യുദ്ധവും ഉപരോധവും കനത്ത പ്രഹരം; ഇറാന്റെ ജിഡിപി 10.1 ശതമാനം ഇടിഞ്ഞു, പണപ്പെരുപ്പം 69 ശതമാനത്തോട് അടുക്കുന്നു

എണ്ണ-വാതക മേഖലയിലെ തകർച്ചയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും പ്രതിസന്ധി രൂക്ഷമാക്കുന്നു; 2026ൽ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം ചുരുങ്ങുമെന്ന് ഐഎംഎഫ്

ദോഹ (ഖത്തര്‍): അമേരിക്കയും ഇസ്രായേലുമായി തുടരുന്ന യുദ്ധവും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി മാറുന്നു. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ-വാതക മേഖലയിലെ ഇടിവ്, കയറ്റുമതി തടസ്സങ്ങൾ, കറൻസിയുടെ മൂല്യത്തകർച്ച, ഉയർന്ന പണപ്പെരുപ്പം എന്നിവ ഒരേസമയം സമ്മർദം സൃഷ്ടിച്ചതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ കുത്തനെ ചുരുങ്ങിയിരിക്കുകയാണ്.

ഇറാന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കുകൾ പ്രകാരം, പേർഷ്യൻ കലണ്ടറിലെ ആദ്യ പാദമായ മാർച്ച് 21 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 10.1 ശതമാനം കുറഞ്ഞു. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കു പിന്നാലെയുള്ള യുദ്ധത്തിന്റെ ആദ്യ മാസങ്ങളാണ് ഈ കാലയളവിൽ ഉൾപ്പെടുന്നത്.

ഇറാന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അന്താരാഷ്ട്ര നാണയനിധിയുടെ വിലയിരുത്തലും ആശങ്കാജനകമാണ്. ഐഎംഎഫിന്റെ 2026 ജൂലൈ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്ഡേറ്റ് പ്രകാരം, 2026ൽ ഇറാന്റെ യഥാർത്ഥ ജിഡിപി 5.4 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എണ്ണ കയറ്റുമതിയിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രകടനം ഉണ്ടായതിനാൽ മുൻ പ്രവചനത്തേക്കാൾ ചെറിയ മെച്ചപ്പെടുത്തൽ വരുത്തിയെങ്കിലും, വർഷം മുഴുവൻ സമ്പദ്‌വ്യവസ്ഥ നെഗറ്റീവ് വളർച്ചയിൽ തുടരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.

ഇറാന്റെ വിദേശനാണ്യ വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്നത് എണ്ണ-വാതക കയറ്റുമതിയാണ്. അതിനാൽ ഈ മേഖലയിലുണ്ടാകുന്ന ഏതൊരു തടസ്സവും രാജ്യത്തിന്റെ പൊതുവരുമാനം മുതൽ ഇറക്കുമതി ശേഷിവരെ ബാധിക്കും. യുഎസ് ഉപരോധങ്ങൾക്കൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും ഇറാന്റെ എണ്ണ വ്യാപാരത്തെ കൂടുതൽ സമ്മർദത്തിലാക്കി.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, 2026 മാർച്ചിൽ പ്രതിദിനം ഏകദേശം 20 ലക്ഷം ബാരൽ ഉണ്ടായിരുന്ന ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതി ഓഗസ്റ്റോടെ ഏകദേശം 2.2 ലക്ഷം മുതൽ 2.55 ലക്ഷം ബാരൽ വരെ താഴ്ന്നതായി വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പ്രധാന വിദേശനാണ്യ വരുമാന മാർഗങ്ങളിലൊന്നിനെ ഈ ഇടിവ് നേരിട്ട് ബാധിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ-വാതക ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലും യുദ്ധത്തിന്റെ ആഘാതം വ്യക്തമാണ്. സംഘർഷത്തിന് മുമ്പ് പ്രതിദിനം ശരാശരി 125 ചരക്ക് കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് സെപ്റ്റംബർ 20–21 വാരാന്ത്യത്തിൽ ആകെ 17 ചരക്ക് കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കപ്പലുകൾ ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത് സഞ്ചരിക്കുന്നതിനാൽ യഥാർത്ഥ കണക്ക് ഇതിൽനിന്ന് വ്യത്യസ്തമായേക്കാമെന്ന പരിമിതിയും റിപ്പോർട്ടിലുണ്ട്.

