നിയമസഭയില്‍ ഇത്തവണ വനിതാ എം‌എല്‍‌എമാരുടെ പ്രാതിനിധ്യം കൗതുകമുണര്‍ത്തും

തിരുവനന്തപുരം: ഇത്തവണ നിയമസഭയില്‍ കോണ്‍ഗ്രസ് വനിതാ എം‌എല്‍‌എമാരുടെ പ്രാതിനിധ്യം കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരിക്കും. കൊല്ലത്ത് നിന്ന് ബിന്ദു കൃഷ്ണ, എലത്തൂരിൽ നിന്ന് വിദ്യാ ബാലകൃഷ്ണന്‍, കോങ്ങാട് നിന്ന് ഉജ്ജ്വല വിജയം കൈവരിച്ച തുളസി ടീച്ചർ, മാനനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയ ഉഷാ വിജയൻ എന്നിവരും, നാട്ടികയിൽ നിന്ന് എൽ.ഡി.എഫിന്റെ ഗീത ഗോപിയും ആറ്റിങ്ങലിൽ നിന്ന് ഒ.എസ്. അംബികയും നിയമസഭയിലെത്തും.

ചരിത്രത്തിലാദ്യമായി മുസ്ലീം ലീഗിന്റെ ആദ്യത്തെ വനിതാ എം‌എല്‍‌എയായി പേരാമ്പ്രയിൽ നിന്നുള്ള ഫാത്തിമ തഹിലിയ എത്തുന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ഫാത്തിമ നിയമസഭയിലെത്തുന്നത്. തൃക്കാക്കരയിൽ നിന്നുള്ള യുഡിഎഫിന്റെ ഉമ തോമസ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചു. മറുവശത്ത്, യു.ഡി.എഫിന്റെ പിന്തുണയോടെ വടകരയിൽ കെ.കെ. രമ വീണ്ടും തന്റെ ശക്തി തെളിയിച്ചു. അരൂരിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചുപിടിച്ചാണ് യു.ഡി.എഫിന്റെ ഷാനി മോൾ ഉസ്മാൻ ഇത്തവണ എംഎൽഎയാകുന്നത്. കൂടാതെ, ചിറയിന്‍‌കീഴില്‍ നിന്ന് രമ്യ ഹരിദാസും നിയമസഭയിലെത്തും.

മുൻ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാനി എന്നിവരുടെ പരാജയം എൽഡിഎഫ് നിരയിൽ വനിതാ പ്രാതിനിധ്യം കുറയാൻ കാരണമായി. എന്നാല്‍, യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ വനിതകള്‍ സഭയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധേയമാണ്.

Leave a Comment

More News