മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍‌മാന്മര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: കേസ് അട്ടിമറിച്ച ഡിവൈ‌എസ്പിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കേരള സർക്കാർ ഉത്തരവിട്ടു. ഡിവൈഎസ്പിമാരായ അരുൺ കെഎസ്, കെപി തോംസൺ, സുനിൽ രാജ് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസ് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴികളിലൂടെയാണ് അന്വേഷണം അട്ടിമറിച്ചതായി ആരോപണം പുറത്തുവന്നത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു.

എഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് രേഖകൾ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ അവർ വകുപ്പുതല നടപടിയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വകുപ്പുതല അന്വേഷണം നടത്താൻ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ ആഭ്യന്തര സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയോട് (ഡിജിപി) നിർദ്ദേശിച്ചു.

Leave a Comment

More News