ശബരിമല സ്വര്‍ണ കവര്‍ച്ച കേസ്: കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി

കൊല്ലം: ശബരിമല സ്വര്‍ണ കവര്‍ച്ച കേസിലെ അവസാന പ്രതിയായ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് പ്രതിയാണ്. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ശങ്കരദാസിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്.

ശങ്കരദാസിനും ജാമ്യം ലഭിച്ചതോടെ, ശബരിമല സ്വർണ്ണ കവർച്ച കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്ത എല്ലാ പ്രതികളും ജയിൽ മോചിതരായി. പ്രത്യേക അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലിൽ കിടന്നു. എന്നാല്‍, കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞില്ല.

കേസിൽ ജയിലിൽ കഴിഞ്ഞ അവസാന പ്രതി ശങ്കർ ദാസ് ആയിരുന്നു. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർക്ക് ഇതിനകം ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് നേരത്തെ ജാമ്യം തേടിയെങ്കിലും കോടതി അത് നിരസിച്ചിരുന്നു. 2026 ജനുവരി 14 നാണ് ശങ്കരദാസിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

Leave a Comment

More News