ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 6): ജയശങ്കര്‍ പിള്ള

  • ഡോ. പൽപ്പുവും ശ്രീ നാരായണ ഗുരുവും
  • ആത്മീയ ദർശനവും സാമൂഹിക നവോത്ഥാനവും കൈകോർത്തപ്പോൾ

ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ പഠനവിഷയമാക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്,അദ്ദേഹം മഹത്തായ ഒരു ആത്മീയ ഗുരു മാത്രമായിരുന്നില്ല; സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി ഏറ്റെടുത്ത ഒരു മഹത്തായ മനുഷ്യസ്നേഹിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മീയ ദർശനം ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി വളരുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. പത്മനാഭൻ പൽപ്പു, പൊതുവെ ഡോ. പൽപ്പു എന്നറിയപ്പെടുന്ന സാമൂഹികപരിഷ്കർത്താവ്. കേരള നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരുവും ഡോ. പൽപ്പുവും തമ്മിലുള്ള ബന്ധം ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ല. അത് ഒരു മഹത്തായ ദൗത്യത്തിനുവേണ്ടി ഒരുമിച്ച രണ്ട് വ്യക്തിത്വങ്ങളുടെ സഹകരണമായിരുന്നു. ഒരാളുടെ കൈയിൽ ആത്മീയ ദർശനവും മറ്റൊരാളുടെ കൈയിൽ സാമൂഹിക-ഭരണപരമായ അനുഭവവും ഉണ്ടായിരുന്നു. ഈ രണ്ട് ശക്തികൾ ഒന്നിച്ചുചേർന്നപ്പോൾ കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം ആരംഭിച്ചു.സാമൂഹിക വിപ്ലവത്തിനും,മാറ്റത്തിനും കളമൊരുങ്ങി.

സാമൂഹിക സാഹചര്യങ്ങളുടെ പ്രതികൂല പശ്ചാത്തലം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കേരളം കടുത്ത ജാതിവിവേചനത്തിന്റെ പിടിയിലായിരുന്നു. വിദ്യാഭ്യാസം, സർക്കാർ ജോലി, ക്ഷേത്രപ്രവേശനം, പൊതുവഴികളുടെ ഉപയോഗം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാതിയുടെ പേരിൽ വിവേചനം നിലനിന്നിരുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടുന്നതിനും സർക്കാർ സേവനത്തിൽ പ്രവേശിക്കുന്നതിനും,തൊഴിലുകൾ ചെയ്യുന്നതിനും നിരവധി തടസ്സങ്ങളുണ്ടായിരുന്നു.

ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഇരകളിലൊരാളായിരുന്നു ഡോ. പൽപ്പു. അസാധാരണമായ ബുദ്ധിശക്തിയോടെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും,ജാതിയുടെ പേരിൽ തിരുവിതാംകൂർ സർക്കാരിൽ അദ്ദേഹത്തിന് ജോലി നിഷേധിക്കപ്പെട്ടു. ഒടുവിൽ അദ്ദേഹം മൈസൂർ സംസ്ഥാനത്ത് വൈദ്യനായി സേവനമനുഷ്ഠിക്കേണ്ടിവന്നു. വ്യക്തിപരമായ ഈ അനുഭവം അദ്ദേഹത്തെ സാമൂഹികമാറ്റത്തിനായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു.

