വിദേശവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും പല ആഗ്രഹങ്ങൾക്കൊപ്പം മനസ്സിലെ വിലപ്പെട്ട ഒരാഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമം ഒന്ന് സന്ദർശിക്കണം. പക്ഷെ എന്തുകൊണ്ടോ നാളിതുവരെ അത് നടന്നില്ല. 1998-ലാണ് അമ്മയുടെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പോകുവാനും, അമ്മയുടെ ദർശനം ലഭിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചത്. പക്ഷെ പിന്നെ എന്തുകൊണ്ടോ അങ്ങിനെ ഒരു സൗഭാഗ്യം, ഭൗതികതയുടെ പിന്നാലെയുള്ള പാച്ചിലിൽ ലഭിച്ചില്ല, അല്ലെങ്കിൽ അതിന്നായി സമയം കണ്ടെത്തിയില്ല എന്നതാണ് സത്യം.
കാനഡയിലെ “‘അമ്മ” യുടെ ആശ്രമത്തിൽ നിന്നുള്ള അറിയിപ്പുകൾ നിരന്തരമായി ഇമെയിൽ വഴി ലഭിക്കാറുണ്ട് എങ്കിലും, നാളെ, നാളെ എന്ന് മാറ്റി വെച്ച് സമയവും, കാലവും തള്ളി നീക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞു പുറത്തു പെയ്യുന്ന മഴയും ആസ്വദിച്ചിരിക്കുമ്പോഴാണ് സഹധർമ്മിണിയോട് പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചത്…. നമുക്ക് “അമ്മ” യുടെ ആശ്രമത്തിൽ വരെ ഒന്ന് പോയാലോ? പെട്ടെന്ന് ഉത്തരവും ലഭിച്ചു , പോകാം… ഉടൻ തന്നെ അമ്മയുടെ വെബ്സൈറ്റ് നോക്കി വിലാസം ഉറപ്പു വരുത്തി. ഒന്ന് കൂടി ഉറപ്പുവരുത്തുവാൻ ആശ്രമത്തിൽ മുൻപ് പോയിട്ടുള്ള ഒരു സുഹൃത്തിനെ വിളിച്ചു.
വൈകിട്ട് നാലു മണിമുതലാണ് ആശ്രമത്തിലെ സത്സംഗം. കൃത്യ സമയത്തിന് അല്പം മുൻപേ ആശ്രമത്തിൽ എത്തി. അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്, ഗുരു പൂർണ്ണിമ പ്രമാണിച്ച് ഇന്ന് പ്രത്യേക ഭജൻ, പ്രഭാഷണം ഒക്കെ ഉണ്ട് എന്ന്. അതിന്നായി സ്വാമി രാമാനന്ദ ചൈതന്യ എത്തിച്ചേർന്നിട്ടുണ്ട് എന്നു. ഗുരുപൂർണ്ണിമയോടനുബന്ധിച്ചു പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് ഗുരു എത്തിച്ചേർന്നപ്പോൾ ഒരേസ്വരത്തിൽ “മാതാ അമൃതേശ്വരഃ നമഃ ” എന്ന മന്ത്രോച്ചാരണം മുഴങ്ങി.
