‘ഇത് സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല’; വിമർശനം ഉയർത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയെന്നും കേന്ദ്ര സഹമന്ത്രി
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ നിലവിലെ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കേണ്ടതില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രതിസന്ധിക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഇപ്പോൾ സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ വിമർശനം ഉയർത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയർന്ന നിലയിൽ തുടരുന്നതിനിടെ ഉപഭോഗം ഇന്നലെയും 100 ദശലക്ഷം യൂണിറ്റിനോട് അടുത്തെത്തി. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തത്സമയ വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് അധിക വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി. സ്ഥിതി താൽക്കാലികമായി നിയന്ത്രിച്ചത്. പവർ എക്സ്ചേഞ്ചിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ വൈദ്യുതി ലഭിച്ചതും തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്പാദനം വർധിച്ചതും ആശ്വാസമായി.
എന്നാൽ, ഈ മാസത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനുള്ള ഹ്രസ്വകാല കരാറുകൾ ഉറപ്പാക്കുന്നതിൽ കെ.എസ്.ഇ.ബിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. പ്രതിസന്ധിയുടെ സൂചനകൾ നേരത്തെ ലഭിച്ചിട്ടും ആവശ്യമായ മുൻകൂർ കരാറുകൾ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
വരും മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ മൈലാട്ടി, മുള്ളേരിയ, ശ്രീകണ്ഠാപുരം, അരീക്കോട്, പോത്തൻകോട് തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
സോളാർ വൈദ്യുതി സംഭരിക്കുന്നതിനുള്ള മതിയായ സംവിധാനം ഇല്ലാത്തതും വെല്ലുവിളിയാണ്. പകൽ സമയത്ത് ലഭിക്കുന്ന സൗരോർജം കാര്യക്ഷമമായി സംഭരിക്കാൻ കഴിയാത്തതിനാൽ കരാർ പ്രകാരമുള്ള വൈദ്യുതിയുടെ ഒരു ഭാഗം കെ.എസ്.ഇ.ബി. സറണ്ടർ ചെയ്യേണ്ടിവരുന്നതായും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
