില ബന്ധങ്ങളിൽ കുരുങ്ങി പോയതായി നമ്മൾ പലപ്പോഴും കേൾക്കാനിടയായിട്ടുണ്ട്. താത്കാലികമായ സുഖങ്ങൾക്ക് പിറകെ പോകുന്ന യുവതീ,യുവാക്കൾക്കായി സമർപ്പിയ്ക്കുന്നു)
