ചിക്കാഗോ: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിലുള്ള ഭക്തസംഘടനകളായ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും ഒരു സംയുക്ത റീജിനല്‍ മീറ്റിംഗ് സെപ്റ്റംബര്‍ 26-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഓക്ക് പാര്‍ക്കിലുള്ള സെ. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടന്നു.
രാവിലെ പത്തിന് പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. പ്രാര്‍ത്ഥനയ്ക്ക് നോര്‍ത്ത് ലെയിക്ക് സെ. പീറ്റേഴ്സ് പള്ളി വികാരി വന്ദ്യ കോര്‍ എപ്പിസ്കോപ്പ സ്കറിയ തേലപ്പിള്ളില്‍, ഓക്ക് പാര്‍ക്ക് സെ. ജോര്‍ജ് പള്ളി സഹവികാരി വന്ദ്യ കോര്‍ എപ്പിസ്കോപ്പ മാത്യു കരുത്തലയ്ക്കല്‍, ഓക്ക് പാര്‍ക്ക് പള്ളി വികാരി റവ.ഫാ. ലിജു പോള്‍, സെ. പീറ്റേഴ്സ് പള്ളി സഹവികാരി റവ.ഫാ. അനീഷ് സ്കറിയ എന്നിവര്‍ നേതൃത്വം നല്കി.
റെജി സേവ്യര്‍ ആയിരുന്നു കീനോട്ട് സ്പീക്കര്‍. ‘ആകയാല്‍ ഇപ്പോള്‍ ക്രിസ്തുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല (റോമര്‍ 8:1) എന്നുള്ളതായിരുന്നു ഈ റിട്രീറ്റിന്റെ ചിന്താവിഷയം.
തദവസരത്തില്‍ ശെമ്മാശന്മാരായ കുര്യന് പി. ജോര്‍ജും, ജോര്‍ജ് വര്‍ഗീസും ആനുപാതികമായി വിശുദ്ധനായ സെന്റ് പോള്സിനെപ്പറ്റിയും മഹാപരിശുദ്ധയായ കന്യകാമറിയാമിനെപ്പറ്റിയും പ്രസംഗങ്ങള്‍ നടത്തി. സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ റീജിനല്‍ കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്കറിയ യോഗത്തില്‍ സന്നിഹിതരായിരുന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീമതി ഗിരി റോയി ബൈബിള്‍ റീഡിംഗ് നടത്തി. തദവസരത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഷെവലിയര്‍ ജെയ്മോന് സ്കറിയ, ഡീക്കന്‍ നവീന്‍ ജീവന് എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ സെന്റ് പീറ്റേഴ്സ് പള്ളി അംഗങ്ങളും സെന്റ് ജോര്‍ജ് പള്ളി അംഗങ്ങളും കര്‍ണ്ണാനന്ദകരമായ ഗാനങ്ങള്‍ ആലപിച്ചു. തദവസരത്തില്‍ റെജി സേവ്യറിന് റീജിയണിന്റെ സ്നേഹോപഹാരം നല്കി. ചെറിയാന് തോമസ്, സിന്‍സി വര്‍ഗീസ്, മേഴ്സി ജോര്‍ജ് എന്നിവര്‍ ഫുഡ് കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്നു. സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ റീജിണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പാലമലയില്‍ യോഗത്തില്‍ സന്നിഹിതരായിരുന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വൈകുന്നേരം നാലു മണിക്കുള്ള ലഘുഭക്ഷണത്തോടെ യോഗം സമാപിച്ചു.

