അടുത്ത സുഹൃത്തുക്കളായിരുന്ന ആ മൂവരില്‍ ഒരാള്‍ എങ്ങനെ കൊലയാളിയായി?; കാലിഫോര്‍ണിയയില്‍ മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ മലയാളികള്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അമേരിക്കന്‍ മലയാളികള്‍. മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ടു മലയാളി യുവതികളായ തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി, തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു എന്നിവരെയാണ് അവരുടെ സുഹൃത്തും അതേ അപ്പാര്‍ട്ട്മെന്റ് കോം‌പ്ലക്സില്‍ താമസക്കാരിയുമായ, കോട്ടയം മൂന്നിലവ് സ്വദേശിനി അനില കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. അനിലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം എന്താണെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളാണ് 35-കാരിയായ അഞ്ജന ഹരി.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ 22 മറ്റത്ത് വീട്ടിൽ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി മാത്യുവിന്റെയും മകളാണ് 40 കാരിയായ ആൻ മേരി മാത്യു.

ഇരുവരും കുടുംബത്തോടൊപ്പം മിൽപീറ്റസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽക്രീക്ക് അപ്പാർട്മെന്റ്സിലാണ് താമസിച്ചിരുന്നത്.

കുടുംബസമേതം ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന ഇവർ തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ഇവരെ അറിയാവുന്നവര്‍ പറഞ്ഞു. സംഭവത്തിന് തൊട്ടുമുമ്പ് വരെ മൂവരും സാധാരണ നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തലേ ദിവസം നടന്ന ഓണാഘോഷ പരിപാടികളില്‍ മൂവരും സന്തോഷത്തോടെ ഒരുമിച്ച് പങ്കെടുത്തിരുന്നു. തുടർന്ന് തിയ്യേറ്ററില്‍ സിനിമ കാണാനും ഇവർ ഒരുമിച്ച് പോയിരുന്നു. എന്നാൽ, അതിന് പിന്നാലെ തന്നെ സംഭവിച്ച അക്രമത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും മറ്റൊരാൾ അറസ്റ്റിലാകുകയും ചെയ്തതാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു ദിവസംകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നാണ് ബന്ധുക്കൾ പ്രതികരിച്ചത്.

രണ്ടു യുവതികളുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാർഥ പശ്ചാത്തലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മിൽപീറ്റസ് പൊലീസ്. ആദ്യം ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി വാഹനമിടിപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സംഭവം നടന്നത്. അപ്പാർട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ ഒരു നീല നിറത്തിലുള്ള എസ്‌യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം വേഗത്തിൽ കടന്നു പോകുന്നത് ദൃക്സാക്ഷികൾ കണ്ടതായി മിൽപീറ്റസ് പൊലീസ് അറിയിച്ചു.

സംഭവ സ്ഥലത്തെത്തിയ പോലീസ് അഞ്ജനയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. പിന്നീട് സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തിനിടെ സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ മുൻഭാഗം തകർന്ന നിലയിൽ നീല എസ്‌യുവി കണ്ടെത്തുകയും ചെയ്തു.

വാഹനത്തെ പിന്തുടർന്ന പൊലീസ് അനിലയെ കസ്റ്റഡിയിലെടുത്തു. അഞ്ജനയെ വാഹനമിടിപ്പിച്ച സംഭവത്തിന് ദൃക്സാക്ഷികളുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ജനയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെയാണ് അതേ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ആൻ മേരി മാത്യുവിന്റെ മൃതദേഹവും കണ്ടെത്തിയത്.

അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ആൻ മേരിയുടെ ഭർത്താവ് ജേക്കബ് അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് ആൻ മേരിയെ കുത്തേറ്റു രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം പള്ളത്ര സ്വദേശിയാണ് ജേക്കബ്.

ആൻ മേരിയുടെ മരണവും സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ഒരാളെ വാഹനമിടിപ്പിച്ചും മറ്റൊരാളെ അപ്പാര്‍ട്ട്മെന്റിനകത്തും കുത്തി കൊലപ്പെടുത്തിയ സാഹചര്യത്തിൽ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കൊലപാതകങ്ങളുടെ കൃത്യമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഒരു സ്കൂളിൽ കംപ്യൂട്ടർ അദ്ധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു ആൻ മേരി. ആൻട്രീസ (12), അലീസ (5) എന്നിവരാണ് മക്കൾ. പിതാവായ ജിജി മാത്യുവിന്റെ 70-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ജൂൺ അവസാനവാരത്തിൽ ആൻ മേരി നാട്ടിലെത്തിയിരുന്നു. ആഘോഷങ്ങൾക്കുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്.

സിൻഡിക്കേറ്റ് ബാങ്കിൽനിന്ന് വിരമിച്ച മുൻ ഉദ്യോഗസ്ഥനാണ് ജിജി മാത്യു. മകളുടെ മരണവിവരം അറിഞ്ഞതോടെ കുടുംബം കടുത്ത ദുഃഖത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടാഴ്ചയിലധികം സമയം വേണ്ടിവന്നേക്കാമെന്നാണ് കുടുംബം പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ജിജി മാത്യു വ്യക്തമാക്കി.

അഞ്ജന ഹരിയുടെ ഭർത്താവ് പീച്ചി വിലങ്ങന്നൂർ സ്വദേശിയായ വിജീഷ് ആണ്. കാലിഫോർണിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് അദ്ദേഹം. അഞ്ജനയും അദ്ധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ആറു വയസ്സുകാരി വാമികയാണ് മകൾ.

2021ലാണ് അഞ്ജനയും കുടുംബവും കലിഫോർണിയയിലെത്തിയത്. നാട്ടിലെ വീട്ടിൽ അവസാനമായി അഞ്ജന എത്തിയത് 2023ലായിരുന്നു. വിദേശത്ത് ജോലി ചെയ്ത് കുടുംബജീവിതം നയിച്ചിരുന്ന അഞ്ജനയുടെ അപ്രതീക്ഷിത മരണവാർത്ത മണ്ണുത്തിയിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തി.

അഞ്ജനയുടെ മൃതദേഹവും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം,
ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന അടുത്ത സുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾക്ക് ഒരേ ദിവസം സംഭവിച്ച ദാരുണാന്ത്യം അമേരിക്കയിലെ മലയാളി സമൂഹത്തിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുവരുന്നതിനായി അന്വേഷണ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് കുടുംബങ്ങളും സുഹൃത്തുക്കളും.

Leave a Comment

More News