ഗുരുവിനെ തേടിയെത്തിയ ഡോ. പൽപ്പു

ചിത്രത്തിന് കടപ്പാട്: ശ്രീ നാരായണ ഗുരു ബ്ലോഗ്

സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിരുന്ന ഡോ. പൽപ്പു പല സാമൂഹിക നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. ഈ അന്വേഷണത്തിനിടയിലാണ് ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം അറിയുന്നത്. അരുവിപ്പുറത്ത് നടന്ന ശിവപ്രതിഷ്ഠയും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ഗുരുവിന്റെ പ്രവർത്തനങ്ങളും ഡോ. പൽപ്പുവിനെ ആകർഷിച്ചു. ഗുരുവിനെ നേരിൽ കണ്ടപ്പോൾ അദ്ദേഹം ഒരു ആത്മീയ ഗുരുവിനെ മാത്രമല്ല, സമൂഹത്തെ മാറ്റാൻ കഴിയുന്ന അസാധാരണമായ ഒരു മഹാ പ്രതിഭയെയാണ് നേരിൽ കണ്ടത്. ഈ കൂടിക്കാഴ്ച കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ നിർണായക വഴിത്തിരിവായി മാറി. ഡോ. പൽപ്പുവിന് വ്യക്തമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. നിയമങ്ങൾ മാത്രം മാറ്റിയാൽ സമൂഹം മാറില്ല; മനുഷ്യരുടെ മനസ്സും മാറണം. അതേസമയം, ശ്രീ നാരായണ ഗുരുപ്രചരിപ്പിച്ചിരുന്നതും ഒന്ന് തന്നെയായിരുന്നു. ആത്മീയ സന്ദേശങ്ങൾ മാത്രം മതിയാകില്ല; അവ സമൂഹത്തിൽ പ്രായോഗിക മാറ്റങ്ങളായി മാറണമെന്നും,ഇരുവരുടെയും ഈ ചിന്തകൾ പരസ്പരം പൂരകമായിരുന്നു. ഗുരു മനുഷ്യന്റെ ആത്മാഭിമാനം ഉണർത്താൻ ശ്രമിച്ചു. ഡോ. പൽപ്പു ആ ആത്മാഭിമാനത്തെ വിദ്യാഭ്യാസത്തിലേക്കും തൊഴിൽ അവസരങ്ങളിലേക്കും സാമൂഹിക അവകാശങ്ങളിലേക്കും നയിക്കുവാൻ വേണ്ടി പ്രവർത്തിച്ചു.

ഈഴവ മെമ്മോറിയലും സാമൂഹിക ഉണർവും

1896-ൽ സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയൽ കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. ആയിരക്കണക്കിന് ആളുകളുടെ ഒപ്പുകളോടെ തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ച ഈ നിവേദനത്തിന് നേതൃത്വം നൽകിയത് ഡോ. പൽപ്പുവായിരുന്നു.എല്ലാ ആവശ്യങ്ങളും ഉടൻ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, കേരളത്തിലെ പിന്നാക്കസമുദായങ്ങളുടെ പ്രശ്നങ്ങൾ ആദ്യമായി ഭരണകൂടത്തിന്റെ ശ്രദ്ധയിൽ ശക്തമായി എത്തിക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഈ പ്രസ്ഥാനത്തിന് ശ്രീ നാരായണ ഗുരു ധാർമ്മികവും ആത്മീയവുമായ പിന്തുണ നൽകി. ജനങ്ങൾ അവകാശങ്ങൾ ആവശ്യപ്പെടുമ്പോൾ അവർ ആദ്യം സ്വയം വിദ്യാഭ്യാസത്തിലും സ്വഭാവശുദ്ധിയിലും മുന്നേറണമെന്നും അദ്ദേഹം ഉപദേശിച്ചു.

എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണം

ഡോ. പൽപ്പുവും ശ്രീ നാരായണ ഗുരുവും തമ്മിലുള്ള സഹകരണത്തി ന്റെ ഏറ്റവും വലിയ ഫലമായിരുന്നു 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (SNDP Yogam) സ്ഥാപിതമായത്. സംഘടനയുടെ ആത്മീയ പ്രചോദനമായിരുന്നു ഗുരു. ഭരണപരവും സംഘടനാപരവുമായ നേതൃത്വം ഡോ. പൽപ്പു ഏറ്റെടുത്തു. കുമാരനാശാൻ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഈ മൂന്ന് മഹാപ്രതിഭകളുടെ കൂട്ടായ്മ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പുതിയ ദിശ നൽകി. ഗുരുവിന്റെ ദർശനത്തെ പ്രവർത്തനമാക്കി മാറ്റിയ ഡോ. പൽപ്പു.

