തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈകീട്ട് മുതൽ അർധരാത്രി വരെയുള്ള ഉയർന്ന വൈദ്യുതി ആവശ്യകത നേരിടാൻ ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്തതിനാൽ നിലവിലെ നിയന്ത്രണം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണ് ലഭിക്കുക. എന്നാൽ കേരളത്തിൽ വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്നത് വൈകീട്ട് മുതൽ അർധരാത്രി വരെയാണ്. അതിനാൽ ഈ അധിക വൈദ്യുതി പ്രതിസന്ധിക്ക് കാര്യമായ പരിഹാരമാകില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയരുകയും ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡ്ഡിങ്.
പ്രതിസന്ധി നേരിടാൻ അടുത്ത മാസം മുതൽ ഡിസംബർ വരെ അധിക വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം പീക്ക് സമയത്തേക്ക് 600 മെഗാവാട്ട്, രാത്രി 12 മുതൽ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ട്, രാവും പകലും ഉപയോഗിക്കാവുന്ന 300 മെഗാവാട്ട് എന്നിങ്ങനെയാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ആവശ്യപ്പെട്ട വൈദ്യുതിയുടെ പകുതിയെങ്കിലും ലഭിച്ചാൽ പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഇതിനിടെ, വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതിയുടെ ബാധ്യത ഈ മാസത്തോടെ അവസാനിക്കുന്നത് ബോർഡിന് ആശ്വാസമാകും. വൈദ്യുതി പ്രതിസന്ധിക്ക് സ്ഥിരപരിഹാരം കണ്ടെത്താനുള്ള നടപടികളും തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.
