തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികളെ സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ‘റീ ഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബജറ്റിലെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതികൾക്ക് ആറുമാസത്തിനകം കൃത്യമായ രൂപം നൽകുകയും രണ്ടുവർഷത്തിനകം അവയെ നടപ്പാക്കലിന്റെ പാതയിലെത്തിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള മോഡലിന്റെ മുൻകാല നേട്ടങ്ങളിൽ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ലെന്നും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പണമൊഴുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വൻകിട നിക്ഷേപങ്ങൾക്കൊപ്പം ഒരു ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ചെറുകിട നിക്ഷേപങ്ങളെയും ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രഖ്യാപിക്കുന്ന പദ്ധതികളുടെ എണ്ണമല്ല സർക്കാരിന്റെ പ്രവർത്തനമികവിന്റെ മാനദണ്ഡമെന്നും പ്രഖ്യാപിച്ചവയിൽ എത്ര പദ്ധതികൾ ഗുണമേന്മയോടെയും നിശ്ചിത സമയത്തിനുള്ളിലും പൂർത്തിയാക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ലഭ്യമാകുന്ന ഫണ്ട് എല്ലാ സർക്കാർ വകുപ്പുകളും പൂർണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥിതി മാറ്റി കേന്ദ്രപദ്ധതികളിൽ നിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം പരമാവധി നേടിയെടുക്കാൻ നടപടികൾ സ്വീകരിക്കും.
വികസന ആസൂത്രണത്തിലും പദ്ധതി നിർവഹണത്തിലും പരമ്പരാഗത രീതികളിൽ നിന്ന് മാറേണ്ടതുണ്ടെന്നും സംസ്ഥാന ആസൂത്രണ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം പുതിയ സമീപനത്തിന് അനുസൃതമായി ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് റൗണ്ട് ടേബിൾ കോൺഫറൻസിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
16 വകുപ്പുകളുടെ കീഴിലുള്ള 35 പദ്ധതികളെ ആറ് ക്ലസ്റ്ററുകളായി തിരിച്ച് 31 സെഷനുകളിലായാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ നയവിദഗ്ധർ, ഗവേഷണ-അക്കാദമിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രവാസികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കാളികളാകും.
പദ്ധതികളുടെ ആസൂത്രണം, നിർവഹണം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ സമ്മേളനത്തിൽ വിശദമായി വിലയിരുത്തും. ഓരോ പദ്ധതിയും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് സമഗ്രമായ പദ്ധതി രൂപരേഖ തയ്യാറാക്കും. ഹൈബ്രിഡ് മാതൃകയിലാണ് സെഷനുകൾ നടക്കുന്നത്.
തെക്കൻ കേരള സാമ്പത്തിക ഇടനാഴി, മിഷൻ സമുദ്ര, ഇൻവെസ്റ്റ് കേരളം, ആഗോള സ്വർണ ഹബ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ദുരന്ത അതിജീവന പദ്ധതി, സിൽവർ ഇക്കോണമി, ഏവിയേഷൻ ഹബ്, ഗ്ലോബൽ വാച്ച് ടവർ, എം.എസ്.എം.ഇ വളർച്ചാ സ്കീം, പ്രവാസി പങ്കാളിത്തം, നോളഡ്ജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, ജെ.സി. ഡാനിയേൽ ഫിലിം സിറ്റി, എം.ടി. വാസുദേവൻ നായർ സാംസ്കാരിക പാർക്ക് തുടങ്ങിയവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, എം.എൽ.എമാർ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ആസൂത്രണ ബോർഡ് അംഗങ്ങൾ, വ്യവസായ മേഖലയിലെയും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെയും പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പിആര്ഡി, കേരള സര്ക്കാര്
