പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ജീവിക്കുന്നത് ദുഷ്ക്കരമാണ്; വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാധാരണം: പ്രിയങ്ക ഗാന്ധി വാദ്ര

വയനാട്: സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട് ജീവിക്കുന്ന വയനാട്ടിലെ ഓരോ കുടുംബത്തിലെയും അംഗമാണ് താനെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാധാരണമാണെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന 100 വീടുകളുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

“ജാതി-മത വ്യത്യാസമില്ലാതെ പരസ്പരം പിന്തുണച്ചാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. അന്ന് ഞാൻ നിങ്ങളുടെ എംപി ആയിരുന്നില്ല. എന്റെ സഹോദരൻ രാഹുൽ ഗാന്ധി അന്ന് വയനാട്ടിലെ എംപിയായിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷം എനിക്ക് മനസ്സിലായി. നിങ്ങളുടെ കുടുംബം പഴയ രീതി പുനഃസ്ഥാപിക്കാൻ ശ്രമിച്ചതായും ഞാൻ കേട്ടിട്ടുണ്ട്,” പ്രിയങ്ക പറഞ്ഞു.

“പ്രിയപ്പെട്ടവരില്ലാതെ ജീവിതം ദുഷ്‌കരമാണ്. കൃഷിയിടം നഷ്ടപ്പെട്ട് ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തിയ ഒരാളെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ച ശക്തരായ യുവാക്കളെയും ഞാൻ ഇവിടെ കണ്ടിട്ടുണ്ട്. നീതി ലഭിക്കുന്നതിനായി കോൺഗ്രസിലെ എല്ലാവരും ശബ്ദമുയർത്തിയിട്ടുണ്ട്. ഈ വിഷയങ്ങൾ പാർലമെന്റിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്ത് എഴുതി. പാർലമെന്റിന് പുറത്ത് ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കാതെ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ശ്രമിച്ചു,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Comment

More News