ന്യൂയോർക്ക് സബ്‌വേ ട്രാക്കിൽ രണ്ട് യുവസുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; ട്രെയിൻ എത്തുന്നതിന് നിമിഷങ്ങൾ മുമ്പ് പാളത്തിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്‌വേ സ്റ്റേഷനടുത്തായിരുന്നു സംഭവം നടന്നത്. ഇരുവരും ട്രാക്കിലിരിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂജേഴ്‌സി സ്വദേശികളായ 24 വയസ്സുള്ള മലൈക ചിത്രെ (Malaika Chitre), നവം കൗൾ (Navam Kaul) എന്നിവരാണ് മരിച്ചത്. ഇരുവരും റട്ഗേഴ്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ദീർഘകാല സുഹൃത്തുക്കളുമായിരുന്നുവെന്ന് പറയുന്നു.

സെപ്റ്റംബർ 13 ഞായറാഴ്ച പുലർച്ചെ 3.14ഓടെ ലോവർ മന്‍‌ഹാട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിലായിരുന്നു അപകടം. തെക്കോട്ടു പോയിരുന്ന നമ്പർ 4 ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ലോക്കോ പൈലറ്റ് ഇരുവരും ട്രാക്കില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എന്നാല്‍, അടിയന്തരമായി ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.

ഇരുവരും എങ്ങനെ ട്രാക്കിലെത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഒരാൾ ട്രാക്കിലേക്ക് വീണതിനെ തുടർന്ന് മറ്റൊരാൾ രക്ഷിക്കാനായി ഇറങ്ങിയതാകാമെന്ന സാധ്യത ഉൾപ്പെടെ അധികൃതർ പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്താൻ ന്യൂയോർക്ക് സിറ്റി പോലീസ് അന്വേഷണം തുടരുകയാണ്.

റട്ഗേഴ്സ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇരുവരും തൊഴിൽ രംഗത്തും നല്ല നിലയിലായിരുന്നു എന്നു പറയുന്നു. മലൈക ഫാർമസ്യൂട്ടിക്കൽ മേഖലയിലും, നവം കൗൾ സാമ്പത്തിക ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും എങ്ങനെയാണ് റെയില്‍‌വേ ട്രാക്കില്‍ എത്തിയതെന്നും, എന്തിനാണ് ട്രാക്കില്‍ ഇരുന്നതെന്നുമുള്ള കാരണങ്ങള്‍ തേടുകയാണ് അധികൃതര്‍. ഇവരുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.

പോലീസും ആംബുലന്‍സും സംഭവസ്ഥലത്തെത്തിയപ്പോൾ ഇരുവരെയും ട്രെയിനിനടിയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.

ട്രാക്കിലിരുന്ന ഇരുവര്‍ക്കും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവിധം മദ്യ ലഹരിയിലായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ആത്മഹത്യയായിരിക്കാനുള്ള സാധ്യത അന്വേഷണത്തിൽ നിന്ന് തള്ളിക്കളഞ്ഞിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇവരുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ടുകളിലെ വിവരങ്ങൾ പ്രകാരം, ഇരുവരും 2024-ൽ ന്യൂജേഴ്‌സിയിലെ റട്ഗേഴ്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരാണ്.

Leave a Comment

More News