സർക്കാർ ആശുപത്രികളുടെ സിഎസ്ആർ ഫണ്ടുകൾ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും; ആരോഗ്യ വകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സർക്കാർ ഫണ്ടുകൾക്ക് പുറമേ സിഎസ്ആർ ഫണ്ടുകളും ഉപയോഗിച്ച് സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പിന്റെ ഫിഫ്റ്റി അമേസിംഗ് ഡേയ്‌സ് ഇൻ ദി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഉദ്ഘാടനം ചെയ്ത് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമാണെന്ന സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പുലയനാർ കോട്ടയിലെ ആശുപത്രിയിൽ വാർഡുകൾ ഏറ്റെടുത്ത് 200 കിടക്കകൾ സജീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചത്. ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികൾക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ സേവനം ക്രമപ്പെടുത്തതിനുള്ള നടപടികൾ സ്വീകരിക്കും. കോഴിക്കോട് കോട്ടയം മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമിച്ച് അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും കൂടാതെ ഒഴിഞ്ഞ വാർഡുകൾ ഉണ്ടെങ്കിൽ അവിടെയും മെഡിക്കൽ കോളേജുകളിൽ അഡ്മിറ്റാക്കുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളുടെ സ്ഥലപരിമിതി സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും അതിനനുസരിച്ച് രോഗികൾക്ക് ആവശ്യമായ കിടക്കകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കെട്ടിടങ്ങൾ അടച്ചിടുന്നത് ഒഴിവാക്കും.

സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരെ സ്‌പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളിൽ മാത്രം നിയമിക്കും. വിദേശത്തു പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടാതെ അന്യസംസ്ഥാനങ്ങളിൽ പഠനം പൂർത്തിയാക്കിയ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളെ പറ്റി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. ക്രമക്കേടുകൾ ഉണ്ടെങ്കിൽ നടപടിയും ഉണ്ടാകും. ആരോഗ്യവകുപ്പിലെ നിലവിലുള്ള ഒഴിവുകളിൽ പിഎസ്സി മുഖേന നിയമനം നടത്തും.

പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ എയിംസ് നഷ്ടപ്പെടാതിരിക്കുന്നതിനായി ഒന്നിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി അതിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കും. വയനാട് മെഡിക്കൽ കോളേജിലെ സൗകര്യ വികസനത്തിന് മാനന്തവാടിയിലെ കെഎസ്ഇബിയുടെ വക സ്ഥലം പ്രയോജനപ്പെടുത്തും. കൽപ്പറ്റ മടക്കി മലയിൽ എംപി വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനൽകിയ സ്ഥലത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നിലവിലെ അടിസ്ഥാന സൗകര്യ വികസന ഉൾപ്പെടെയുള്ള പരിഹരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

വരുംതലമുറയ്ക്കായുള്ള കരുതലായാണ് ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് റിഹാബിലിറ്റേഷൻ സെന്റർ നടപ്പാക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് കൂടുതൽ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വരും തലമുറയ്ക്കായി സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ നാമനിർദ്ദേശം ചെയ്യും. ആശുപത്രിയിലെ അറ്റൻഡർ വാച്ച്മാൻ തസ്തികകളിൽ വസ്തുക്കളിൽ നിയമിക്കുന്നവർക്ക് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

നിപ്പ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് കർശനമായി നടപടികളാണ് സ്വീകരിച്ചിരുന്നത് കൂടാതെ മാലിന്യനീക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ ഫീവറിനുള്ള വാക്സിനേഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ഡിഎംഒ ഡോക്ടർ ബിന്ദു മോഹൻ എന്നിവർ സംസാരിച്ചു.

ആരോഗ്യവകുപ്പ് നടപ്പാക്കിയ 50 ദിന വിസ്മയങ്ങൾ

സമ്പൂർണ ശുചിത്വത്തിന് നല്ല തുടക്കം

ആരോഗ്യമേഖലയുടെ നല്ല തുടക്കം ‘തുടക്കം’ കാമ്പയിനിലൂടെ. ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും മാലിന്യ മുക്തമാക്കുന്നതിനുള്ള കർമ്മ പദ്ധതി മെയ് 30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നടപ്പിലാക്കി വരുന്നു. ഏകദേശം 50 ലോഡ് മാലിന്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നീക്കം ചെയ്തു. ആശുപത്രിയിലെ വാർഡുകൾ വൃത്തിയാക്കുന്നതിലൂടെ ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വം നിർബന്ധമാണെന്ന അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു.

ഡ്രൈഡേയിലൂടെ ജനകീയ മാതൃക

പകർച്ചവ്യാധികൾക്കെതിരെ മൂന്ന് ദിവസത്തെ ഡ്രൈ ഡേ കാമ്പയിന് തുടക്കം കുറിച്ചു. വെള്ളിയാഴ്ച്ച സ്‌കൂളുകളിലും, ശനിയാഴ്ച്ച ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഞായറാഴ്ച്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തങ്ങൾ നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനനന്തപുരം ജവഹർ നഗറിലെ സ്വവസതിയിൽ വച്ച് ജൂൺ 21 ന് ആരോഗ്യവകുപ്പ് മന്ത്രി നിർവ്വഹിച്ചു.

പകർച്ചവ്യാധികൾക്കെതിരെ അണിനിരന്ന് വിദ്യാർത്ഥികളും

സ്‌കൂൾ തല ശുചിത്വ പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ ജൂൺ 30 ന് ആരോഗ്യവകുപ്പ് മന്ത്രി നിർവ്വഹിച്ചു. വിദ്യാർത്ഥികളിലൂടെ ശുചീകരണ പ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രസ്ത പരിപാടിക്ക് തുടക്കം കുറിച്ചത്.

കായകല്പം പരിപാടിയുടെ ഭാഗമായി വന്ന മാറ്റങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താനാകുന്ന വെർച്വൽ ഓട്ടോപ്സി സൗകര്യം ഏർപ്പെടുത്തും. താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയായി ഉയർത്തും, ആവശ്യമായ സ്റ്റാഫ് പാറ്റേൺ അനുവദിക്കും. പേരാമ്പ്രയിൽ മൊബൈൽ ട്രൈബൽ യൂണിറ്റ് സ്ഥാപിക്കും. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന തീരുമാനങ്ങളാണ് കായകല്പം വഴി ഉണ്ടായത്. വൈത്തിരി താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയായി ഉയർത്തും ആവശ്യമായ സ്റ്റാഫ് പാറ്റേണും ഉറപ്പുവരുത്തും. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ വയനാട് ഉൾപ്പെടെയുള്ള റൂറൽ മേഖലകളിലേക്ക് റീജിയണൽ റിക്രൂട്ട്മെന്റ് നടത്തുന്നത് പരിഗണിക്കും. വയനാട് മെഡിക്കൽ കോളേജിന് റേഡിയോളജി വിഭാഗവും ലബോറട്ടറി വിഭാഗവും തുടങ്ങും. വയനാട്ടിൽ ആദ്യമായി എം.ആർ.ഐ സൗകര്യവും സി.ടി, എക്സ്റേ, അൾട്രാസൗണ്ട് ആൻഡ് വൈറോജി ലാബ് എന്നിവ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുമായി സഹകരിച്ച് ആരംഭിക്കും.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകാൻ ഹൈ പവര്‍ കമ്മറ്റി

കേരളത്തിലെ പകർച്ചവ്യാധി വ്യാപനം ശാസ്ത്രീയമായി മനസ്സിലാക്കി അതിനെതിരെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഡോ. എസ്. എസ്. ലാൽ അധ്യക്ഷനായ ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News