ഹെപ്പാരിൻ നിരീക്ഷണം ഇനി കൂടുതൽ വേഗത്തിൽ; നൂതന സെൻസറുമായി പാലക്കാട് ഐഐടി ഗവേഷകർ

പാലക്കാട്: ഹൃദയ ശസ്ത്രക്രിയയിലും ഡയാലിസിസിലും ഉൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്ന രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നായ ഹെപ്പാരിന്റെ അളവ് വേഗത്തിലും കൃത്യമായും നിരീക്ഷിക്കാൻ സഹായിക്കുന്ന നൂതന സെൻസറുകൾ പാലക്കാട് ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ചു.

ചികിത്സയ്ക്കിടെ ശരീരത്തിലെ ഹെപ്പാരിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നത് ഏറെ നിർണായകമാണ്. ആവശ്യത്തിന് ഹെപ്പാരിൻ ഇല്ലെങ്കിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കും. അതേസമയം, അളവ് കൂടിയാൽ അമിത രക്തസ്രാവത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാം.

ഈ സാഹചര്യത്തിലാണ് ഹെപ്പാരിന്റെ അളവ് കാര്യക്ഷമമായി നിരീക്ഷിക്കാൻ സഹായിക്കുന്ന പുതിയ സെൻസർ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കിടെ ഹെപ്പാരിൻ നിരീക്ഷണം കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്താൻ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

സാധാരണ നിലയിൽ തിളക്കമുള്ള മഞ്ഞ-പച്ച സിഗ്നൽ പുറപ്പെടുവിക്കുന്ന സെൻസറിന്റെ പ്രകാശതീവ്രത ഹെപ്പാരിന്റെ സാന്നിധ്യത്തിൽ കുറയുന്നതാണ് സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഈ മാറ്റം നിരീക്ഷിക്കുന്നതിലൂടെ ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുതന്നെ രക്തത്തിലെ ഹെപ്പാരിന്റെ അളവ് കൃത്യമായി നിർണയിക്കാനാകും.

സെൻസറിന് ആവശ്യമായ തന്മാത്രകൾ ഒറ്റഘട്ടത്തിൽ നിർമ്മിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. ഇതിലൂടെ നിർമാണപ്രക്രിയ ലളിതമാക്കുന്നതിനൊപ്പം ഉൽപാദനച്ചെലവും കുറയ്ക്കാനാകും. മനുഷ്യ സെറം പോലുള്ള സങ്കീർണ സാമ്പിളുകളിലും മറ്റ് ഘടകങ്ങളുടെ സാന്നിധ്യത്തിനിടയിൽ ഹെപ്പാരിനെ തിരിച്ചറിഞ്ഞ് കണ്ടെത്താൻ സെൻസറുകൾക്ക് കഴിയുന്നതായും ഗവേഷകർ കണ്ടെത്തി.

ആന്റികോഗുലന്റ് ചികിത്സ സ്വീകരിക്കുന്ന രോഗികളിലെ ഹെപ്പാരിൻ അളവ് നിരീക്ഷിക്കുന്നതിനുള്ള പോയിന്റ്-ഓഫ്-കെയർ ഡയഗ്നോസ്റ്റിക് ഉപകരണമായി ഈ സാങ്കേതികവിദ്യയെ ഭാവിയിൽ വികസിപ്പിക്കാനാകും. ഇതുവഴി രോഗിയുടെ സമീപത്തുവച്ചുതന്നെ വേഗത്തിൽ പരിശോധന നടത്തി ഹെപ്പാരിന്റെ അളവ് വിലയിരുത്താനുള്ള സാധ്യതയാണ് തുറക്കുന്നത്.

അതേസമയം, ആശുപത്രികളിലെയും മറ്റ് ക്ലിനിക്കൽ സാഹചര്യങ്ങളിലെയും പതിവ് ഉപയോഗത്തിലേക്ക് എത്തിക്കുന്നതിന് മുമ്പ് കൂടുതൽ പഠനവും പരിശോധനകളും ആവശ്യമാണ്. അതോടൊപ്പം ഉയർന്ന കൃത്യതയും ഉറപ്പാക്കുന്ന സാങ്കേതികവിദ്യ യഥാർഥ ക്ലിനിക്കൽ ഉപയോഗത്തിന് വലിയ സാധ്യതയാണ് നൽകുന്നതെന്ന് ഡോ. ശങ്കരശേഖരൻ പറഞ്ഞു.

Leave a Comment

More News