മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി യുഡി‌എഫില്‍ വടം വലി; സതീശനും വേണുഗോപാലും ചെന്നിത്തലയും കരുനീക്കങ്ങള്‍ നടത്തുന്നതില്‍ ഹൈക്കമാന്റിന് അതൃപ്തി

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം ചൂടുപിടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളില്‍ സജീവമായി. കർശനമായ വിലക്കുകൾക്കിടയിലും കേരളത്തിലെ ഉന്നത നേതാക്കൾ ഇത്തരം ചരടുവലിയിൽ ഏർപ്പെടുന്നതിൽ ഹൈക്കമാൻഡും അതൃപ്തരാണെന്ന് സൂചനയുണ്ട്.

2006-ൽ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനെപ്പോലെ, പൊതുജനവികാരം തനിക്ക് അനുകൂലമാണെന്ന പ്രതീതി സൃഷ്ടിച്ച് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ വി.ഡി. സതീശനും ശ്രമിക്കുന്നു. കഴിഞ്ഞ രാത്രി മൂവാറ്റുപുഴയിലും വി.ഡി. സതീശന് അനുകൂലമായ ഒരു ഫ്ലക്സ് ഉയർന്നുവന്നു. ഇതിന്റെ ഭാഗമായി, സതീശനെ നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളിൽ കേരളത്തിലുടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ സതീശന്റെ അനുയായികൾ പദ്ധതിയിടുന്നുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം സതീശനെ പിന്തുണച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും നടക്കുമെന്ന് സൂചനയുണ്ട്. സതീശന് അനുകൂലമായി ജനവികാരം സൃഷ്ടിക്കുകയും അതുവഴി സതീശന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, വിജയ ശിൽപി, പടനായകൻ തുടങ്ങിയ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിലൂടെ വലിയൊരു പ്രചാരണത്തിന് സതീശൻ ക്യാമ്പ് ഒരുങ്ങുകയാണ്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ വിഭാഗവും സജീവമായി പ്രചാരണം നടത്തുന്നുണ്ട്. മാത്യു കുഴൽനാടൻ എംഎൽഎ ഡൽഹിയിലെത്തി കെ.സി. വേണുഗോപാലിനെ കണ്ടു. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന യുവനേതാക്കളിൽ മാത്യു കുഴൽനാടൻ ഒരു പ്രമുഖനാണ്. ഏകദേശം ഒന്നര മണിക്കൂറോളമാണ് വേണുഗോപാലുമായി കുഴല്‍‌നാടന്‍ ചര്‍ച്ച നടത്തിയത്. മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതെ അദ്ദേഹം പിൻവാതിലിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. യോഗത്തെക്കുറിച്ച് പ്രതികരിക്കാൻ കെ.സി. വേണുഗോപാലും വിസമ്മതിച്ചു.

കെ.സി. വേണുഗോപാലിന്റെ അനുയായിയായ ഒരു യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട് ഒരു ക്ഷേത്രത്തിൽ തുലാഭാരം നടത്താന്‍ ഒരുങ്ങുന്നുണ്ട്. മറ്റൊരു ഭക്തനും യൂത്ത് കോൺഗ്രസ് തൃശ്ശൂരിന്റെ മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. സി.എം. അനിൽ കുമാർ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാലക്കാടുള്ള ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്തുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഈ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് ഇന്ദിരാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു.

മുതിർന്ന നേതാക്കളുടെയും മറ്റും പിന്തുണ ഉറപ്പാക്കാൻ രമേശ് ചെന്നിത്തലയും ശ്രമിക്കുന്നുണ്ട്. പാർട്ടിയുടെ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പ്രചാരണം നടത്തുന്നത്. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ ചെന്നിത്തല ക്യാമ്പും ശ്രമിക്കുന്നതായി സൂചനയുണ്ട്.

അതേസമയം, യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ കൊടിക്കുന്നിൽ സുരേഷ് എംപിയും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പായി. കേരളത്തിന് ഒരു ദളിത് മുഖ്യമന്ത്രിയെ ആവശ്യമില്ലേ എന്ന ചോദ്യത്തിന് മെയ് നാലിന് ഉത്തരം നല്‍കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സാധാരണയായി ഫലം പുറത്തുവന്നതിനുശേഷം സംഭവിക്കാറുള്ള ഇത്തരം നാടകീയ നീക്കങ്ങൾ ഇപ്പോൾ സംസ്ഥാന കോൺഗ്രസിൽ സജീവമാകുന്നതിൽ ഹൈക്കമാൻഡ് അമ്പരപ്പിലാണ്. ഇത്തരം നീക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഹൈക്കമാൻഡിന്റെ ഭാഗമായ കെ.സി. വേണുഗോപാലും ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്റ് അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങൾ കൂടുതൽ പരിഹാസ്യമായ ദിശയിലേക്ക് പോകുന്നതിന്റെ അപകടം മനസ്സിലാക്കിയ രാഹുൽ ഗാന്ധി തന്നെ ഈ ചർച്ചകളും റാലികളും വിലക്കിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു കുലുക്കവുമില്ല.

Leave a Comment

More News