- ഷിഫ്റ്റ് തുടങ്ങി മൂന്ന് മണിക്കൂറിനകം കൂട്ടപ്പിരിച്ചുവിടൽ
- ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് ടീമിനെ പൂർണമായി ഒഴിവാക്കിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പതിവുപോലെ ജോലിക്കെത്തിയവർക്ക് മണിക്കൂറുകൾക്കകം തൊഴിൽ നഷ്ടപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. അമേരിക്കൻ ഡിജിറ്റൽ ബാങ്കിംഗ് കമ്പനിയായ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിലെ ഏകദേശം 80 ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ടതായാണ് വിവരം. വെറും അഞ്ച് മിനിറ്റ് നീണ്ട ഗൂഗിൾ മീറ്റ് വീഡിയോ കോളിലൂടെയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവദിവസം ഓഫീസിലെത്തേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. വൈകുന്നേരം 6.30-ന് പതിവുപോലെ ഷിഫ്റ്റ് ആരംഭിച്ചു. എന്നാൽ, രാത്രി 9.30-ഓടെ മുഴുവൻ ടീമിനെയും അടിയന്തര വീഡിയോ കോളിലേക്ക് വിളിച്ച മാനേജ്മെന്റ് പിരിച്ചുവിടൽ തീരുമാനം അറിയിക്കുകയായിരുന്നു.
പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്ന വാദത്തെ ജീവനക്കാരൻ ചോദ്യം ചെയ്തു. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ കൂടുതൽ കഠിനാധ്വാനം ചെയ്തിരുന്നുവെന്നും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കമ്പനിക്കുവേണ്ടി ഇത്രയധികം അധ്വാനിച്ചതിൽ ഇപ്പോൾ ഖേദമുണ്ടെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറത്താക്കപ്പെട്ടത് കടുത്ത നിരാശയുണ്ടാക്കിയെന്നും ജീവനക്കാരൻ കുറിച്ചു.
ജീവനക്കാരന്റെ കുറിപ്പ് വൈറലായതോടെ ബ്ലൂവൈന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയർന്നു. ഏകദേശം 80 ജീവനക്കാരുടെ തൊഴിൽ ഭാവിയെ ബാധിക്കുന്ന നിർണായക തീരുമാനം അഞ്ച് മിനിറ്റ് വീഡിയോ കോളിലൂടെ അറിയിച്ച രീതിയെയാണ് പലരും ചോദ്യം ചെയ്തത്.
അപ്രതീക്ഷിതമായ കൂട്ടപ്പിരിച്ചുവിടലുകൾ കോർപ്പറേറ്റ് മേഖലയിലെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, സ്ഥാപനങ്ങളുടെ പുനഃസംഘടന തുടങ്ങിയവ തൊഴിൽ മേഖലയെ അതിവേഗം മാറ്റുന്ന സാഹചര്യത്തിൽ പുതിയ കഴിവുകൾ നേടുന്നതിനും ബദൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള പ്രാധാന്യവും വർധിക്കുകയാണ്.
