വാഷിംഗ്ടണ്: ഇടക്കാല തിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാകുമെന്ന സൂചനകൾക്കിടെ, അഭയാർഥികളുടെ പ്രവേശനം പൂർണമായി നിർത്തിയതും ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കിയതും ഉൾപ്പെടെ തന്റെ പ്രധാന നേട്ടങ്ങളെന്ന് വിശേഷിപ്പിച്ച കാര്യങ്ങളുടെ നീണ്ട പട്ടികയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറഞ്ഞ അംഗീകാരനിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് ട്രംപ്. ഇറാനിലെ ജനപ്രീതി കുറഞ്ഞ യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും മറ്റ് സാധനങ്ങളുടെ വിലക്കയറ്റവും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുന്നതായി അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു.
പ്രതിനിധിസഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സെനറ്റിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടേക്കാമെന്നും സർവേകൾ സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാൽ, രണ്ടാം പ്രസിഡൻഷ്യൽ കാലാവധിയുടെ അവസാന രണ്ട് വർഷങ്ങളിൽ ട്രംപിനും അദ്ദേഹത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയ്ക്കും അത് വലിയ വെല്ലുവിളിയാകും.
കുടിയേറ്റം, വിദേശനയം, സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകിയ ട്രൂത്ത് സോഷ്യലിലെ ദീർഘമായ കുറിപ്പിൽ, “ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ അതിർത്തി കൈവരിച്ചു” എന്ന് ട്രംപ് അവകാശപ്പെട്ടു.
“കഴിഞ്ഞ 16 മാസത്തിനിടെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിച്ച ഒരാളെപ്പോലും ഇവിടെ അനുവദിച്ചിട്ടില്ല,” എന്ന് അദ്ദേഹം എഴുതി. “അപകടകരമായ സ്ഥലങ്ങളിൽ” നിന്നുള്ള അഭയാർഥി പ്രവേശനം തന്റെ ഭരണകൂടം വൻതോതിൽ വെട്ടിക്കുറച്ചതായും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഭരണകാലത്ത് പലപ്പോഴും അക്രമാസക്തമായ നടപടികൾ ഉൾപ്പെട്ട കടുത്ത കുടിയേറ്റ നിയന്ത്രണമാണ് നടപ്പാക്കപ്പെട്ടത്. പതിവായ നാടുകടത്തലുകൾക്കൊപ്പം, നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ അമേരിക്കയ്ക്ക് കഴിയാത്ത ചിലരെ മൂന്നാം രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം ആളുകളെ സ്വീകരിക്കുന്നതിന് ചില മൂന്നാം രാജ്യങ്ങൾക്ക് പണം നൽകുകയും ചെയ്യുന്നു.
ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി അമേരിക്ക “പൂർണമായി തകർത്തു” എന്നും അതുവഴി ഇസ്ലാമിക് റിപ്പബ്ലിക്കിന് “ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന്” ഉറപ്പാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഫെബ്രുവരിയിൽ യുദ്ധത്തിലേക്ക് കടക്കുന്നതിനായി ട്രംപ് വിവിധ ഘട്ടങ്ങളിൽ മുന്നോട്ടുവച്ച ന്യായീകരണങ്ങളിൽ ഒന്നായിരുന്നു ഇത്.
ടെഹ്റാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ ഉലച്ചതോടൊപ്പം മിഡിൽ ഈസ്റ്റിനെ യുദ്ധത്തിലേക്ക് തള്ളിവിട്ടു. അമേരിക്കയെ ഇനി വിദേശയുദ്ധങ്ങളിൽ ഉൾപ്പെടുത്തില്ലെന്ന് വാഗ്ദാനം ചെയ്തിരുന്ന ട്രംപിന് ഈ യുദ്ധം സങ്കീർണമായ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
അമേരിക്കയുടെ വ്യാപാര പങ്കാളികൾക്കുമേൽ ഏർപ്പെടുത്തിയ ഉയർന്ന തീരുവകളെയും ട്രംപ് തന്റെ നേട്ടമായി ഉയർത്തിക്കാട്ടി. “അമേരിക്കൻ ഉൽപ്പാദന മേഖലയെ തിരികെ കൊണ്ടുവരുന്നതിനാണ്” ഈ തീരുവകളെന്ന് അദ്ദേഹം ന്യായീകരിച്ചു.
