ന്യൂഡൽഹി: 2020 ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ അഞ്ച് മുസ്ലീം യുവാക്കളെ ദേശീയഗാനം ആലപിക്കാൻ നിർബന്ധിച്ച കേസിൽ പ്രതികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരായി. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികള്‍ക്കും ഇരകളുടെ അഭിഭാഷകനും നൽകാൻ കോടതി ഉത്തരവിട്ടു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മായങ്ക് ഗോയൽ അടുത്ത വാദം കേൾക്കൽ മാർച്ച് 2 ലേക്ക് മാറ്റി.
ഫെബ്രുവരി 4 ന് സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി പരിഗണിക്കുകയും ഹെഡ് കോൺസ്റ്റബിൾ രവീന്ദ്ര കുമാറിനും കോൺസ്റ്റബിൾ പവൻ യാദവിനും സമൻസ് അയയ്ക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 325, 304 (2), 34 എന്നീ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളായ പോലീസുകാർക്കെതിരെയും സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഈ കേസിൽ ഫൈസാൻ എന്ന യുവാവ് മരണപ്പെട്ടിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ കൊലപാതകക്കുറ്റം ഉൾപ്പെടുത്തിയിട്ടില്ല.
ജനുവരിയിലാണ് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഫൈസാന്റെ അമ്മ സമർപ്പിച്ച ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി 2024 ജൂലൈ 23 ന് വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുസ്ലീം യുവാവിനെ മർദിച്ച പോലീസുകാരെ തിരിച്ചറിയുന്നതിലും അന്വേഷിക്കുന്നതിലും ഡൽഹി പോലീസിന്റെ അലസമായ അന്വേഷണത്തിന് ഹൈക്കോടതി ശാസിക്കുകയും ചെയ്തു.
മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരിക്കുകളുടെ എണ്ണം, തടങ്കലിൽ എടുത്ത എംഎൽസിയിൽ രേഖപ്പെടുത്തിയ പരിക്കുകളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസ് അന്വേഷണ റിപ്പോർട്ടിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. “അഞ്ച് യുവാക്കളിൽ ഒരാൾ മരിച്ചു, പക്ഷേ നാലുപേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രക്ഷപ്പെട്ട യുവാക്കൾക്ക് പോലീസുകാരെ തിരിച്ചറിയാൻ അനുവാദമുണ്ടായിരുന്നോ? നിങ്ങൾ ലോകം മുഴുവൻ അന്വേഷിക്കും, പക്ഷേ ദൃക്സാക്ഷികളെ ചോദ്യം ചെയ്യില്ല. ആ നാല് യുവാക്കളുടെയും മൊഴികൾ രേഖപ്പെടുത്താൻ പോലും നിങ്ങൾ മെനക്കെട്ടില്ല. ഇത് എന്ത് തരത്തിലുള്ള അന്വേഷണമാണിത്?”, രൂക്ഷമായ ഭാഷയില്‍ കോടതി ചോദിച്ചു.
