ന്യൂഡൽഹി: വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താൻ ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ഹസീന വ്യക്തമാക്കി.
2024-ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണ് 15 വർഷം നീണ്ട ഹസീനയുടെ ഭരണത്തിന് അന്ത്യമായത്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ അഭയം തേടിയ ഹസീന അന്നുമുതൽ ഇന്ത്യയില് തുടരുകയാണ്.
പ്രക്ഷോഭകാരികൾക്കെതിരെ സർക്കാർ നടത്തിയ രൂക്ഷമായ അടിച്ചമർത്തലുമായി ബന്ധപ്പെട്ട് 2025-ൽ ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. നൂറു കണക്കിന് ആളുകളുടെ മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ നടപടികൾക്ക് ഉത്തരവാദി ഹസീനയാണെന്ന് കണ്ടെത്തിയായിരുന്നു വിധി. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളിൽ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം ഹസീന നിഷേധിച്ചു. വിചാരണയുടെ നിയമസാധുത ചോദ്യം ചെയ്ത അവർ ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ അതിന് തയ്യാറായിട്ടില്ല.
“മരണമാണ് എന്റെ വിധിയെങ്കിൽ, അത് സ്വന്തം രാജ്യത്തിന്റെ മണ്ണിൽ, സ്വന്തം ജനങ്ങൾക്കിടയിൽ സംഭവിക്കുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ഞാൻ ബംഗ്ലാദേശിലേക്ക് മടങ്ങും. ആ തീരുമാനത്തിൽ ഒരു മാറ്റവുമില്ല,” ഹസീന പറഞ്ഞു.
എന്നാൽ ഇന്ത്യയിൽ നിന്ന് എങ്ങനെയാണ് ബംഗ്ലാദേശിലേക്ക് മടങ്ങുകയെന്ന കാര്യത്തിൽ അവർ വ്യക്തത വരുത്തിയിട്ടില്ല. രാജ്യത്തെത്തിയാൽ ഉടൻ അറസ്റ്റിലാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
‘തിരിച്ചെത്തിയാൽ എന്നെ അറസ്റ്റ് ചെയ്തേക്കാമെന്ന് അറിയാം. ജയിലിലടയ്ക്കുകയോ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്തേക്കാം. ഈ അപകടസാധ്യതകളെക്കുറിച്ച് എനിക്ക് പൂർണ ബോധ്യമുണ്ട്. എന്നാൽ എന്റെ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് ദൂരെ നിന്ന് നോക്കി നിൽക്കാൻ ജീവിതകാലം മുഴുവൻ എനിക്ക് കഴിയില്ല,’ ഹസീന വ്യക്തമാക്കി.
ഹസീനയുടെ പുറത്താകലിനെത്തുടർന്ന് സമാധാനത്തിനുള്ള നോബേല് സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റിരുന്നു. ഏകദേശം 18 മാസത്തോളം അദ്ദേഹം രാജ്യത്തെ നയിച്ചു.
തുടർന്ന് ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ഹസീനയുടെ ദീർഘകാല രാഷ്ട്രീയ എതിരാളിയുമായ താരിഖ് റഹ്മാൻ വൻ വിജയം നേടി അധികാരത്തിലെത്തി. എന്നാൽ, ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകിയിരുന്നില്ല.
അവാമി ലീഗിനെതിരായ നിയന്ത്രണങ്ങളും നേതാക്കൾക്കെതിരായ നടപടികളും തുടരുന്നതിനിടെയാണ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനം. പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും വിലക്കുണ്ട്. നിരവധി മുതിർന്ന നേതാക്കൾ അറസ്റ്റിലാകുകയോ രാജ്യം വിടാൻ നിർബന്ധിതരാകുകയോ ചെയ്ത സാഹചര്യത്തിൽ പാർട്ടിയുടെ രാഷ്ട്രീയഭാവിയും അനിശ്ചിതത്വത്തിലാണ്.
