വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ ഇന്ന് പ്രതിഷ്ഠിക്കും; തിരുനാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു; ഇതിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ഇന്ന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നത്. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിത്തൂസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും.

തൃശൂര്‍ വെടിമരുന്ന് അപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എടത്വ പെരുന്നാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. യോഗശാലയല്‍ കൂടിയ പ്രതിപുരുഷയോഗത്തില്‍ വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ടിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുമെന്ന് വികാരി ജോസഫ് കളരിക്കല്‍ അറിയിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരാറുള്ള വെടികെട്ട് രണ്ടു ദിവസങ്ങളിലായി ഒരു മണിക്കൂറോളമാണ് നടക്കുന്നത്. പെരുന്നാളിന് എത്തുന്ന തീര്‍ത്ഥാടകരുടെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന ഈ മനോഹര വിസ്മയം കാണാനായി പതിനായിര കണക്കിന് തീര്‍ത്ഥാടകരാണ് വന്ന് കൊണ്ടിരുന്നത്.

എടത്വായിലേക്ക് തീര്‍ത്ഥാടക പ്രവാഹം ഇന്നുമുതല്‍ ആരംഭിക്കും. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ് തീര്‍ത്ഥാടകരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. പള്ളിയും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞു തുടങ്ങി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഭക്തജനങ്ങള്‍ എത്തിചേരുന്നുണ്ട്. തിരുസ്വരൂപത്തിന് മുമ്പില്‍ നേര്‍ച്ച-കാഴ്ച അര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും പള്ളിയില്‍നിന്ന് ലഭിക്കുന്ന നേര്‍ച്ച അരിയും അരിയുണ്ടയും കഴിനൂലും വാങ്ങി തൊഴുതാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്.

വാണിജ്യ മേളപ്പന്തലിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കച്ചവടക്കാരുടെയും തീര്‍ത്ഥാടകരുടെയും സൗകര്യാര്‍ത്ഥം 35000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലാണ് പള്ളിമൈതാനത്ത് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ പള്ളിയിലെ ദീപാലങ്കാരം ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. ഏഴിന് വൈകുന്നേരം 4 ന് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം കഴിയുന്നതോടെ തമിഴ്നാട്ടില്‍നിന്നുള്ള വിശ്വാസികള്‍ വിശുദ്ധന്റെ തിരുസ്വരൂപം ഇടവകക്കാര്‍ക്ക് കൈമാറും. തുടര്‍ന്ന് മെയ് 14 എട്ടാമിടം വരെ ഇടവകക്കാരാണ് തിരുനാള്‍ ആഘോഷിക്കുന്നത്. എട്ടാമിടദിനത്തില്‍ രാത്രി 9.30 ന് തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.

ചിത്രം: ഫ്രാൻസ് സ്റ്റുഡിയോ എടത്വ

Leave a Comment

More News