- ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴാഴ്ച നീളുന്ന വിപുലമായ വേനൽക്കാല കമ്മ്യൂണിറ്റി പരിപാടികൾ ഒരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്).
- ബീച്ച് ഫിറ്റ്നസ്, ഷാർജ സാറ്റർഡേ റൺ, കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, തീയറ്റർ ഷോ, കുടുംബ വിനോദങ്ങൾ എന്നിവയടക്കം വേനൽക്കാലം അവസാനിക്കുന്നതുവരെ വരെ 50-ലേറെ പരിപാടികളാണ് ഷാർജയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്.
- യുഎഇയുടെ ‘ഇയർ ഓഫ് ദ ഫാമിലി 2026’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബങ്ങൾക്കും സമൂഹത്തിനും ഒരുമിച്ച് സമയം ചെലവഴിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും കുട്ടികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും നേടാനുമുള്ള അവസരങ്ങളാണ് ഇതിലൂടെ ഒരുക്കുന്നതെന്ന് ഷൂറൂഖ് അറിയിച്ചു.
അൽഹീറ, ഖോർഫക്കാൻ ബീച്ചുകളിൽ ഏഴാഴ്ച നീളുന്ന സൗജന്യ ബീച്ച് ഫിറ്റ്നസ് പരിപാടികൾ
ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് 6 മുതൽ 7 വരെ ഷാർജ അൽ ഹീറ ബീച്ചിലും ഖോർഫക്കാൻ ബീച്ചിലുമായി പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് ക്ലാസുകൾ സംഘടിപ്പിക്കും. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമെല്ലാം പങ്കെടുക്കാവുന്ന തരത്തിൽ നിരവധി പരശീലനപരിപാടികൾ ഇതിന്റെ ഭാഗമായുണ്ടാവും. ആകെ 28 സെഷനുകളാണ് സംഘടിപ്പിക്കുന്നത്.
സൺസെറ്റ് യോഗ, ബീച്ച് റണ്ണിംഗ്, ഫാമിലി ഫിറ്റ്നസ്, വനിതകൾക്കായുള്ള പ്രത്യേക സെഷനുകൾ, ടീം ചലഞ്ചുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് പരിപാടികളുടെ നിര. മൂന്നര കിലോമീറ്റർ നീളമുള്ള അൽ ഹീറ ബീച്ചിൽ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കായിക സൗകര്യങ്ങൾ, വാട്ടർഫ്രണ്ട് റെസ്റ്റോറന്റുകൾ എന്നീ സൗകര്യങ്ങളുമുണ്ട്.
ഫങ്ഷണൽ ഫിറ്റ്നസ്, സൈക്ലിങ്, യോഗ, കമ്മ്യൂണിറ്റി റൺ, മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന വർക് ഷോപ്പുകൾ എന്നിവയാണ് ഖോർഫക്കാൻ ബീച്ചിൽ നടക്കുന്നത്. ഇതിനു പുറമെ സെപ്റ്റംബർ അവസാന വാരത്തിൽ വിപുലമായ കമ്മ്യൂണിറ്റി ഫിറ്റ്നസ് പരിപാടിയും നടക്കും.
വരുന്നു, ‘ഷാർജ സാറ്റർഡേ റൺ’
കമ്മ്യൂണിറ്റി റണ്ണിംഗ് കൂടുതൽ ജനകീയമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഷാർജ സാറ്റർഡേ റൺ. താമസക്കാർക്കും സന്ദർശകർക്കുമെല്ലാം ഒരുപോലെ പങ്കെടുക്കാവുന്ന പരിപാടി തീർത്തും സൗജന്യമായിട്ടാവും അരങ്ങേറുക. നാല് റണ്ണുകളാണ് ഈ വേനൽക്കാലത്തേക്കായി നിശ്ചയിച്ചിരിക്കുന്നത്.
ഷാർജയിലെ പ്രശസ്ത വിനോദകേന്ദ്രങ്ങളായ അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളാണ് ഓട്ടത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ്.
ഓഗസ്റ്റ് 15ന് ഷാർജ അൽ ഖസ്ബയിൽ ആരംഭിക്കുന്ന പരമ്പര ഓഗസ്റ്റ് 22-ന് അൽ മജാസ് വാട്ടർഫ്രണ്ടിലും, ഓഗസ്റ്റ് 29-ന് വീണ്ടും അൽ ഖസ്ബയിലും, സെപ്റ്റംബർ 5-ന് അൽ മജാസ് വാട്ടർഫ്രണ്ടിലും നടക്കും.
വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന മട്ടിലാണ് എല്ലാ റണ്ണുകളും ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന പരിപാടിയുടെ ഭാഗമാവാൻ താത്പര്യമുള്ളവർ വൈകുന്നേരം 5.45നകം മീറ്റിങ് പോയിന്റിലെത്തണം. അൽ ഖസ്ബയിൽ സ്റ്റാർബക്സിനും അൽ മജാസ് വാട്ടർഫ്രണ്ടിൽ ടിം ഹോർട്ടൺസിനും സമീപമാണ് മീറ്റിങ് പോയിന്റുകൾ.
