തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമണം നടത്തിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും സ്പീക്കർ പറഞ്ഞു.
പ്ലാറ്റ്‌ഫോമിൽ അവശയായി മന്ത്രി ഇരിക്കുന്നതു കണ്ടപ്പോള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തെന്നും സ്പീക്കർ വ്യക്തമാക്കി. മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കെഎസ്‌യു പെൺകുട്ടികൾ എന്തുകൊണ്ട് വന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തിൽ പണിമുടക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ചിലപ്പോള്‍ ജയിലിൽ കിടക്കേണ്ടിവരുമെന്ന് എ എൻ ഷംസീർ വ്യക്തമാക്കി. മുൻകാലങ്ങളിൽ തങ്ങള്‍ക്കെതിരെ വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൂന്നര വർഷത്തിലേറേ സ്പീക്കറായി സേവനമനുഷ്ഠിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമ പരിഷ്കാരങ്ങൾ നടപ്പിലാക്കി. സഭ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അംഗങ്ങൾ സഭയെ ഗൗരവമായി കാണണമെന്ന് ഷംസീർ പറഞ്ഞു.
പുതിയ എംഎൽഎമാർ സഭയെ ഗൗരവമായി കാണണം. സ്പീക്കറായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. പാർട്ടിയും ജനങ്ങളും എന്നെ ഏൽപ്പിച്ച ദൗത്യം ഞാൻ നല്ല രീതിയിൽ ചെയ്തു എന്നാണ് വിശ്വാസം. പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഞാൻ നിറവേറ്റിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ സജീവമാകും. തുടർന്നും ഭരണം നടത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
