ദുബായ് വിമാനത്താവളത്തിൽ പുതിയ സൗകര്യം; അഞ്ച് മിനിറ്റിനുള്ളിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3-ൽ യാത്രക്കാരുടെ സൗകര്യത്തിനായി പുതിയ സേവനം ആരംഭിച്ചു. ഇനി യാത്രക്കാർക്കും യുഎഇ നിവാസികൾക്കും വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) സ്വന്തമാക്കാം.

പെട്ടെന്ന് യാത്ര തീരുമാനിക്കേണ്ടിവരുന്നവർക്കും രാത്രി വൈകിയുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഈ സേവനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയിൽ സാധുവായ താമസവിസയും ഡ്രൈവിംഗ് ലൈസൻസുമുള്ള യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ സേവനം ലഭ്യമാണ്.

ഐഡിപിക്കായി അപേക്ഷിക്കുന്നവർ വിമാനത്താവളത്തിലെ കൗണ്ടറിൽ ഒറിജിനൽ യുഎഇ ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഹാജരാക്കണം. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ജിഡിആർഎഫ്എയും ആമർ സെന്ററും ചേർന്നാണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സേവനത്തിനുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ കൗണ്ടറിൽ നിന്ന് നേരിട്ട് അറിയാം.

അമേരിക്ക, കാനഡ, ജർമനി, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഈ സേവനം ഏറെ പ്രയോജനകരമാണ്. പല രാജ്യങ്ങളിലും വാഹനം വാടകയ്ക്കെടുക്കുമ്പോൾ യുഎഇ ഡ്രൈവിംഗ് ലൈസൻസിനൊപ്പം ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റും ആവശ്യമായി വരാം.

അതേസമയം, ഐഡിപി ഒരിക്കലും യുഎഇയിലെ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസിന് പകരമാകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസിനൊപ്പം ഉപയോഗിക്കേണ്ട അനുബന്ധ രേഖ മാത്രമാണ് ഐഡിപി.

യാത്ര പുറപ്പെടുന്നതിന് മുമ്പ് ലക്ഷ്യരാജ്യത്തിലെ പ്രാദേശിക ഗതാഗത നിയമങ്ങളും നിയമപരമായ നിബന്ധനകളും പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദേശമുണ്ട്. ചില രാജ്യങ്ങളിൽ അധിക വിവർത്തന രേഖകളോ പ്രാദേശിക ഡ്രൈവിംഗ് ലൈസൻസോ ആവശ്യമായി വന്നേക്കാം.

വിമാനത്താവളത്തിൽ പുതിയ സേവനം ആരംഭിക്കുന്നതിന് മുമ്പ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്നതിനായി നഗരത്തിലെ ആമർ സെന്ററുകളെയോ ആർടിഎ ഓഫീസുകളെയോ സമീപിക്കേണ്ടിയിരുന്നു. ഇനി വിമാനത്താവളത്തിൽ തന്നെ ഈ രേഖ ലഭ്യമാകുന്നതോടെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും.

യുഎഇയിൽ വലിയ തോതിൽ താമസിക്കുന്ന ഇന്ത്യൻ, ഫിലിപ്പിനോ പ്രവാസികൾക്കും ഈ സംവിധാനം ഏറെ സഹായകരമാകും. സ്വന്തം രാജ്യങ്ങളിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ പതിവായി യാത്ര ചെയ്യുന്നവർക്ക് അധിക ഓട്ടപ്പാച്ചിലില്ലാതെ വിമാനത്താവളത്തിൽ തന്നെ ആവശ്യമായ രേഖകൾ പൂർത്തിയാക്കാൻ കഴിയും.

യാത്രക്കാരുടെ സമയം ലാഭിക്കുകയും യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ്, ആമർ സെന്ററുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Leave a Comment

More News