പങ്കെടുക്കാൻ discovershurooq എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
കുട്ടികൾക്കായി സമ്മർ എക്സ്പ്ലോറർ ക്യാമ്പ്
ഏഴ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി അൽ ഖസ്ബയിൽ ഓഗസ്റ്റ് 10 മുതൽ 27 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സമ്മർ എക്സ്പ്ലോറർ ക്യാമ്പ് 2026 സംഘടിപ്പിക്കും.
കുട്ടികളുടെ സർഗാത്മകതയും ആശയവിനിമയശേഷിയും നേതൃപാടവവും വളർത്തുകയാണ് ലക്ഷ്യമിടുന്ന ക്യാമ്പിന്റെ ഭാഗമായി ശാസ്ത്ര പരീക്ഷണങ്ങൾ, റോബോട്ടിക്സ്, കോഡിങ്, എൻജിനീയറിങ് ചലഞ്ചുകൾ, പബ്ലിക് സ്പീക്കിങ്, ഫോട്ടോഗ്രഫി, സ്റ്റോറി ടെല്ലിങ് എന്നിവ ഉൾപ്പെടുന്ന പരിശീലനകളരികളുണ്ടാവും. ഈ പരിശീലനത്തിന് നിശ്ചിതഫീസ് ബാധകമാണ്.
ഓഗസ്റ്റ് 27 മുതൽ 30 വരെ മസ്ര അൽ ഖസ്ബ തീയറ്ററിൽ ഗോൾഡിലോക്ക്സ് ആൻഡ് ത്രീ ബെയേഴ്സ് എന്ന കുട്ടികളുടെ നാടകവും അരങ്ങേറുന്നുണ്ട്.
കുടുംബങ്ങളെ വരവേൽക്കാൻ അൽമജാസ് വാട്ടർഫ്രണ്ട്
ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് 6 മുതൽ 8 വരെ അൽ മജാസ് വാട്ടർഫ്രണ്ടിലെ സ്പ്ലാഷ് പാർക്കും കിഡ്സ് ഫൺ ഹൗസും കേന്ദ്രീകരിച്ച് കുടുംബ വിനോദപരിപാടികൾ സംഘടിപ്പിക്കും.
ലൈവ് പ്രകടനങ്ങൾ, കഥാപാത്ര പരേഡുകൾ, കുട്ടികൾക്കായുള്ള സംവേദനാത്മക ഗെയിമുകൾ എന്നിവയടക്കം, ഏഴ് ആഴ്ചകളിലായി പതിനാല് പ്രത്യേക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയെ അറിയാം, മെലീഹയിലും അൽ നൂർ ദ്വീപിലും
വിനോദങ്ങൾക്കും ആരോഗ്യസംരക്ഷണത്തോടുമൊപ്പം പ്രകൃതിയോട് ചേർന്നുനിൽക്കുന്ന പ്രത്യേക വേനൽക്കാല പരിപാടികളും ഷാർജയിൽ അനുഭവിച്ചറിയാം.
ഷാർജയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന അൽ നൂർ ദ്വീപിൽ, എല്ലാ വാരാന്ത്യങ്ങളിലും വൈകീട്ട് 5 മുതൽ 7 വരെ പ്രകൃതി പഠനം, കലാപരമായ വർക്ക്‌ഷോപ്പുകൾ, സസ്യത്തൈ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജൈവവൈവിധ്യവും പരിസ്ഥിതി സംരക്ഷണവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
മ്യൂസിയം സന്ദർശനം, അസ്തമയകാഴ്ചകൾ ആസ്വദിച്ചുള്ള മരുഭൂമി സഫാരി, വാനനിരീക്ഷണം, പുരാവസ്തുഗവേഷണത്തിന്റെ ബാലപാഠങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യകേ ശില്പശാലകൾ എന്നിവയാണ് മെലീഹ നാഷണൽ പാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പ്രത്യേക സമ്മർ പാക്കേജുകളും ഇവിടെ ലഭ്യമാണ്.
ഇതിനുപുറമെ, ഷുറൂഖിന് കീഴിലുള്ള അൽ മുൻതസ പാർക്സ്, ഹാർട്ട് ഓഫ് ഷാർജ, ഹൗസ് ഓഫ് വിസ്ഡം, കൽബ വാട്ടർഫ്രണ്ട്, അൽ റഹ്മാനിയ പാർക്ക്, ദി ഫ്ലാഗ് ഐലൻഡ് എന്നീ കേന്ദ്രങ്ങളിലും പ്രത്യേക വേനൽക്കാല പരിപാടികൾ അരങ്ങേറുന്നുണ്ട്.
പരിപാടികളുടെ സമയക്രമം, രജിസ്ട്രേഷൻ, ഫീസ്, ബുക്കിങ് തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.discovershurooq.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