പിന്നീട് നടന്ന ഭഭജൻ, അഭിഷേകം, ഗുരു പൂർണ്ണിമയോടനുബന്ധിച്ചുള്ള പ്രഭാഷണം അർച്ചന, തുടർന്ന് നിരവധി ഭാഷകളിൽ ഉള്ള പ്രാർത്ഥനാ ഗീതാലാപനം, ഗുരുവിൽ നിന്നും, അഭിഷേകം കഴിഞ്ഞു പ്രസാദം കൈപറ്റി അനുഗ്രഹം വാങ്ങി ഒന്നിച്ചുള്ള ഭക്ഷണത്തിനായി എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
പ്രഭാഷണത്തിൽ സ്വാമിജി വിവക്ഷിച്ച വളരെ പ്രധാനമായ കാര്യങ്ങൾ :
പൂർണ്ണ ചന്ദ്രന്റെ പ്രതീകം: ഗുരുവിനെ ജ്ഞാനത്തിന്റെ സൂര്യനായി മാത്രമല്ല, മനസ്സിന് കുളിർമയും ശാന്തിയും പകരുന്ന പൂർണ്ണചന്ദ്രനായും, ഗുരുവിനോടുള്ള സമർപ്പണം ഭക്തിയുടെയും വിശ്വാസത്തിന്റെയും പൂർണ്ണതയാണ് (ആത്മസമർപ്പണം), എല്ലാ ജീവജാലങ്ങളോടും കാരുണ്യവും സഹനവും കാണിക്കുമ്പോഴാണ് ഉള്ളിലെ ഗുരു ഉണരുന്നത് (സ്നേഹവും,സേവനവും) , ഇങ്ങനെ വളരെ അർത്ഥവത്തായ വിഷയങ്ങളിലൂന്നിയുള്ള സംഭാഷണവും,ചർച്ചകളും മനസ്സിന് കുളിർമ്മ നൽകുന്നതായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ ഒത്തുകൂടി “അമ്മയുടെ” ചരണത്തിൽ ആരതി നടത്തി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. വിശാലമായ പ്രാർത്ഥനാ മുറിയുടെ വശത്തായി അമ്മയുടെ ഒട്ടനവധി പുസ്തകങ്ങൾ ലഭ്യമാണ്., ഒപ്പം, രുദ്രാക്ഷവും, മറ്റു സാമഗ്രകളും. കൂടാതെ, വളരെ ചെറിയ സംഭാവന നൽകി ആശ്രമത്തിലെ കൃഷിയിടത്തിൽ സമൃദ്ധമായി വിളവെടുത്ത പച്ചക്കറികൾ കൂടി വാങ്ങാം.
ടൊറോന്റോയുടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു 22 കി മീ ദൂരത്തിൽ ഗ്രാമീണതയുടെ ശാലീനമായ അന്തരീക്ഷത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. 14 ഏക്കർ വിസ്തൃതി ഉള്ള ആശ്രമ ഭൂമിയിൽ 200-ൽ അധികം ആപ്പിൾ മരങ്ങൾ, പിയേഴ്സ്, പലതരം പച്ചക്കറികൾ എന്നിവ കൃഷി ചെയ്തിരിക്കുന്നു. വളരെ ശാലീന സുന്ദരമായ, നഗരത്തിന്റെ യാതൊരു വിധ കലർപ്പും ഇല്ലാത്ത, വിശാലമായ ഫാമുകൾക്കൊപ്പം മന്ത്രോച്ചാരണത്താൽ ഭലഭൂയിഷ്ടമായ ആശ്രമത്തിൽ ഒട്ടനവധി സന്നദ്ധ പ്രവർത്തകർക്കും, തൊഴിലന്വേഷകര്ക്കും, കൃഷിയെ സ്നേഹിക്കുന്നവർക്കും അവസരങ്ങൾ നൽകുന്നു എന്നതാണ് വളരെ എടുത്തു പറയേണ്ടുന്ന കാര്യം.
നഗരത്തിലെ തിരക്കുകളിൽ നിന്ന് ആഴ്ച്ചയവസാനം (ശനിയാഴ്ചകളിൽ) ഒരു സമാധാന അന്തരീക്ഷം നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ കുട്ടികളുമൊത്ത് സന്ദര്ശിക്കുവാന് “അമ്മയുടെ” അടുത്തേയ്ക്കു യാത്രയാകൂ.
പ്രാർത്ഥനാ സമയവും കർമ്മ മേഖലകളെ കുറിച്ചും മറ്റും കൂടുതലായി അറിയുവാൻ Address: 9158 Trafalgar Road, Georgetown, ON, L7G 4S5, Email: ammatoronto@ammagroups.org