2024 ഓഗസ്റ്റിന് ശേഷം അവാമി ലീഗിലെ കുറഞ്ഞത് 20,000 പ്രവർത്തകർ കൊല്ലപ്പെട്ടതായി ഹസീന ആരോപിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ അറസ്റ്റിനും പീഡനത്തിനും ഇരയായെന്നും നിരവധി പേർ ഒളിവിൽ കഴിയേണ്ടിവന്നെന്നും അവർ പറഞ്ഞു. രാഷ്ട്രീയബന്ധത്തിന്റെ പേരിൽ അനുയായികൾക്ക് വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടതായും ഹസീന ആരോപിച്ചു.
“രാജ്യത്ത് സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ ജനാധിപത്യപരമായ ഇടപെടലുകൾക്കോ അനുകൂലമായ സാഹചര്യമില്ല. അധികാരികൾ ആസൂത്രിതമായി ഞങ്ങളുടെ പാർട്ടിയെ അടിച്ചമർത്തുകയാണ്,” അവർ കുറ്റപ്പെടുത്തി.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും സമീപമാസങ്ങളിൽ ബംഗ്ലാദേശിലെ പൗരാവകാശ, രാഷ്ട്രീയ സ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിലായവർക്കെതിരെ വ്യക്തമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം.
സുരക്ഷിതമായ തിരിച്ചു പോക്ക് ഉറപ്പാക്കാൻ ഇന്ത്യയോ അമേരിക്കയോ പോലുള്ള രാജ്യങ്ങളുടെ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും ഹസീന വ്യക്തമായ മറുപടി നൽകി. താൻ ഒരു വിദേശ രാജ്യത്തിന്റെയും സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.
“എല്ലാ രാജ്യങ്ങളുമായും സൗഹൃദവും സഹകരണവും നിലനിർത്തുന്നതിന് ഞാൻ പ്രാധാന്യം നൽകുന്നു. അതായിരുന്നു എന്നും ബംഗ്ലാദേശിന്റെ വിദേശനയം. എന്നാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഒരു വിദേശശക്തിയുടെയും അനുഗ്രഹം എനിക്ക് ആവശ്യമില്ല,” ഹസീന വ്യക്തമാക്കി.
ബംഗ്ലാദേശിലെ തീവ്രവാദ സ്വാധീനം വർധിക്കുന്നതിലും ഹസീന ആശങ്ക പ്രകടിപ്പിച്ചു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകാലത്ത് ഉദാരവാദ ശക്തികളെ അടിച്ചമർത്താൻ ശ്രമിക്കുന്ന തീവ്രനിലപാടുകാരുടെ സ്വാധീനം വർധിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സ്വതന്ത്ര നിരീക്ഷകരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളും ഭീഷണികൾ നേരിടുന്നതായി പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിഷേധിച്ചിരുന്നു. രാജ്യത്തെ ക്രമസമാധാനനില വഷളാകുന്നതുമായി ബന്ധപ്പെട്ട് നിലവിലെ താരിഖ് റഹ്മാൻ സർക്കാരും വിമർശനങ്ങൾ നേരിടുന്നുണ്ട്.
തന്റെ 15 വർഷത്തെ ഭരണകാലത്ത് തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹസീന, നിലവിലെ രാഷ്ട്രീയ സാഹചര്യം കടുത്ത നിലപാടുള്ള വിഭാഗങ്ങൾക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
“ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തീവ്രവാദ ശക്തികൾക്ക് കൂടുതൽ ധൈര്യത്തോടെ പ്രവർത്തിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്,” ഹസീന പറഞ്ഞു.
വധശിക്ഷയും അറസ്റ്റും ഉൾപ്പെടെയുള്ള ഭീഷണികൾ നിലനിൽക്കുമ്പോഴും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയാണ് മുൻ പ്രധാനമന്ത്രി. എന്നാൽ അവരുടെ തിരിച്ചുവരവ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് മാറ്റങ്ങളുണ്ടാക്കുമെന്നതും അധികാരികൾ എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകമാണ്.
