പാർട്ടിയെ വഞ്ചിച്ച സുധാകരന് പാർട്ടിക്കെതിരെ ഒരു വാക്ക് പോലും പറയാൻ അവകാശമില്ല: സജി ചെറിയാൻ

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ സിപിഐഎമ്മിൽ നിന്ന് അകന്നു നിൽക്കുന്നതിനെക്കുറിച്ച് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ ചെയ്തതെന്നും സുധാകരൻ പാർട്ടിയെ വഞ്ചിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു. നേതൃത്വം ഉചിതമായ മറുപടി നൽകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾക്ക് ഇപ്പോള്‍ മറുപടി നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

പാർട്ടിക്കെതിരെ ഒരു വാക്കുപോലും പറയാൻ ജി. സുധാകരന് അവകാശമില്ല. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ഭീഷണിയല്ല. മത്സരിക്കണോ വേണ്ടയോ എന്നത് എല്ലാവരുടെയും വ്യക്തിപരമായ തീരുമാനമാണ്. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ വിഷയങ്ങൾ പരിശോധിക്കും. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.

പാർട്ടിക്കുള്ളിൽ നിന്ന് നിലപാട് പ്രകടിപ്പിക്കണമായിരുന്നു. പാർട്ടിയെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയായ പ്രവണതയല്ല. ഇടതുപക്ഷം തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ, പാർട്ടിയിൽ വളരെക്കാലം പ്രവർത്തിച്ച ഒരു സഖാവ് അസ്വസ്ഥനാകുന്നതെന്തിന്? മത്സരിക്കണമെങ്കിൽ അദ്ദേഹം മത്സരിക്കട്ടെ. പാർട്ടിയിലെ രാഷ്ട്രീയ കുറ്റവാളികൾ ആരാണെന്ന് ജി സുധാകരൻ വ്യക്തമാക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

Leave a Comment

More News