യു.എ.ഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ഐ.സി.എ.സി) നിന്ന് പാസ്പോര്‍ട്ടുകള്‍ കൈപ്പറ്റാം

ദുബായ്: പ്രവൃത്തിദിവസങ്ങളിലെ ജോലി തിരക്കുമൂലം പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈപ്പറ്റാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സംവിധാനം. യു.എ.ഇയിലുടനീളമുള്ള ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ഐ.സി.എ.സി) ഇനി ഞായറാഴ്ചകളിലും പാസ്പോർട്ട് കൈപ്പറ്റാൻ അവസരമൊരുങ്ങും. കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അൽഹിന്ദ് ഗ്ലോബൽ സർവീസസാണ് ഞായറാഴ്ചകളിൽ പാസ്പോർട്ട് വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചത്.

യു.എ.ഇയിലെ 16 ഐ.സി.എ.സി കേന്ദ്രങ്ങളിലും പുതിയ സൗകര്യം ലഭ്യമാകും. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പാസ്പോർട്ട് വിതരണത്തിനുള്ള പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുക. പ്രവൃത്തിദിവസങ്ങളിൽ ജോലി ഒഴിവാക്കി പാസ്പോർട്ട് കൈപ്പറ്റേണ്ടിവരുന്നവർക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാസ്പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ നടത്തിപ്പ് കഴിഞ്ഞ ജൂലായിലാണ് കേരളം ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പ് ഏറ്റെടുത്തത്. 2025 നവംബറിൽ ഇതുമായി ബന്ധപ്പെട്ട ടെൻഡർ ലഭിച്ചിരുന്നെങ്കിലും നിയമപരമായ തർക്കങ്ങൾ കാരണം സേവനങ്ങൾ ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഈ ഇടവേളയിൽ വിദേശകാര്യ മന്ത്രാലയം നേരിട്ടാണ് കോൺസുലാർ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

ഇതിനിടെ അപേക്ഷകളുടെ എണ്ണം വർധിച്ചതോടെ വലിയ തോതിൽ കുടിശ്ശിക രൂപപ്പെട്ടിരുന്നു. എന്നാൽ പ്രവർത്തനം ഏറ്റെടുത്തതിന് പിന്നാലെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിക്കിടന്ന അപേക്ഷകൾ പൂർണമായും തീർപ്പാക്കാൻ കഴിഞ്ഞതായി അൽഹിന്ദ് അധികൃതർ അറിയിച്ചു. നിലവിൽ യു.എ.ഇയിലെ എല്ലാ ഐ.സി.എ.സി കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ തടസ്സമില്ലാതെ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

അപേക്ഷകർക്ക് ആവശ്യമായ അടിസ്ഥാന സേവനങ്ങൾ ഒരിടത്തുതന്നെ ലഭ്യമാക്കുന്ന രീതിയിലാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ 19 ദിർഹം എന്ന ഏകീകൃത സേവനനിരക്കാണ് ഈടാക്കുന്നത്. ഇതോടെ ഇത്തരം സേവനങ്ങൾക്കായി പുറത്തുള്ള സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നും അധികൃതർ പറയുന്നു.

അതേസമയം, കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളിൽനിന്ന് വൻ തുക ഈടാക്കുന്ന അനധികൃത ഏജന്റുമാരെയും തട്ടിപ്പ് സംഘങ്ങളെയും സൂക്ഷിക്കണമെന്ന് ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോയിന്റ്മെന്റിനായി ഔദ്യോഗിക സംവിധാനം മാത്രം ഉപയോഗിക്കണമെന്നും ഇടനിലക്കാർക്ക് പണം നൽകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അൽഹിന്ദിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രവാസികൾക്ക് ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

കേന്ദ്രങ്ങളുടെ സാധാരണ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും അപേക്ഷകർക്ക് അനാവശ്യമായി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുമായി അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമാണ് കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുക.

കൂടുതൽ അപേക്ഷകർ എത്തുന്ന ബർ ദുബായിലെ കേന്ദ്രത്തിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനുമായി 45 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഒരേസമയം കൂടുതൽ അപേക്ഷകരെ കൈകാര്യം ചെയ്യാനും പാസ്പോർട്ട്, സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ കോൺസുലാർ നടപടികളുടെ സമയം കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

ഞായറാഴ്ചകളിലും പാസ്പോർട്ട് വിതരണത്തിന് അവസരം ലഭിക്കുന്നതോടെ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് അവധിയെടുക്കാതെ തന്നെ രേഖകൾ കൈപ്പറ്റാൻ സാധിക്കും. യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സമയബന്ധിതമായും ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സൗകര്യം നടപ്പാക്കിയിരിക്കുന്നത്.

Leave a Comment

More News