വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കടുത്ത ഇടപെടലിനെത്തുടർന്ന്, തങ്ങളുടെ മുൻ നിലപാട് തിരുത്തി സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ. ട്രംപിന്റെ ഇറാൻ യുദ്ധ നയങ്ങളെയും സൈനിക അധികാരങ്ങളെയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന യുദ്ധാധികാര പ്രമേയം ബുധനാഴ്ച രാത്രി വൈകി നടന്ന വോട്ടെടുപ്പിൽ സെനറ്റ് തള്ളി. 47-നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.
തൊട്ടുമുൻപത്തെ ദിവസം സമാനമായ മറ്റൊരു പ്രമേയം റിപ്പബ്ലിക്കൻമാരുടെ പിന്തുണയോടെ സെനറ്റ് പാസാക്കിയിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ ട്രംപ് കാപിറ്റോളിൽ നേരിട്ടെത്തി പാർട്ടി യോഗത്തിൽ സെനറ്റർമാരെ രൂക്ഷമായ ഭാഷയിൽ ശാസിച്ചതാണ് മണിക്കൂറുകൾക്കകം നാടകീയമായ നിലപാട് മാറ്റത്തിന് കാരണമായത്. യുദ്ധത്തെ പിന്തുണയ്ക്കാത്തവരെ “പരാജയപ്പെട്ടവർ” (losers) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
മീറ്റിംഗിൽ ട്രംപുമായി ശക്തമായ വാദപ്രതിവാദത്തിലേർപ്പെട്ട ലൂസിയാന സെനറ്റർ ബിൽ കാസിഡിക്ക്, പിന്നീട് വൈറ്റ് ഹൗസ് പ്രത്യേക യുദ്ധവിവരണം നൽകിയതോടെ അദ്ദേഹം പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാൻ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വട്ടത്തെ വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾക്കൊപ്പം നിന്ന കെന്റക്കി സെനറ്റർ റാൻഡ് പോൾ ഇത്തവണ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. നിലപാട് മാറ്റത്തിലൂടെ സെനറ്റ് റിപ്പബ്ലിക്കന്മാർ ട്രംപിന് വഴങ്ങിയതോടെ, വോട്ടെടുപ്പ് ഫലത്തിൽ ട്രംപ് പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
