പരാമസ്, ന്യൂജേഴ്‌സി: ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (BCMC) ആഭിമുഖ്യത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് 15-ന് സംഘടിപ്പിച്ച ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും കുടുംബസംഗമവും പിക്നിക്കും പങ്കെടുത്തവർക്ക് ആസ്വാദ്യകരവും ഗൃഹാതുരസ്മരണകൾ ഉണർത്തുന്നതുമായ അനുഭവമായി.
പ്രകൃതിരമണീയമായ പരാമസിലെ വാൻ സോൺ കൗണ്ടി പാർക്കിൽ നടന്ന ആഘോഷത്തിൽ ന്യൂജേഴ്‌സിയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനും പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒരുമിച്ചുകൂടുന്നതിനുമുള്ള വേദിയായി സ്വാതന്ത്ര്യദിനാഘോഷവും പിക്നിക്കും മാറി.
വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ആൻഡ്രൂ പാപ്പച്ചൻ, കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് നൈനാൻ ജേക്കബ്, ട്രഷറർ തോമസ് ജേക്കബ്, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ കോശി കുരുവിള, ദേവസ്സി പാലാട്ടി തുടങ്ങിയവരും കേരള സമാജം ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ച് അലൻ വർഗീസും ചടങ്ങിൽ സംബന്ധിച്ചു.
ഏറെ വർഷത്തെ ഇടവേളയ്ക്കുശേഷം, പരിമിതമായ സമയത്തിനുള്ളിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നിട്ടും വിവിധ സംഘടനകളിലുള്ളവരെ ഒരുമിപ്പിച്ച ഈ കൂട്ടായ്മ ഏറെ സന്തോഷകരവും ഹൃദ്യവുമായ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രസിഡന്റ് വർഗീസ് പ്ലാമ്മൂട്ടിൽ നന്ദി രേഖപ്പെടുത്തി. ബി.സി.എം.സി. വൈസ് പ്രസിഡന്റ് റോയി ജേക്കബ് കൊടുമൺ, സെക്രട്ടറി രാജൻ മാത്യു മോഡയിൽ, ട്രഷറർ സാമുവൽ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി/അസിസ്റ്റന്റ് ട്രഷറർ സി.എസ്. രാജു എന്നിവരുടെയും കമ്മിറ്റി അംഗങ്ങളുടെയും ആത്മാർഥമായ സേവനത്തെയും സഹകരണത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ അഭിമാനവും മാതൃരാജ്യത്തോടുള്ള സ്നേഹവും പങ്കുവെച്ചുകൊണ്ട്, സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഓർമകൾ മനസ്സിൽ സൂക്ഷിച്ച് വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയോടെയാണ് പങ്കെടുത്തവർ മടങ്ങിയത്.


