ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച വയനാട് ജില്ലയിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: മന്ത്രി അഡ്വ. ടി. സിദ്ധിഖ്

വയനാട്: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. സ്ഥിതി ഗതികള്‍ അവലോകനം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധനയും കിണറുകളില്‍ ക്ലോറിനേഷനും നടത്തും. നെന്മേനി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ചൊവ്വാഴ്ച തന്നെ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

ഷിഗെല്ല സ്ഥിരീകരിച്ചിന് ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും അവയുടെ ഏകോപനവും ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനമായി. ശുചിത്വം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടിച്ച് എല്ലാ സ്‌കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കും. നെന്മേനി പഞ്ചായത്തിന് പുറമെ നൂല്‍പ്പുഴ, അമ്പലവയല്‍ പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും ചൊവ്വാഴ്ച തന്നെ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബല്‍ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് വിദഗ്ധരും ഉള്‍പ്പെടുന്ന യോഗത്തില്‍ സ്‌കൂളുകളുടെയും വീടുകളുടെയും ഉന്നതികളുടെയും നിരീക്ഷണം സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള മറ്റ് കുട്ടികള്‍ പഠിക്കുന്ന 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 11 സ്‌കൂളുകളും ഒരു എഞ്ചിനീയറിങ് കോളേജുമാണ് ഇത്തരത്തിലുള്ളത്. ഇവിടങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തുകയും മെഡിക്കല്‍ സംഘങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും ചെയ്യും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ഉടന്‍ തന്നെ മെഡിക്കല്‍ സംഘങ്ങളുമായി ബന്ധപ്പെടുത്തി അടിയന്തര ഇടപെടലുകളുണ്ടാവും. നിലവില്‍ പഞ്ചായത്തുകള്‍ക്ക് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ ഇതിനോടകം കൈമാറിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ ജില്ലാഭരണകൂടവും പഞ്ചായത്തുകളും ചര്‍ച്ച ചെയ്ത് അത് ലഭ്യമാക്കും.

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വീടുകളിലേക്ക് മടങ്ങിയ ചില കുട്ടികള്‍ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കുട്ടികളുടെ നിരീക്ഷണത്തിന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നിലവില്‍ സ്റ്റോക്കുണ്ട്. സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളിലുള്ളത് 68 പേര്‍

ഇതുവരെ 443 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 158 പേരാണ് അഡ്മിറ്റായി ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 68 പേരാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. 26 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്. 163 പേരെ നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കുന്നുണ്ട്. ഇവരെ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. 463 പേരെ നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു. ഇവരില്‍ രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള 14 പേര്‍ക്ക് രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരോട് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു അധ്യാപികയ്ക്കും രോഗലക്ഷണമുണ്ട്.

എം എല്‍ എ ഐ.സി ബാലകൃഷണല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡിഎം ഒ ഡോ.കെ.ടി.രേഖ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News