ബാലഗോകുലത്തിനും തപസ്യ കലാസാഹിത്യവേദിക്കും അടിത്തറയിട്ട എം.എ. കൃഷ്ണന് 97 വയസായിരുന്നു; സംസ്കാരം ബുധാഴ്ച വൈകിട്ട് കൊല്ലത്തെ വീട്ടുവളപ്പിൽ
കൊച്ചി: ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി എന്നിവയുടെ സ്ഥാപകനും മുതിർന്ന ആർ.എസ്.എസ് പ്രചാരകനുമായ എം.എ. കൃഷ്ണൻ (എം.എ. സാർ–97) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ബാലസംസ്‌കാര-സാംസ്‌കാരിക രംഗത്ത് നിരവധി സംഘടനകൾക്കും പരിപാടികൾക്കും രൂപം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.
ചൊവ്വഴ്ച വൈകിട്ട് എളമക്കരയിലെ മാധവനിവാസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം കൊല്ലം ഐവർകാല പുത്തനമ്പലം വള്ളിത്തുണ്ടിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകൾ.
ബാലഗോകുലത്തിനും തപസ്യ കലാസാഹിത്യവേദിക്കും പുറമേ അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശൻ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക തുടങ്ങിയ സംരംഭങ്ങൾ വിഭാവനം ചെയ്യുന്നതിലും എം.എ. കൃഷ്ണൻ നിർണായക പങ്കുവഹിച്ചു.
ആർ.എസ്.എസിൽ പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാർ പ്രമുഖ് തുടങ്ങിയ വിവിധ ചുമതലകൾ ദീർഘകാലം വഹിച്ചു. ‘കേസരി’യുടെ പത്രാധിപരായും പ്രവർത്തിച്ചു. 1964ലാണ് അദ്ദേഹം കേസരി പത്രാധിപരായി ചുമതലയേറ്റത്.
കേരളത്തിൽ വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന ജന്മാഷ്ടമി ശോഭായാത്രകൾ, ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞങ്ങൾ, ബാലമഹാസമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളുടെ ആവിഷ്കാരത്തിലും സംഘാടനത്തിലും അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നു.
കന്യാകുമാരി മുതൽ ഗോകർണം വരെ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തിൽ തപസ്യ സംഘടിപ്പിച്ച സാംസ്‌കാരിക തീർത്ഥയാത്രയും എം.എ. കൃഷ്ണന്റെ ആശയങ്ങളിൽ ഒന്നായിരുന്നു. കുട്ടികളിൽ സാംസ്‌കാരികവും സാഹിത്യപരവുമായ അഭിരുചി വളർത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളും പ്രസിദ്ധീകരണ സംരംഭങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
കൊല്ലം ഐവർകാല കരിമ്പിൻപുഴ മറവുത്തോട്ടത്തിൽ ലക്ഷ്മിയമ്മയുടെയും മംഗലത്തു പത്മനാഭന്റെയും മകനായാണ് എം.എ. കൃഷ്ണൻ ജനിച്ചത്. സംഘടനാ പ്രവർത്തനം, പത്രപ്രവർത്തനം, ബാലസാഹിത്യം, സാംസ്‌കാരിക പ്രവർത്തനം തുടങ്ങിയ മേഖലകളിലായി ദീർഘകാലം സജീവമായിരുന്നു.
2008ൽ കൊൽക്കത്തയിലെ ബഡാബസാർ ലൈബ്രറി ഏർപ്പെടുത്തിയ വിവേകാനന്ദ സേവാസമ്മാൻ എം.എ. കൃഷ്ണന് ലഭിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതിലും കുട്ടികളെ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം നൽകുന്നതിലും എം.എ. കൃഷ്ണൻ ദീർഘകാലം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ബാലഗോകുലത്തിന്റെയും തപസ്യയുടെയും രൂപീകരണകാലം മുതൽ സജീവമായിരുന്ന മുതിർന്ന സംഘാടകരിൽ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്.