ശ്രീ നാരായണ ഗുരു എപ്പോഴും ഊന്നൽ നൽകിയിരുന്ന,..

“വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധരാകുക; സംഘടന കൊണ്ട് ശക്തരാകുക.”

ഈ ആശയം പ്രവർത്തനപദ്ധതിയാക്കി മാറ്റിയത് ഡോ. പൽപ്പുവാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകൾ ആരംഭിച്ചു. ജനങ്ങളെ സംഘടനയുടെ ഭാഗമാക്കി. വിദ്യാഭ്യാസത്തിനായി ധനസമാഹരണം നടത്തി.സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചു. സാമൂഹിക അവകാശങ്ങൾക്കായി നിയമപരമായ മാർഗങ്ങൾ സ്വീകരിച്ചു. അങ്ങനെ ഗുരുവിന്റെ ആശയങ്ങൾ പ്രായോഗിക സാമൂഹികപരിഷ്കാരമായി മാറി.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഗുരുവും ഡോ. പൽപ്പുവും ഒരേ കാര്യത്തിൽ പൂർണമായും യോജിച്ചു.

സമൂഹത്തിന്റെ മോചനത്തിന് ഏറ്റവും വലിയ ആയുധം വിദ്യാഭ്യാസമാണ്. ക്ഷേത്രങ്ങൾ പണിയുന്നതിനേക്കാൾ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നത് പ്രധാനമാണെന്ന് ഗുരു പല അവസരങ്ങളിലും അഭിപ്രായപ്പെട്ടു. ഡോ. പൽപ്പു ഈ ആശയത്തെ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാക്കി.തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും പഠനകേന്ദ്രങ്ങളും രൂപംകൊണ്ടു. ഈ പ്രസ്ഥാനത്തിന്റെ ദീർഘകാലഫലമാണ് പിന്നീട് കേരളത്തിലെ വിദ്യാഭ്യാസവ്യാപനം.

ഡോ. പൽപ്പു സാമൂഹിക അവകാശങ്ങൾ ആവശ്യപ്പെട്ടപ്പോൾ, ഗുരു ജനങ്ങളോട് ഒരു കാര്യം ആവർത്തിച്ച്, ആവർത്തിച്ചു പറഞ്ഞു.

“ആദ്യം സ്വയം മാറുക.”
ശുചിത്വം പാലിക്കുക.
മദ്യപാനം ഉപേക്ഷിക്കുക.
കുട്ടികളെ സ്കൂളിൽ അയയ്ക്കുക.
കഠിനാധ്വാനം ചെയ്യുക.
പരസ്പരം ബഹുമാനിക്കുക.
ആത്മാഭിമാനത്തോടെ ജീവിക്കുക.”

ഈ സന്ദേശം ജനങ്ങളിൽ വലിയ മാറ്റം സൃഷ്ടിച്ചു. അവകാശങ്ങൾ ആവശ്യപ്പെടുന്നതിനൊപ്പം ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണമെന്നും,അത് നിറവേറ്റണമെന്നും ഗുരു പഠിപ്പിച്ചു.

ഇരുവരുടെയും അഭിപ്രായ ഐക്യവും സ്വാതന്ത്ര്യവും

ഗുരുവും ഡോ. പൽപ്പുവും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായക്കാരായിരുന്നില്ല. ചില രാഷ്ട്രീയ വിഷയങ്ങളിൽ സമീപനവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സാമൂഹികനീതി, വിദ്യാഭ്യാസം, മനുഷ്യസമത്വം എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഇരുവരും ഒരുമിച്ചുനിന്നു. പരസ്പര ബഹുമാനവും വിശ്വാസവും അവരുടെ ബന്ധത്തിന്റെ ശക്തിയായിരുന്നു.

