പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ സംസ്ഥാന കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന് സമര്‍പ്പിച്ചു. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖയാണ് ദോഹയിലെത്തിയ മന്ത്രിക്ക് കൈമാറിയത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ.ആര് അബ്ദുല്‍ ഗഫൂര്‍, അനീസ് മാള, സംസ്ഥാന സെക്രട്ടറി റഹീം വേങ്ങേരി, സംസ്ഥാന കമ്മറ്റിയംഗം സാദിഖ് ചെന്നാടന്‍ എന്നിവര്‍ സംബന്ധിച്ചു.
യുവ പ്രവാസികളുടെയും വിദേശത്ത പരിചയം നേടിയ പ്രൊഫഷനലുകളുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാസി സ്റ്റാര്‍ട്ടപ്പ് മിഷന് ആരംഭിക്കുക, പുതുതായി ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കുക, ഗള്‍ഫ് നാടുകളില്‍ നിന്ന് പി.എസ്.സി പരീക്ഷകളില്‍ ഓണ്‍ലൈനായി എഴുതാനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
