മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം: രണ്ടു പേരുടേ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 98 ശതമാനം പൊള്ളലേറ്റ ഇവർ വെന്റിലേറ്ററിലാണ്. ആന്തരികാവയവങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനായി സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. 10 പേർ ഐസിയുവിലാണ്. മെഡിക്കൽ കോളേജിൽ മാത്രം 13 പേർ വിദഗ്ധ ചികിത്സയിലാണ്. നിസാര പരിക്കുകളുള്ള അഞ്ച് പേർ വാർഡുകളിലാണ്.

മൃതദേഹങ്ങളും ശരീരഭാഗങ്ങളും ശാസ്ത്രീയമായി തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം തൃശൂരിലെത്തി പരിശോധനകൾക്ക് നേതൃത്വം നൽകും. ബന്ധുക്കൾക്ക് കൈമാറേണ്ടവ ഉൾപ്പെടെ എല്ലാ മൃതദേഹങ്ങളിൽ നിന്നും ശരീരഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. ഇതിനുശേഷം മാത്രമേ പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കൈമാറുകയുള്ളൂ.

കാണാതായവരെ കണ്ടെത്തുന്നതിനായി ബന്ധുക്കളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കുകയും മൃതദേഹങ്ങളിൽ നിന്നുള്ള സാമ്പിളുകളുമായി താരതമ്യം ചെയ്യുകയും ചെയ്യും. അടയാളങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ ബുദ്ധിമുട്ടായതിനാൽ ഡിഎൻഎ പരിശോധനാ ഫലങ്ങൾ നിർണായകമാകും. പൂർണ്ണ ഫലങ്ങൾ ലഭിക്കാൻ ദിവസങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിനായി ഒരു പ്രത്യേക സൈക്കോളജിക്കൽ സപ്പോർട്ട് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കുന്നതിനായി മെഡിക്കൽ കോളേജ്, കളക്ടറേറ്റ്, താലൂക്ക്, വില്ലേജ് തലങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവരങ്ങൾ പോലീസുമായും പങ്കുവയ്ക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Comment

More News