ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തു; പിന്നാലെ ട്രെയിനിൽ ‘ഹൈ വോൾട്ടേജ്’ നാടകം

ടിടിഇക്കെതിരെ കേസെടുക്കുമെന്ന് ഭീഷണി; സ്വന്തം വസ്ത്രം കീറിയതായും ദൃശ്യങ്ങൾ; ഒടുവിൽ പിഴയും ടിക്കറ്റും എടുത്ത് യാത്ര തുടർന്നു

ന്യൂഡൽഹി: ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് പരിശോധനാ ജീവനക്കാരുമായി യുവതി രൂക്ഷമായ വാക്കേറ്റത്തിലേർപ്പെട്ടതിനെ തുടർന്ന് ദാനാപൂർ–സെക്കന്തരാബാദ് എക്സ്പ്രസിൽ നാടകീയ രംഗങ്ങൾ. രാധിക തിവാരി എന്ന യുവതിയാണ് ഇളയ മകളോടൊപ്പം സാധുവായ ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്തതായി കണ്ടെത്തിയത്. സെപ്റ്റംബർ 17ന് ദാനാപൂർ–സെക്കന്തരാബാദ് എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ 12792) സംഭവം.

സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് പരിശോധനയ്ക്കെത്തിയ ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാൻ അവർ തയ്യാറായില്ലെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. തുടർന്ന് യുവതി തേർഡ് എസി കോച്ചിലേക്ക് മാറി. അവിടെയും ടിക്കറ്റ് പരിശോധനാ ജീവനക്കാർ ടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് സ്ഥിതി വഷളായത്.

സംഭവത്തിന്റെതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ യുവതി ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റത്തിലേർപ്പെടുന്നതും ടിടിഇക്കെതിരെ പരാതി നൽകി കേസിൽ കുടുക്കുമെന്ന് പറയുന്നതും കാണാം. തന്റെ സഹോദരൻ മുതിർന്ന ടിടിഇ ആണെന്നും യുവതി അവകാശപ്പെടുന്നുണ്ട്. കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചുകൊണ്ടായിരുന്നു ഭീഷണിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വാക്കേറ്റം രൂക്ഷമായതിനിടെ യുവതി സ്വന്തം വസ്ത്രം കീറിയതായും പിന്നീട് ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്ന തരത്തിൽ ആരോപണം ഉന്നയിച്ചതായും വീഡിയോയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ പറയുന്നു. റെയിൽവേ പൊലീസിന്റെ ഫോൺ നമ്പർ ഇന്റർനെറ്റിൽ തിരയുന്നതിനിടെയും ജീവനക്കാരോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്ഥിതി ഗുരുതരമാകുന്നതായി മനസ്സിലാക്കിയ ടിക്കറ്റ് പരിശോധനാ ജീവനക്കാർ സ്വന്തം സുരക്ഷയ്ക്കായി സംഭവങ്ങൾ മൊബൈൽ ക്യാമറയിൽ രേഖപ്പെടുത്തിയെന്നാണ് വിവരം. ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും സംഭവത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ചു. പിന്നീട് തർക്കത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാക്കുന്നതിൽ ഈ ദൃശ്യങ്ങൾ നിർണായകമായതായി അധികൃതർ പറയുന്നു.

ട്രെയിൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷനിലെത്തിയതോടെ റെയിൽവേ പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ഇടപെട്ടു. യുവതിയെ ട്രെയിനിൽനിന്ന് ഇറക്കി ചോദ്യം ചെയ്തു. സ്വന്തം വസ്ത്രം കീറിയെന്ന ആരോപണം ആദ്യം യുവതി നിഷേധിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഉദ്യോഗസ്ഥർ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമായതായി റെയിൽവേ അധികൃതർ അറിയിച്ചു.

ചോദ്യം ചെയ്യലിനിടെ തന്റെ അച്ഛനാണ് ടിക്കറ്റില്ലാതെ തന്നെ ട്രെയിനിൽ കയറ്റിവിട്ടതെന്ന് യുവതി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.

തുടർന്ന് നിയമാനുസൃതമായ യാത്രാനിരക്കും പിഴയും യുവതിയിൽനിന്ന് ഈടാക്കി. ആവശ്യമായ ടിക്കറ്റ് നൽകിയശേഷം യാത്ര തുടരാൻ അനുവദിച്ചതായാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇമാർ നേരിടുന്ന തർക്കങ്ങളും ജീവനക്കാർക്കെതിരെ ഉയരുന്ന പരാതികളിൽ വീഡിയോ തെളിവുകളുടെ പ്രാധാന്യവും വീണ്ടും ചർച്ചയായിരിക്കുകയാണ്.

Leave a Comment

More News