കൊച്ചി: ചോറ്റാനിക്കരയിൽ കാമുകന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് പൊതുദർശനത്തിന് ശേഷം തൃപ്പൂണിത്തുറയിലെ മാർത്ത മറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കാമുകന്റെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 19 വയസ്സുള്ള പെൺകുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് പ്രതിയായ അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും അനൂപ് നിലവിൽ കേസ് നേരിടുന്നുണ്ട്.
പെൺകുട്ടിയിൽ നിന്ന് പണം തട്ടിയെടുത്ത് ലൈംഗികമായി ഉപയോഗിക്കുക എന്നതായിരുന്നു പ്രതിയായ അനൂപിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് പെൺകുട്ടി അമ്മയുമായി പോലും വഴക്കിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചാണ് അനൂപ് പെൺകുട്ടിയെ സമീപിച്ചത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്.
ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചുമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഇത്തരമൊരു സൗഹൃദത്തില്‍ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നവരില്‍ ഒരാളായി മാറി എറണാകുളം ചോറ്റാനിക്കരയിലെ പെണ്‍കുട്ടി. ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മാത്രമല്ല ഇന്ന് പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഫ്രീസര്‍ ഒഴിവില്ലാത്തതിനാല്‍ മൃതദേഹം ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് സൂക്ഷിച്ചത്.
പെണ്‍കുട്ടിയെ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റിക കൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ചോറ്റാനിക്കരയ്ക്കു സമീപമുള്ള വീട്ടിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 19കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ പെണ്‍കുട്ടിയുടെ കൈയില്‍ മുറിവേറ്റ് ഉറുമ്പരിക്കുന്ന നിലയിലായിരുന്നു.
അര്‍ധ നഗ്നാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ചേര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.