ഈ ഐക്യം കൊണ്ട് പൊതുസമൂഹത്തിന് ലഭിച്ച ഗുണങ്ങൾ ഒട്ടനവധിയാണ്. ശ്രീ നാരായണ ഗുരുവും ഡോ. പൽപ്പുവും തമ്മിലുള്ള സഹകരണത്തിന്റെ ഫലങ്ങൾ ഒരു സമുദായത്തിൽ മാത്രം ഒതുങ്ങിയില്ല. കേരളത്തിൽ സാമൂഹികസംഘടനകളുടെ വളർച്ചയ്ക്ക് ഇത് മാതൃകയായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിൽ വ്യാപകമായി വളർന്നു. സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രവേശനത്തിനായി ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെട്ടു. സ്ത്രീവിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്കാരത്തിനും പ്രോത്സാഹനം ലഭിച്ചു. ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥാപിക്കണമെന്ന ആശയം ശക്തിപ്പെട്ടു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും വളർന്നു.

ഈ മാറ്റങ്ങൾ പിന്നീട് കേരളത്തിന്റെ സാമൂഹിക വികസനത്തിന് ശക്തമായ അടിത്തറയായി.

ചരിത്രം നൽകുന്ന വിലയിരുത്തൽ

ചരിത്രകാരന്മാർ,ഗവേഷകപഠിതാക്കൾ എന്നവർ പലപ്പോഴും ഒരു വിലയിരുത്തൽ നടത്താറുണ്ട്.

ശ്രീ നാരായണ ഗുരു ഇല്ലായിരുന്നുവെങ്കിൽ ഡോ. പൽപ്പുവിന്റെ സാമൂഹികപ്രസ്ഥാനം ഇത്രയും ആത്മീയമായ ആഴം നേടിയേനെയെന്നത് സംശയമാണ്. അതുപോലെ, ഡോ. പൽപ്പു ഇല്ലായിരുന്നുവെങ്കിൽ ഗുരുവിന്റെ ആശയങ്ങൾ ഇത്ര വേഗത്തിൽ സംഘടനാപരമായി ജനങ്ങളിലെത്തുമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്. ഇരുവരുടെയും കൂട്ടായ പ്രവർത്തനമാണ് കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് ശക്തമായ അടിത്തറ ഒരുക്കിയത്.

ചരിത്രത്തിൽ ചില ബന്ധങ്ങൾ വ്യക്തിപരമായ സൗഹൃദങ്ങളെക്കാൾ വലിയ അർത്ഥം കൈവരിക്കുന്നു. ശ്രീ നാരായണ ഗുരുവും ഡോ. പൽപ്പുവും തമ്മിലുള്ള ബന്ധം അത്തരത്തിലൊന്നാണ്. അത് ആത്മീയതയും സാമൂഹികനീതിയും കൈകോർത്ത ഒരു ചരിത്രമാണ്. ഒരാൾ മനുഷ്യന്റെ ആത്മാവിനെ ഉണർത്തി; മറ്റൊരാൾ ആ ഉണർവിനെ സംഘടിതമായ സാമൂഹികശക്തിയാക്കി മാറ്റി ഒരു സാമൂഹിക വിപ്ലവത്തിന് തുടക്കമായി .ഇന്നും വിദ്യാഭ്യാസം, സാമൂഹികനീതി, മനുഷ്യസമത്വം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ ഗുരുവിന്റെയും ഡോ. പൽപ്പുവിന്റെയും ഈ കൂട്ടായ്മ പ്രസക്തമായി തുടരുന്നു. ആത്മീയതയും സാമൂഹിക ഉത്തരവാദിത്തവും പരസ്പരം വിരുദ്ധമല്ലെന്നും, മനുഷ്യസേവനത്തിലൂടെയാണ് ആത്മീയത പൂർണമാകുന്നതെന്നും അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

തുടരും…

Leave a Comment

More News