അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ പിടികൂടാന്‍ പോലീസ്; കണ്ണൂരില്‍ നിന്ന് അഞ്ച് യുവതികളെ പിടികൂടി

കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കണ്ണൂരിലെ വിവിധ സ്പാകളിൽ ജോലി ചെയ്തുവന്നതായി പൊലീസ് പറയുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

സെപ്റ്റംബർ 14ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്പായിൽ നടത്തിയ പരിശോധനയിൽ ഫരീദ്പൂർ സ്വദേശിനി സലീന അക്തർ (29) ആദ്യം പിടിയിലായി. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർപരിശോധനയിൽ നസ്‌മ അഖ്‌തർ (40), കെ. തസ്ലിമ (25), കെ. മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരെയും അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിൽനിന്ന് ഏജന്റുമാരുടെ സഹായത്തോടെ അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തിയ ശേഷം വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും സംഘടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നതായാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം. മുംബൈ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേനയാണ് പലരെയും കേരളത്തിലെ സ്പാകളിലേക്ക് ജോലിക്കായി എത്തിക്കുന്നതെന്നും പൊലീസ് പറയുന്നു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധിക്കുശേഷം നിയമനടപടികൾ പൂർത്തിയാക്കി ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി അറിയിച്ചു.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിദേശികൾ മതിയായ രേഖകളില്ലാതെ താമസിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിലും സ്പാകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

More News