സെപ്റ്റംബർ മധ്യത്തിലും സ്ഥിതി അതീവ ഗുരുതരമായിരുന്നു. സെപ്റ്റംബർ 17ന് പുറത്തുവന്ന കണക്കനുസരിച്ച് ഒരു ദിവസം മൂന്നു വാണിജ്യ കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നത്. യുദ്ധത്തിനു മുമ്പുള്ള സാധാരണ ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ ഇടിവാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും നേരിട്ടുള്ള ആഘാതം അനുഭവിക്കുന്നത് ഇറാനിലെ സാധാരണ ജനങ്ങളാണ്. ഭക്ഷണം, മരുന്ന്, ഇന്ധനം, ഇറക്കുമതി ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിലവർധന കുടുംബ ബജറ്റുകളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നു. ഇറാന്റെ കറൻസിയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് ഉയർത്തുന്നതും വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കുന്ന ഘടകമാണ്.

ഐഎംഎഫിന്റെ നിലവിലെ കണക്കനുസരിച്ച് 2026ലെ ഇറാന്റെ ഉപഭോക്തൃ വിലക്കയറ്റം 68.9 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. അതേസമയം രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി 5.4 ശതമാനം ചുരുങ്ങുമെന്ന പ്രവചനവും ഒരേസമയം ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും നേരിടുന്ന കടുത്ത സാഹചര്യം വ്യക്തമാക്കുന്നു.

കറൻസി മൂല്യത്തകർച്ചയും ഇറക്കുമതി നിയന്ത്രണങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വ്യവസായ മേഖലയെയും ബാധിക്കുന്നു. വിദേശത്തുനിന്നുള്ള അസംസ്കൃത വസ്തുക്കൾക്കും യന്ത്രഭാഗങ്ങൾക്കും കൂടുതൽ പണം നൽകേണ്ടിവരുന്നത് ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നു. ആവശ്യമായ വസ്തുക്കൾ സമയത്ത് ലഭിക്കാത്ത സാഹചര്യം ഉത്പാദനം കുറയ്ക്കാനും കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർത്താനും ഇടയാക്കുന്നു.

അതേസമയം, ഹോർമുസിലെ തടസ്സങ്ങൾ ഇറാനെ മാത്രമല്ല, ഗൾഫ് മേഖലയിലെ മറ്റ് എണ്ണ-വാതക കയറ്റുമതി രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. കടലിടുക്കിലൂടെയുള്ള സാധാരണ ഗതാഗതം തടസ്സപ്പെട്ടതോടെ കപ്പലിൽനിന്ന് മറ്റൊരു കപ്പലിലേക്ക് കടലിൽവെച്ച് എണ്ണ മാറ്റുന്ന സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ചെലവേറിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ ചരക്കുനീക്ക ചെലവും ഇൻഷുറൻസ് ചെലവും ഉയരുകയും ആഗോള ഊർജവിപണിയിലും സമ്മർദം വർധിക്കുകയും ചെയ്യുന്നു.

യുദ്ധം എത്രകാലം നീളും, ഹോർമുസ് കടലിടുക്കിലെ ഗതാഗതം എപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങും, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്നിവയാണ് ഇനി രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. നിലവിലെ സാഹചര്യത്തിൽ എണ്ണ വരുമാനത്തിലെ ഇടിവും ഉയർന്ന പണപ്പെരുപ്പവും ദുർബലമായ കറൻസിയും ചേർന്ന് ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ കടുത്ത സമ്മർദം തുടരുകയാണ്.

Leave a Comment

More News