ഝിറാം ഘാട്ടി കൂട്ടക്കൊല: 13 വർഷത്തിന് ശേഷം നിർണായക വിധി; രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് വധശിക്ഷ

കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേരുടെ ജീവനെടുത്ത 2013-ലെ ഝിറാം ഘാട്ടി ആക്രമണക്കേസിലാണ് വിധി; 101 സാക്ഷികളുടെ മൊഴികളും എൻഐഎയുടെ തെളിവുകളും നിർണായകമായി; ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം

ന്യൂഡൽഹി: ഛത്തീസ്ഗഢിനെ നടുക്കിയ ഝിറാം ഘാട്ടി കൂട്ടക്കൊലക്കേസിൽ 13 വർഷത്തിന് ശേഷം നിർണായക കോടതി വിധി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പേർക്ക് ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

2013 മെയ് 25-നാണ് ഛത്തീസ്ഗഢിലെ ദർഭ താഴ്‌വരയിലെ ഝിറാം മേഖലയിൽ കോൺഗ്രസിന്റെ ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ നക്സലൈറ്റ് ആക്രമണം നടന്നത്. യാത്രയിൽ പങ്കെടുത്ത നേതാക്കളെയും മറ്റുള്ളവരെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു.

കേസിൽ ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി അഭയ് സിംഗ് രജ്പുത് സെപ്റ്റംബർ 5-ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 101 സാക്ഷികളുടെ മൊഴികൾ, എൻഐഎ ഹാജരാക്കിയ തെളിവുകൾ, കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ പരിശോധിച്ച ശേഷമാണ് 10 പേർക്കും വധശിക്ഷ വിധിച്ചത്.

പ്രമീള മോഡിയം ജ്യോതി സായുധ സംഘത്തിലെ അംഗങ്ങൾക്കൊപ്പം ഝിറാമിലെത്തി ആക്രമണത്തിൽ പങ്കെടുക്കുകയും ആയുധങ്ങൾ കൊള്ളയടിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പിഎൽജിഎ സെക്ഷൻ കമാൻഡറായിരുന്ന ചൈതു ലേകത്തിന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.

സുമിത്ര എന്നറിയപ്പെടുന്ന സുമിത്ര പുനെം മോഡിയം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായാണ് കോടതിയുടെ കണ്ടെത്തൽ. മുക്ക മാണ്ഡവി, കവാസി കോസ എന്നിവർ ആയുധങ്ങളുമായി ആക്രമണത്തിൽ പങ്കെടുക്കുകയും പൊലീസുകാരിൽ നിന്ന് ആയുധങ്ങൾ കൈക്കലാക്കുകയും ചെയ്തതായും കോടതി കണ്ടെത്തി.

ആക്രമണത്തിനാവശ്യമായ അരിയും മറ്റ് ലോജിസ്റ്റിക് സാമഗ്രികളും ശേഖരിക്കുന്നതിൽ ആയത മഡ്കാം, മഡ്കാമിയ ദേവ എന്നിവർ സഹായിച്ചതായും കോടതി കണ്ടെത്തി. ജോഗ മഡ്കാമി, ബഞ്ചമി സന, മഹാദേവ് എന്നിവർക്കും ആക്രമണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കുണ്ടായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.

വധശിക്ഷ ഉൾപ്പെടെയുള്ള വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അരവിന്ദ് ചൗധരി വ്യക്തമാക്കി. വിധിയുടെ പകർപ്പ് ലഭിച്ചശേഷം കോടതി തീരുമാനം വിശദമായി പരിശോധിക്കുമെന്നും തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

More News